1967-ൽ ആണ് ദമയന്തി ഹിംഗോറാണി ഗുപ്ത എന്ന ഇന്ത്യൻ വനിതാ എഞ്ചിനീയർ അമേരിക്കയിലെ ഡിട്രോയിറ്റിൽ ഫോർഡ് മോട്ടോഴ്സിൽ ജോലി തേടി പോകുന്നത്. അവരുടെ ജീവിതത്തിന്റെ പുതിയ വഴിത്തിരിവായിരുന്നു ആ യാത്ര. അക്കാലത്ത്, വനിതാ എഞ്ചിനീയർമാരെ നിയമിക്കുന്നതിനെതിരെ ഫോർഡിന് കർശനമായ നയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതുവരെ ഒരു സ്ത്രീയും കമ്പനിയിൽ അത്തരമൊരു സ്ഥാനം വഹിച്ചിട്ടില്ല.
ദമയന്തി ഫോർഡിൽ ജോലിക്ക് അഭിമുഖത്തിനെത്തിയപ്പോൾ എൻജിനീയറുടെ റോളിന് അപേക്ഷിച്ച സ്ത്രീയെ കണ്ട് എച്ച്ആർ വകുപ്പ് ഞെട്ടി. കമ്പനി വനിതാ എഞ്ചിനീയർമാരെ ഇതുവരെ നിയമിച്ചിട്ടില്ലെന്ന് പറഞ്ഞ് റിക്രൂട്ട് ചെയ്യാനിരുന്ന ആൾ അവരെ തിരികെ പറഞ്ഞ് അയച്ചു. ഇതിലൊന്നും തളരുന്ന ആളായിരുന്നില്ല ദമയന്തി. അതുകൊണ്ട് തന്നെ പോകാനൊരുങ്ങുമ്പോൾ അവർ തിരിഞ്ഞ് ഒരു ചോദ്യം ചോദിക്കാനും മറന്നില്ല.
“ഒരാൾക്ക് പോലും അവസരം നൽകിയില്ലെങ്കിൽ നിങ്ങളുടെ കമ്പനിയിൽ ഒരു വനിതാ എഞ്ചിനീയർ എങ്ങനെ ഉണ്ടാകും?” എന്നായിരുന്നു ദമയന്തി ചോദിച്ചത്. കമ്പനിയുടെ അതുവരെ ഉണ്ടായിരുന്ന നയത്തിനെതിരെ ദീർഘകാലമായി പോരാടിക്കൊണ്ടിരുന്ന റിക്രൂട്ടർക്ക് അവരുടെ ആ ധൈര്യം വല്ലാതെ ആകർഷകമായി തോന്നി. ദമയന്തിയെ അവിടെ ജോലിക്ക് എടുത്തു.
13 വയസ്സുള്ളപ്പോൾ ആരംഭിച്ചതാണ് എഞ്ചിനീയറാകാനുള്ള ദമയന്തിയുടെ യാത്ര. രാഷ്ട്രം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിന് പുരുഷന്മാരും സ്ത്രീകളും നിറഞ്ഞ എഞ്ചിനീയർമാരുടെ ആവശ്യകത ഊന്നിപ്പറഞ്ഞ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൽ നിന്ന് ആയിരുന്നു ദമയന്തി അതിനുള്ള പ്രചോദനം ഉൾക്കൊണ്ടത്. എഞ്ചിനീയറിങ്ങ് പാത പിന്തുടരാൻ തീരുമാനിച്ച ദമയന്തി നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പഠിച്ച കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്ന ആദ്യത്തെ പെൺകുട്ടിയായിരുന്നു ദമയന്തി. ഹെൻറി ഫോർഡിൻ്റെ ജീവചരിത്രം വായിച്ച് അവളുടെ ദൃഢനിശ്ചയം വന്ന ദമയന്തിയുടെ സ്വപ്നം ആയിരുന്നു ഫോർഡ് മോട്ടോഴ്സിൽ ജോലി ചെയ്യുക എന്നത്. എല്ലാ ഇന്ത്യക്കാരെയും അഭിമാനത്തോടെ പ്രചോദിപ്പിക്കുന്നതാണ് ധൈര്യവും നിശ്ചയദാർഢ്യവും കൊണ്ട് വിജയം കൈവരിച്ച ദമയന്തിയുടെ കഥ.
Discover the inspiring journey of Damayanti Hingorani Gupta, the first Indian female engineer to break barriers at Ford Motors in 1967. Her determination paved the way for women in engineering.