ഗാർമെന്റ് ഫാക്ടറിയിലെ ജോലിക്കാരൻ എന്ന നിലയിൽ നിന്നും സിനിമയിലേക്കുള്ള തന്റെ മാറ്റത്തെക്കുറിച്ച് വാചാലനായി തമിഴ് സൂപ്പർതാരം സൂര്യ. സൂര്യയുടെ പിതാവ് പളനി സ്വാമി തമിഴ് ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. എന്നാൽ അക്കാലത്ത് പോലും സിനിമ തന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നില്ലെന്ന് സൂര്യ പറയുന്നു.
സിനിമയിലെത്തുന്നതിനു മുൻപ് 750 രൂപ മാസ ശമ്പളത്തിലാണ് സൂര്യ ഗാർമെന്റ് ഫാക്ടറിയിൽ ജോലിക്ക് കയറിയത്. മൂന്ന് വർഷത്തോളം അവിടെ ജോലി ചെയ്ത താൻ ആകസ്മികമായാണ് സിനിമയിലെത്തിയതെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വീട്ടിൽ ചില ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. നടനായിരുന്നെങ്കിലും അച്ഛന് വരുമാനം കുറവായിരുന്നു. ആയിടയ്ക്ക് അച്ഛനറിയാതെ അമ്മ 25000 രൂപ ലോണെടുത്തു. ആ കടം വീട്ടാൻ വേണ്ടിയാണ് സൂര്യ സിനിമയിലെത്തുന്നത്.
സിനിമയ്ക്ക് മുൻപുള്ള കാലത്ത് സ്വന്തമായി ഒരു ഗാർമെൻ്റ് ഫാക്ടറി ആരംഭിക്കുകയായിരുന്നു സൂര്യയുടെ ലക്ഷ്യം. അച്ഛൻ അതിനായി കുറച്ച് പണം മുടക്കാമെന്നും ഏറ്റിരുന്നതാണ്. പക്ഷേ ആദ്യത്തെ അഭിനയയ അവസരം ഇതെല്ലാം മാറ്റിമറിച്ചു. അച്ഛന്റെ അഭിനയവഴിയിലേക്ക് തിരിയണമെന്ന് അന്നൊന്നും ആഗ്രച്ചിട്ടേ ഇല്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
സംവിധായകൻ മണിരത്നം നിർമാതാവിന്റെ റോളിലെത്തിയ സിനിമയിലൂടെയാണ് സൂര്യയുടെ തലവര മാറിയത്. വസന്ത് രചന സംവിധാനം ചെയ്ത് 1997 ല്‍ പുറത്തിറങ്ങിയ ‘നേര്‍ക്ക് നേര്’ എന്ന ചിത്രത്തിലേക്ക് സൂര്യയെ എത്തിച്ചത് മണിരത്നം തന്നെയാണ്. വിജയ് ആയിരുന്നു ചിത്രത്തിലെ നായകൻ.
അടുത്ത മാസം 14ന് റിലീസ് ചെയ്യാനിരിക്കുന്ന കങ്കുവ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് സൂര്യ തന്റെ അനുഭവം പങ്കുവെച്ചത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിഷ പട്ടാനി, ബോബി ഡിയോള്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
അഭിനയത്തിനൊപ്പം നിർമാണരംഗത്തും സജീവമായ സൂര്യ 2013ൽ 2ഡി പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമാണ കമ്പനി ആരംഭിച്ചു. ഇതോടൊപ്പം ഹീറോ ടോക്കീസ് എന്ന സ്റ്റാർട്ടപ്പ് ഫിലിം പ്ലാറ്റ്ഫോമിലും സൂര്യക്ക് പങ്കാളിത്തമുണ്ട്. 2024ലെ കണക്കനുസരിച്ച് 350 കോടി രൂപയാണ് സൂര്യയുടെ ആസ്തി.
Suriya discusses his journey from a garment factory intern to a celebrated actor in the lead-up to his film Kanguva‘s release on November 14, sharing insights on family struggles and his motivations.