അനുവാദമോ സമ്മതമോ ഇല്ലാത്ത ഓഡിയോ, വിഡിയോ റെക്കോര്‍ഡിങ്ങുകള്‍ തടഞ്ഞ് പങ്കാളിയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ ചോരാതിരിക്കാന്‍ ‘ഡിജിറ്റല്‍ കോണ്ടം’ ആപ്പ് വികസിപ്പിച്ച് ജര്‍മന്‍ കമ്പനി. രണ്ടു വ്യക്തികൾ തമ്മിലുള്ള സ്വകാര്യനിമിഷങ്ങളിൽ അനധികൃത റെക്കോർഡിങ്ങുകൾ തടയുകയാണ് ഡിജിറ്റൽ കോണ്ടത്തിന്റെ ലക്ഷ്യം. ലൈംഗികാരോഗ്യ ബ്രാൻഡായ ബില്ലി ബോയ് ഇന്നോഷ്യൻ ബെർലിനുമായി ചേർന്നാണ് കാംഡോം എന്ന ആപ്പ് പുറത്തിറക്കിയത്.
ആരെങ്കിലും സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ ഉപയോക്താക്കൾക്ക് അലര്‍ട്ട് നൽകാൻ ആപ്പിനാകും. ഫോണിൽ നമ്മുടെ സമ്മതമില്ലാതെ പകർത്തുന്ന ഫോട്ടോയും വീഡിയോയും റെക്കോർഡിങ്ങും തടയുകയാണ് ആപ്പ് ചെയ്യുക. ഇതിനായി ഫോൺ ക്യാമറയും മൈക്രോഫോണും ബ്ലൂടൂത്ത് ഉപയോഗിച്ച് ആപ്പ് ബ്ലോക്കാകും. പങ്കാളിയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്ന ആപ്പ് സ്വകാര്യദൃശ്യങ്ങള്‍ പങ്കാളി പ്രചരിപ്പിക്കുമോ എന്ന ഭയവും ഒഴിവാക്കും. ആപ്പ് ഉപയോഗിക്കുന്നതിലൂടെ ആർക്കും അനുവാദമില്ലാതെ ഫോട്ടോകളോ വീഡിയോകളോ എടുക്കാൻ കഴിയില്ല.
കാംഡോം ആപ്പിന്റെ പ്രവര്‍ത്തനരീതിയും കമ്പനി വെബ്സൈറ്റിലുണ്ട്. സ്വകാര്യ നിമിഷങ്ങള്‍ക്കു മുന്‍പ് പങ്കാളികള്‍ സ്മാര്‍ട്ട്ഫോണുകള്‍ അടുത്തടുത്ത് വയ്ക്കണം. റെക്കോര്‍ഡിങ് ബ്ലോക്ക് ചെയ്യാൻ ആപ്പിലെ വെര്‍ച്വല്‍ ബട്ടണ്‍ സ്വൈപ്പ് ചെയ്യണം. റെക്കോര്‍ഡിങ് ശ്രമം ഉണ്ടായാല്‍ ഉടനടി അലാറം മുഴങ്ങും. ആപ്പ് പ്രവർത്തനരഹിതമാക്കാൻ ശ്രമിച്ചാലും അലാറമടിയും. ഒരേ സമയം ഒന്നിലധികം ഉപകരണങ്ങളെ തടയാനും കാംഡോമിനാകും. പരിധിക്കുള്ളിലെ എല്ലാ ഉപകരണങ്ങളുടേയും ക്യാമറകളും മൈക്രോഫോണുകളും കാംഡോം ബ്ലോക്ക് ചെയ്യും.
ധാരാളം സെന്‍സിറ്റീവ് ഡാറ്റ സംഭരിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണുകളുടെ കാലത്ത് കാംഡോമിന് ഏറെ പ്രസക്തിയുണ്ട്. ബ്ലൂടൂത്ത് ഉപയോഗിച്ച് കാമറയും മൈക്കും ബ്ലോക്ക് ചെയ്ത് സമ്മതമില്ലാത്ത ഉള്ളടക്ക റെക്കോര്‍ഡിങ്ങില്‍ നിന്ന് ആളുകളെ പരിരക്ഷിക്കുന്ന ആദ്യത്തെ ആപ്പ് ആണ് കാംഡോം. 30ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ആപ്പ് ഉടൻതന്നെ iOS പ്ലാറ്റ്ഫോമിലേക്കും വ്യാപിപ്പിക്കും.
Billy Boy’s CAMDOM app offers a digital privacy solution to prevent non-consensual recordings by blocking smartphone cameras and microphones. Available in 30 countries, it uses Bluetooth technology to secure intimate moments, ensuring user consent and privacy with enhanced security features.