ഇ-വർക്ക് എന്നതിൽ നിന്നാണ് ഇവോക്ക് എന്ന പേരുണ്ടായത്. ബ്രാൻഡിങ്ങിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് എൽദോ ജോയിയെ ഡിജിറ്റൽ ഡിസൈൻ ആനഡ് ഡെവലപ്മെന്റൽ മാർക്കറ്റിങ്ങ് ലോകത്തെത്തിച്ചത്. പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഇവോക്ക് ഡിജിറ്റൽ സ്പേസിലുള്ള ഡിസൈനിങ്, ഡെവലപ്മെന്റ് (വെബ് പോർട്ടൽ, ഇ-കൊമേഴ്സ്, വെബ്സൈറ്റ് ഡെവലപ്മെന്റ്), ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയവയിൽ പുതിയ വഴികൾ തുറക്കുന്നു.
കോർപറേറ്റ് ജോലി വിട്ട് തുടക്കം
ഇവോക്ക് ആരംഭിക്കുന്നതിനു മുൻപ് എൽദോ സോഫ്റ്റ് വെയർ ഡെവലപ്പർ ആയിരുന്നു. സാംസങ്ങിന്റെ സോഫ്റ്റ് വെയർ ഓപ്പറേഷൻസ് ചെയ്യുന്ന സിസോ എന്ന കോർപറേറ്റ് കമ്പനിയിൽ സീനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ എന്ന വലിയ പദവി വിട്ടാണ് എൽദോ ബ്രാൻഡിങ് ലോകത്തേക്ക് ഇറങ്ങിയത്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ, ഡിസിപ്ലിൻഡ് സിസ്റ്റം, ഹൈറാർക്കി സിസ്റ്റം തുടങ്ങിയവയിൽ എൽദോ കോർപറേറ്റുകളെ മാതൃകയാക്കുന്നു.
തുടക്കം കടുപ്പം
ഏതൊരു ബിസിനസ്സിനേയും പോലെത്തന്നെ ഇവോക്കിന്റേയും ആദ്യ മൂന്ന് മാസങ്ങൾ കടുപ്പം നിറഞ്ഞതായിരുന്നു. മാർക്കറ്റിനെക്കുറിച്ച് അത്ര ധാരണയുണ്ടായിരുന്നില്ല. യുഎസ്-യൂറോപ്പ് ആയിരുന്നു ടാർജറ്റ് ചെയ്ത മാർക്കറ്റ്. ആ സ്ഥലങ്ങളിൽ എങ്ങനെയാണ് പ്രൊജക്റ്റുകൾ നടക്കുന്നത് എന്ന് കൃത്യമായി അറിയില്ലായിരുന്നു. അതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എംപ്ലോയി എന്ന നിലയിൽ നിന്നും എൻട്രപണർ എന്നതിലേക്കുള്ളത് വലിയ മാറ്റമാണ്. ഈ മാറ്റത്തെ ഉൾക്കൊള്ളാനും അതിജീവിക്കാനുമുള്ള മാനസിക ഒരുക്കമായിരുന്നു ആദ്യ കടമ്പ.
മെന്റൽ സപ്പോർട്ട് ബിസിനസ്സിൽ പ്രധാനമാണ്. നിങ്ങൾക്കിത് ചെയ്യാനാകും എന്ന് പറയുന്ന ഒരാൾ ഉണ്ടാകണം. അത്തരമൊരു സപ്പോർട്ട് എൽദോയ്ക്ക് ലഭിച്ചത് പിതാവിന്റേയും സഹോദരന്റേയും അടുത്തു നിന്നാണ്. രണ്ടു പേരും എൽദോയിൽ നിന്നും വ്യത്യസ്തമായ ബിസിനസ്സ് ചെയ്യുന്നവരാണെങ്കിലും അവരുടെ മെന്റൽ-ഫിനാൻഷ്യൽ സപ്പോർട്ട് പ്രധാനമായിരുന്നു.
ഫ്രീലാൻസർ.കോം പോലെ പുറത്തു നിന്ന് ഇങ്ങോട്ട് ജോലികൾ ഔട്ടസോഴ്സ് ചെയ്യുന്ന കമ്പനികളെ മാത്രമായിരുന്നു ആദ്യകാലത്ത് പിന്തുടർന്നിരുന്നത്. 50 ഡോളർ മുതൽ 2000 ഡോളർ വരെയൊക്കെയുള്ള വർക്കുകകളായിരുന്നു അതിൽ പലതും. അതിൽ ബിഡ് ചെയ്ത 10 ഡോളർ പ്രൊജക്റ്റുകളിൽ നിന്നായിരുന്നു തുടക്കം. പക്ഷേ അത് പിന്നീട് പതിയെ വിജയത്തിലെത്തി.
ആദ്യ തന്ത്രം
ആദ്യ ഘട്ടത്തിൽ ഒരു പഴയ തന്ത്രം പ്രയോഗിക്കുകയാണ് എൽദോ ചെയ്തത്. ഫ്രീലാൻസർ ഡോട്ട് കോമിൽ സെല്ലർ ആയി റജിസ്റ്റർ ചെയ്തു. എങ്ങനെയാണ് ബിഡ്ഡിങ് നടക്കുന്നത്, സെല്ലറെ സമീപിക്കുന്നത് തുടങ്ങിയവ മനസ്സിലാക്കാൻ ഇത് സഹായിച്ചു. ആദ്യം ചെയ്ത ജോലിയുടെ പ്രതിഫലം വെറും 50 ഡോളർ ആയിരുന്നു. അതിൽനിന്നും പതുക്കെ ബന്ധങ്ങളുണ്ടാക്കി. എന്നാൽ ഇപ്പോൾ ആ തന്ത്രം ഫലിച്ചുകൊള്ളണം എന്നില്ല. ഇതൊരു 13 വർഷം മുമ്പുള്ള കാര്യമാണ്. ഇപ്പോൾ ഗൂഗിളിൽ നിന്നും മറ്റും ലീഡുകൾ എടുത്ത് വർക്ക് ചെയ്യുന്നതാണ് നല്ലത്.
പോർട്ട്ഫോളിയോ
ആദ്യകാലങ്ങളിൽ നേരിട്ട പ്രധാന പ്രശ്നം പോർട്ട്ഫോളിയോ ഇല്ലാത്തതായിരുന്നു. നിങ്ങളുടെ പോർട്ട്ഫോളിയോ, ആരാണ് നിങ്ങളുടെ ക്ലൈന്റ്സ് എന്ന് ബിസിനസ്സുകാരോട് ചോദിക്കുമ്പോൾ കാണിച്ചു കൊടുക്കാൻ ഒന്നുമില്ലാത്തത് വല്ലാത്ത അവസ്ഥയാണ്. അത് മറികടക്കുന്നത് എളുപ്പമായിരുന്നില്ല. യൂറോപ്പിലൊക്കെയുള്ള സുഹൃത്തുക്കൾ വഴി ചില കമ്പനികൾക്ക് ഫ്രീയായി വർക്ക് ചെയ്തു കൊടുത്തും അവർക്ക് വെബ്സൈറ്റും ലോഗോയും ഒക്കെയുണ്ടാക്കിയും കൊടുത്തു. അത് വെച്ചാണ് തുടങ്ങുന്നത്.
ഇവോക്ക് ആർക്ക്
ഇവോക്കിന്റഎ സൊലൂഷൻസ് എല്ലാ കമ്പനികൾക്കും ഉപകാരപ്പെടും. പക്ഷേ എല്ലാ കമ്പനികളും എന്നുള്ളത് മാർക്കറ്റിങ് വിഷൻ ഉള്ള കമ്പനികൾ എന്ന് തിരുത്തിപ്പറയും എൽദോ. സാധാരണ ഗതിയിൽ കമ്പനികൾ മാർക്കറ്റിങ്ങിനായി ഒരു ഫണ്ട് നീക്കി വെക്കും. പക്ഷേ ഡിജിറ്റൽ മാർക്കറ്റിങ്ങിന് ഇപ്പോഴും പലർക്കും അങ്ങനെയൊരു ബജറ്റ് പോലുമില്ല. ഇത്ര കാര്യങ്ങൾ സോഷ്യൽമീഡിയയിലും മറ്റുമായി ചിലവഴിക്കണം എന്ന് പറയുമ്പോൾ അത് മനസ്സിലാക്കാൻ പോലും ആളുകൾ തയ്യാറായിരുന്നില്ല. കൊറോണ ഇതിൽ ചെറിയ മാറ്റമുണ്ടാക്കിയെങ്കിലും ഭൂരിഭാഗം ബിസിനസ് ഉടമകളും ഇപ്പോഴും ഓൺലൈൻ മാർക്കറ്റിങ്ങിൽ അത്ര തൃപ്തരല്ല. ഓൺലൈനിലൂടെ ബിസിനസ് വരും എന്ന വിഷൻ ഉള്ളവർക്കേ ഇവോക്കിന് എന്തെങ്കിലും ചെയ്യാനാവുള്ളൂ.
ഏത് പ്ലാറ്റ്ഫോം
ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ഇന്നുള്ള രണ്ട് പ്രധാന പ്ലാറ്റ്ഫോമുകൾ മെറ്റയും ഗൂഗിളുമാണ്. അതിൽ ഏത് എങ്ങനെ തിരഞ്ഞെടുക്കാം എന്നത് ഓരോ ബിസിനസിനേയും ആശ്രയിച്ചിരിക്കും. തുടക്കത്തിൽ ചെറിയ ബജറ്റിലുള്ള SEO Ads ആണ് പരിഗണിക്കേണ്ടത്. വാട്സാപ്പ് ആഡ് പോലുള്ളവയും പരീക്ഷിക്കാം. കുറച്ചുകൂടി ഉള്ളിലോട്ടു പോകുമ്പോൾ ഡിജിറ്റൽ മാർക്കറ്റിങ് പ്ലാൻ ആവശ്യം വരും. പിന്നെ റീമാർക്കറ്റിങ് കൂടി ചെയ്താലേ ഡിജിറ്റൽ മാർക്കറ്റിങ്ങ് പൂർണമാകൂ.
ബിസിനസ് പ്ലാനിനൊപ്പം തന്നെ ഡിജി പ്ലാനും
ബിസിനസ് പ്ലാൻ ചെയ്യുമ്പോൾ തന്നെ മാർക്കറ്റിങ്ങ് പ്ലാനും തുടങ്ങണം എന്ന് എൽദോ. മാർക്കറ്റിങ്ങിന്റെ പകുതിയെങ്കിലും ഡിജിറ്റൽ മാർക്കറ്റിങ്ങിന് ചെലവഴിക്കാൻ മാറ്റി വെക്കണം. കൺവെഷനൽ മാർക്കറ്റിങ്ങ് ഔട്ടായി എന്ന് എൽോ വിശ്വസിക്കുന്നില്ല. മാസ് മീഡിയക്ക് മാത്രം ചെയ്യാനാവുന്ന പല കാര്യങ്ങളും ഇപ്പോഴുമുണ്ട്.
ബ്രാൻഡിങ് എന്തിന്?
നിങ്ങൾ ബ്രാൻഡിങ് തുടങ്ങുമ്പോൾ പത്ത് ലക്ഷമാണ് ബജറ്റ് എന്ന് വിചാരിക്കുക. ഒരിക്കലും പ്രമുഖ പത്രങ്ങളിൽ ആ കാശ് വെച്ച് ഒരു ആദ്യ പേജ് പരസ്യം ചെയ്യാനാവില്ല. അപ്പോൾ ഏറ്റവും ബെസ്റ്റ് ലോ കോസ്റ്റ് മാർക്കറ്റിങ് രീതി ഡിജിറ്റൽ മാർക്കറ്റിങ്ങ് ആണ്. എന്നാൽ എല്ലാ ബിസിനസും ഡിജിറ്റൽ മാർക്കറ്റിങ്ങിന് ഒരേ റിട്ടേൺ തന്നുകൊള്ളണം എന്നില്ല. ഉദാഹരണത്തിന് ബ്രാൻഡിങ് ബിസിനസ് തന്നെ എടുക്കാം. ബ്രാൻഡിങ് ബിസിനസ് ബിസിനസ് ഉടമകളെയാണ് ടാർജറ്റ് ചെയ്യുന്നത്. അവരിൽ മിക്ക പേരും സമൂഹമാധ്യമങ്ങളിൽ ഉണ്ടാവില്ല. അപ്പോൾ ബിസിനസിന് അനുസരിച്ച് വേണം ബ്രാൻഡിങ് തെരഞ്ഞെടുക്കാൻ.
എന്തുകൊണ്ട് ഡിജിറ്റൽ
നമ്മൾ മൊബൈൽ ഫസ്റ്റ് ലോകത്തിലാണ് ജീവിക്കുന്നത്. ആളുകൾ സമയം കൂടുതൽ ചെലവഴിക്കുന്നത് അതിലാണ്. അപ്പോൾ കൺവെൻഷനൽ രീതിയിലുള്ള പരസ്യങ്ങൾ മാത്രം വെച്ച് ബിസിനസിന് പേരെടുക്കാൻ കഴിയില്ല. രണ്ടാമത്തെ കാര്യം ഡിജിറ്റൽ ബജറ്റ് ഫ്രണ്ട്ലിയാണ്. മൂന്നാമതായി കൃത്യമായി ടാർജറ്റ് ഉണ്ടാവും എന്നതാണ്. പത്രങ്ങളിലെ പരസ്യങ്ങൾക്ക് ഒരു ദിവസത്തെ ആയുസ്സേയുള്ളൂ. അതേ കാശ് ചിലവാക്കിയാൽ ഒരു വർഷം വരെ സുഖമായി ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യാം.
സാധാരണയുണ്ടാകുന്ന ഒരു വാദമാണ് നിലവിൽ ബിസിനസ്സിന് എത്രയോ ക്ലൈൻ്റ്സ് ഉണ്ട്. അവരൊരിക്കലും പോകില്ല, പിന്നെന്തിന് ഡിജി മാർക്കറ്റിങ്ങ് ചെയ്യണം എന്നത്. എന്നാൽ ഇത് അബദ്ധ ധാരണയാണ്. ആപ്പിളിന്റെ കാര്യം എടുക്കാം. 2024ൽ 85 ബില്ല്യൺ ഡോളർ വരുമാനമുള്ള ആപ്പിൾ പോലും പുതിയ പ്രൊഡക്റ്റ് ഇറങ്ങുമ്പോൾ സോഷ്യൽ മീഡിയ ക്യാംപെയ്നുകൾ നടത്തുന്നു. കാരണം ഇനി വരുന്ന തലമുറയിലേക്ക് അവർ എത്തണമെങ്കിൽ അവർക്കത് ചെയ്തേ തീരൂ. ആളുകളിൽ ബ്രാൻഡ് എത്താൻ ഇത് അനിവാര്യമാണ്. വരും തലമുറകളിലേക്ക് കൂടി അത് എത്തിക്കുകയാണ് ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യുന്നത്.
ഡിജി മാർക്കറ്റിങ് മികച്ച രീതിയിൽ ചെയ്ത് വിജയിച്ച കമ്പനിയാണ് ബോട്ട്. അവരുടെ ബിസിനസ് ഡിജിറ്റലിൽ നിന്ന് മാത്രമാണ്. അത് ജെൻ സീ കാറ്റഗറിയെ ആശ്രയിച്ചാണ്. അപ്പോൾ അവർ മാർക്കറ്റ് ചെയ്യുന്ന രീതിയും അവരെ ആശ്രയിച്ചായിരിക്കും.
രീതി
കൺസൽട്ടേഷനിൽ തുടങ്ങുന്ന രീതിയാണ് ഇവോക്കിന്റേത്. ടാർജറ്റ് ഓഡിയൻസിനെ അടിസ്ഥാനമാക്കി സ്ട്രാറ്റജി ഉണ്ടാക്കും. തുടർന്ന് സംരംഭകർക്ക് അതിനെക്കുറിച്ച് വിശദവിവരം നൽകും. ഇത്ര ബജറ്റ്, ഇന്ന പ്ലാറ്റ്ഫോം, പ്രൊജക്ഷൻസ് തുടങ്ങിയവ പറയും. സ്ട്രാറ്റജി ഓക്കെ ആണെങ്കിൽ എക്സിക്കൂഷനിലേക്ക് കടക്കും. പ്രോപ്പർ റിപ്പോർട്ട്സ് കൊടുക്കും. പിന്നെ സ്കെയിലിങ് സ്റ്റാർട്ട് ചെയ്യും. ഒരു ക്ലൈൻ്റിന്റെ അടുത്തും ആദ്യം തന്നെ കുറേ പണം ചിലവഴിപ്പിക്കില്ല. കാരണം എല്ലാ ബിസിനസിനും ഡിജിറ്റലി ഒരുപോലെയുള്ള റിട്ടേൺ ആയിരിക്കില്ല. ചില ബിസിനസ്സുകൾക്ക് ആർഓഇ ആവശ്യം വരില്ല, അവർക്ക് ബ്രാൻഡിങ്ങ് മാത്രം മതിയാകും. ചെറിയ ബജറ്റിൽ തുടങ്ങി ആവശ്യാനുസരണം സ്കെയിൽ ചെയ്യുന്ന രീതിയാണ് ഞങ്ങൾ പിനതുരുന്നത്.
ഇതോടൊപ്പം രണ്ട് മാസത്തെ ഡിജിറ്റൽ മാർക്കറ്റിങ്ങ് ബേസിക് കോഴ്സും ഇവോക്ക് ചെയ്യുന്നുണ്ട്. സംരംഭകർക്കും അല്ലാത്തവർക്കും ഇത് പഠിക്കാം. സംരംഭകരെ കുറച്ച് അഡ്വാൻസ്ഡ് ലെവലിൽ പഠിപ്പിക്കും.
സമയമെടുക്കും
ഒരു പ്രാവശ്യമെങ്കിലും ആഡ് കണ്ടിട്ടുള്ള ആളെ തുടർച്ചയായി അതേ പരസ്യങ്ങൾ പല പ്ലാറ്റ്ഫോമുകളിലൂടെ കാണിക്കുക എന്നത് പ്രധാനമാണ്. അങ്ങനെ ആളുകളുടെയുള്ളിൽ ബ്രാൻഡ് പതിഞ്ഞു കിടക്കും. കൺവേഷനും ലീഡും എത്തുന്ന വരേയും ചെയ്യുന്ന പ്രോസസ് ആണ് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പ്രധാനം. ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും ഇത് ചെയ്തേ മതിയാകൂ. ഒരു മാസം കൊണ്ടൊന്നും ഒരിക്കലും റിട്ടേൺ കാൽക്കുലേറ്റ് ചെയ്യാൻ പറ്റില്ല.
ഗൂഗിളിനും മെറ്റയ്ക്കുമെല്ലാം ഏഐ ബെയ്സ്ഡ് അൽഗൊരിതങ്ങളുണ്ട്. ആഡ് പാറ്റേൺ ആണ് അവ നോക്കുക. ഉദാഹരണത്തിന് ഒരു ബോട്ടിക്കിന്റെ ആഡ്. ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ ടാർജറ്റ് ചെയ്താകും ആഡ്സ് തുടങ്ങിയിട്ടുണ്ടാകുക. അത് സ്റ്റാർട്ട് ചെയ്ത് കഴിയുമ്പോൾ നിങ്ങളുടെ പ്രൊഡക്റ്റ് എന്താണ്, ഓഡിയൻസ് എന്താണ്, ഇതേ ടൈപ്പ് പ്രൊഡക്റ്റ് ചെയ്യുന്ന വേറെ ക്ലൈൻ്റ്സിന്റെ ആഡും എല്ലാം താരതമ്യം ചെയ്താണ് ഏഐ ഇത് പഠിക്കുക. ഒപ്റ്റിമൈസേഷൻ ഒക്കെ ഈ സമയത്താണ് നടക്കുക. ചിലപ്പോൾ ഒരു ആഡ് റൺ ചെയ്ത് തുടങ്ങി ഒരാഴ്ച കഴിഞ്ഞാകും ഒപ്റ്റിമൈസേഷൻ തുടങ്ങുക. ഒപ്റ്റിമൈസ് ചെയ്തു തുടങ്ങുമ്പോഴേക്കും ആഡ് നിർത്തിയാൽ ഫലം ചെയ്യില്ല. അത്കൊണ്ടാണ് മൂന്ന് മാസമെങ്കിലും ചെയ്യണം എന്ന് പറയുന്നത്. ഇങ്ങനെ ആവറേജ് വിഷനും ബജറ്റും ഉള്ളവർ മാത്രമേ ഡിജി മാർക്കറ്റിങ്ങിനെ പരിഗണിച്ചിട്ട് കാര്യമുള്ളൂ.
ഇൻഫ്ലുവൻസേർസ്
ഇൻഫ്ലുവൻസേർസിന്റെ സ്വാധീനം പ്രൊഡക്റ്റും ഇൻഡസ്ട്രിയും ആശ്രയിച്ചിരിക്കും. എല്ലാ ഇൻഫ്ലുവൻസേർസും എല്ലാ ബിസിനസിനും മാച്ചാകണം എന്നില്ല. ധാരാളം കാശ് ഇൻഫ്ലുവൻസേർസിനായി മുടക്കി പരാജയപ്പെട്ട ബിസിനസുകൾ പോലുമുണ്ട്. അത് കൊണ്ട് ഇൻഫ്ലുവൻസേർസ് ഒരിക്കലും ഉറപ്പായും റിട്ടേൺ തരണം എന്നില്ല. അവർ ഒരു മാസ് ഓർഡിയൻസിനെ ആകർഷിക്കും എന്നല്ലാതെ കൺവേഷൻസ് നടക്കണം എന്ന് ഉറപ്പില്ല. പിന്നെ ഇൻഫ്ലുഫവൻസേർസ് കാശ് വാങ്ങിയാണ് പ്രൊമോഷൻ ചെയ്യുന്നത് എന്നത് പലർക്കും ഇന്ന് അറിയാം. അത് കൊണ്ട് ദീർഘകാലത്തേക്ക് ഗുണം ചെയ്യില്ല.
ബിസിനസ്സിന്റെ സ്പന്ദനം
ഒരു നല്ല ബിസിനസ്സുകാരൻ നല്ല മാത്തമറ്റീഷൻ ആയിരിക്കും. അവർ എപ്പോഴും കാൽക്കുലേഷൻ ചെയ്തുകൊണ്ടിരിക്കും. ഒരു കസ്റ്റമറെ കൊണ്ടു വരാൻ മാർക്കറ്റിൽ എത്ര ചിലവഴിക്കണം എന്ന് മനസ്സിലാക്കിയാലേ മാർക്കറ്റിങ് ബജറ്റ് മനസ്സിലാക്കാൻ പറ്റൂ. അങ്ങനേ നോക്കുമ്പോൾ ബിസിനസിന്റെ സ്പന്ദനമാണ് മാത്തമാറ്റികസ് എന്ന് എൽദോ പറയുന്നു.
Discover Eldho Joy’s inspiring journey from a software developer to a digital marketing entrepreneur with Ewoke. Learn how he overcame initial challenges, adopted unique strategies, and built a successful business in digital design, development, and marketing.