ഇന്ത്യൻ യാത്രികർക്കും വിനോദസഞ്ചാരികൾക്കും സന്തോഷവാർത്തയുമായി യുഎഇ ഭരണകൂടം. യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ വിസയുള്ള ഇന്ത്യക്കാർക്കും ഇനി യുഎഇ ഓൺ അറൈവൽ വിസ നൽകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) യുടേതാണ് തീരുമാനം.

പുതിയ തീരുമാനം അനുസരിച്ച് യുകെയിലേയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയും ടൂറിസ്റ്റ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇ ഓൺ അറൈവൽ വിസ നൽകും. മുൻപ് യുഎസിൽ താമസ വിസയോ ടൂറിസ്റ്റ് വിസയോ ഉള്ളവർക്കും യുകെയിലും യൂറോപ്യൻ യൂണിയനിലും റസിഡൻസ് വിസ ഉള്ളവർക്കും മാത്രമേ ഓൺ അറൈവൽ ലഭ്യമായിരുന്നുള്ളൂ. അപേക്ഷകൻറെ വിസക്കും പാസ്പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
യോഗ്യരായ ഇന്ത്യക്കാർക്ക് 14 ദിവസത്തെ വിസ 100 ദിർഹം, 60 ദിവസത്തെ വിസ 250 ദിർഹം എന്നീ നിരക്കുകളിൽ നൽകും. തുല്യകാലത്തേക്ക് ഒറ്റ തവണ പുതുക്കാവുന്ന വിസ നീട്ടണമെങ്കിൽ 250 ദിർഹമാണ് ഫീസ്.
യുഎസ്സിലേക്കും യുകെയിലേക്കും യൂറോപ്പ്യൻ രാജ്യങ്ങളിലേക്കും പോകുന്ന ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത് യുഎഇ വഴിയാണ്. യുഎഇയുടെ എമിറേറ്റ്സ്, എത്തിഹാദ് എയലൈൻസുകൾ വഴി ദുബായിക്ക് പുറമേ അബുദാബി വഴിയും ധാരാളം യാത്രക്കാർ ട്രാൻസിറ്റ് യാത്ര നടത്തുന്നു. പുതിയ വിസ ഓൺ അറൈവൽ തീരുമാനത്തിലൂടെ യുഎസ്സിലേക്കും യൂറോപ്പിലേക്കും യുകെയിലേക്കും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് യുഎഇയിൽ കൂടുതൽ സമയം ചെലവഴിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.