കേരളത്തിലെ കാർഷിക മേഖലയ്ക്ക് 200 മില്യൺ ഡോളറിന്റെ പദ്ധതിയുമായി ലോക ബാങ്ക്. പാരിസ്ഥിതിക വ്യതിയാനത്തിൽ നിന്നും കർഷകരെ സംരക്ഷിക്കുകയും കാർഷിക സംരംഭകരെ സഹായിക്കുകയുമാണ് കേരള ക്ലൈമറ്റ് റെസിലിയൻ്റ് അഗ്രി വാല്യൂ ചെയിൻ മോഡേർണൈസേഷൻ (KERA) എന്ന പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. സ്ത്രീ കാർഷിക സംരംഭകർക്ക് ഊന്നൽ നൽകുന്ന പദ്ധതിയിൽ ഒൻപത് മില്ല്യൺ ഡോളർ സ്ത്രീ സംരംഭകർക്ക് ലഭിക്കും. നാല് ലക്ഷത്തോളം കർഷകർക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്ന് ലോകബാങ്ക് അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് കാർഷിക രംഗത്തെ നവീകരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കാലാവസ്ഥയ്ക്കനുസരിച്ച് കാപ്പി, ഏലം, റബർ പോലുള്ള വിളകൾ സംരക്ഷിക്കും. ഇതോടൊപ്പം ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഫുഡ് പാർക്കുകൾ നിർമിക്കാനും പദ്ധതിയുണ്ട്. ഫുഡ് പാർക്കുകളിലെ വെള്ളം, ഊർജം, മാലിന്യ സംസ്കരണം തുടങ്ങിയവയ്ക്ക് ലോകബാങ്ക് സഹായം അനുവദിക്കും. കാർഷിക ബിസിനസ്സുകൾക്ക് ഭക്ഷ്യ സംസ്കരണത്തിനും സഹായം ഉറപ്പാക്കും.
ഇന്ത്യയുടെ മൊത്തം കാർഷിക-ഭക്ഷ്യ കയറ്റുമതിയുടെ 20 ശതമാനം കേരളത്തിൽ നിന്നാണ്. എന്നാൽ കാലാവസ്ഥാ മാറ്റങ്ങളും പ്രകൃതി ദുരന്തങ്ങളും ഈ നേട്ടത്തിന് പലപ്പോഴും വിലങ്ങുതടിയാകുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ലോക ബാങ്ക് സഹായം.
പദ്ധതി സഹായം ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി +91-11-41479220 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
The World Bank launches a $200 million Kerala Climate Resilient Agri Value Chain Modernization (KERA) project to support 4 lakh farmers and promote climate-resilient agriculture. Special funding of $9 million is dedicated to women entrepreneurs.