ദീപാവലി അടുത്തു വരുമ്പോൾ മധുരവും ചോക്ലേറ്റുകളും ജനപ്രിയമാകും. ആഘോഷങ്ങളിൽ ഏറ്റവുമധികം സമ്മാനമായി നൽകപ്പെടുന്ന ഒന്നാണ് കാഡ്ബറി ചോക്ലേറ്റുകൾ. എന്നാൽ കാഡ്‌ബറി ചോക്ലേറ്റുകളിൽ ബീഫിൻെറ അംശം അടങ്ങിയിട്ടുണ്ട് എന്ന സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതിലെ നിജസ്ഥിതി അറിയാം.
ഒരു ഗ്രാഫിക് പോസ്റ്റർ ആണ് കാഡ്‌ബറി ഡയറി ഉത്പന്നങ്ങളിൽ ബീഫ് അടങ്ങിയിട്ടുള്ളതിനാൽ അത് ഹിന്ദുക്കൾ കഴിക്കരുതെന്ന തരത്തിൽ പ്രചരിക്കുന്നത്. ഉൽപ്പന്നങ്ങളെല്ലാം ഹലാൽ സർട്ടിഫൈഡ് ആണെന്നും അവയിൽ ബീഫ് അടങ്ങിയിട്ടുണ്ടെന്നും കമ്പനി തന്നെ പറയുന്നതായാണ് പോസ്റ്റിലെ വാദം.
വൈറൽ പോസ്റ്ററിലെ +03 9676 2530 എന്ന നമ്പറിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അത് കാഡ്ബറി ഓസ്ട്രേലിയയുടെ നമ്പർ ആണെന്ന് വ്യക്തമായി. ഓസ്ട്രേലിയയിൽ ഇറക്കുന്ന കാഡ്ബറീസിന്റെ വിവരങ്ങളാണ് പോസ്റ്ററിൽ ഉള്ളത്.
എന്നാൽ ഇന്ത്യയിൽ ഇറങ്ങുന്ന കാഡ്ബറീസ് ഇതിന് വിഭിന്നമാണെന്ന് കമ്പനി അറിയിച്ചു. പൂർണമായും സസ്യ ഘടകങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യയിൽ കാഡ്ബറീസ് നിർമിക്കുന്നത്. പാക്കറ്റുകൾക്ക് പുറത്തെ വലിയ പച്ച കുത്ത് ഇത് സൂചിപ്പിക്കുന്നതാണ്. കമ്പനിയുടെ പ്രതിച്ഛായ തകർക്കുന്ന ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്ന് കാഡ്ബറീസ് പ്രതിനിധികൾ ആവശ്യപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമിലും സംഭവത്തിന് വിശദീകരണവുമായി കമ്പനി എത്തി. പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് ഇന്ത്യയിൽ വിൽപന നടത്തുന്ന കാഡ്ബറീസിനെ സംബന്ധിച്ചുള്ളവ അല്ലെന്ന് കമ്പനി എക്സിൽ വ്യക്തമാക്കി.
വസ്തുതകൾ പരിശോധിച്ചതിൽ നിന്നും വൈറൽ ഗ്രാഫിക് പോസ്റ്ററിലെ വാദങ്ങൾ തെറ്റാണെന്ന് തെളിയുന്നു. കാഡ്ബറീസ് ഇന്ത്യയിൽ വിൽക്കുന്ന ചോക്ലേറ്റുകളിൽ ബീഫിന്റെ അംശം ഉണ്ടെന്ന വാദം വ്യാജമാണ്.