സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് പുത്തൻ പ്രതീക്ഷയേകി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ കേരള സന്ദർശനം. കേരളത്തിലെ റെയിൽപ്പാത ഇരട്ടിപ്പിക്കലിന് പ്രഥമ സ്ഥാനം നൽകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 35 റെയിൽവേ സ്റ്റേഷനുകൾ പുതുക്കിപ്പണിയുന്നതിനൊപ്പം കേരളത്തിനായി പുതിയ മെമു ട്രെയിനുകളും അനുവദിക്കും. കെ-റെയിലിന്റെ സാധ്യതകളെക്കുറിച്ചും മന്ത്രി ശുഭസൂചന നൽകി.
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മംഗളൂരു മുതൽ ഷൊർണൂർ വരെ മൂന്ന്, നാല് പാതകൾ നിർമിക്കും. ഷൊർണൂർ-എറണാകുളം-കോട്ടയം-തിരുവനന്തപുരം-കന്യാകുമാരി റൂട്ടിൽ മൂന്നാമത്തെ പാത നിർമിക്കുന്നതിനും പ്രഥമ പരിഗണന നൽകും. ഇതിനായി സംസ്ഥാന സർക്കാരുമായി ചേർന്ന് സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. 460 ഏക്കർ ഭൂമിയാണ് പാതയിരട്ടിപ്പിക്കലിന് ആവശ്യമായിട്ടുള്ളത്. ഇതിൽ 63 ഏക്കർ സ്ഥലം റെയിൽവേ ഏറ്റെടുത്തു കഴിഞ്ഞു. കേരളത്തിനായി കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കുന്നതിനുള്ള ശ്രമങ്ങളും ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.
എയർപോർട്ട് മാതൃകയിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പുതുക്കിപ്പണിയാനായി 393 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ കേരളത്തിലെ 34 റെയിൽവേ സ്റ്റേഷനുകൾ കൂടി പുതുക്കിപ്പണിയും. റെയിൽവേ വികസന പദ്ധതികൾ വിലയിരുത്താനായി മന്ത്രി ആലുവ മുതൽ കോഴിക്കോട് വകെ ട്രെയിനിൽ സഞ്ചരിച്ചു. പാരിസ്ഥിതിക-സാമൂഹിക-സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് സംസ്ഥാന സർക്കാർ പുതിയ റിപ്പോർട്ട് സമർപ്പിച്ചാൽ കെ-റെയിലുമായി മുന്നോട്ട് പോകാമെന്ന് മന്ത്രി പറഞ്ഞു. ശബരി റെയിൽ യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുൻ സർക്കാറുകൾ റെയിൽവേ ബജറ്റിൽ കേരളത്തിനായി 300 കോടിയോളം നീക്കിവെച്ചിരുന്ന സ്ഥാനത്ത് നിലവിലെ സർക്കാർ കേരളത്തിന് പ്രതിവർഷം 3000 കോടി നൽകുന്നുണ്ടെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.