പഴകുംതോറും വീര്യമേറുന്ന മുന്തിരിച്ചാറ് പോലെയാണ് സഞ്ജു സാംസന്റെ ക്രിക്കറ്റ് കരിയർ. അവഗണനയുടെ നീണ്ട കാലം എന്ന മുറവിളികൾക്കും കിട്ടിയ അവസരം തുലച്ചവൻ എന്ന പഴിചാരലുകൾക്കും ശേഷം വീര്യമുള്ള ബാറ്റിങ് കൊണ്ട് കളം നിറയുകയാണ് സഞ്ജു. പത്താം വർഷത്തിലേക്ക് അടുക്കുന്ന അന്താരാഷ്ട്ര കരിയറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവരുടെ മണ്ണിൽ സഞ്ജു നേടിയ ടി20 സെഞ്ച്വറി നിരവധി കാത്തിരിപ്പുകൾക്ക് വിരാമമാകുന്നു. അതു തന്നെയാണ് മത്സരശേഷം സഞ്ജുവിന്റെ വാക്കുകളിലും നിറഞ്ഞത്. പത്ത് വർഷമായി താൻ ഈ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും ഒരുപാട് ചിന്തിച്ചാൽ താൻ വികാരാധീനനാകുമെന്നുമാണ് സഞ്ജു പറഞ്ഞത്.
സഞ്ജുവിന്റെ ഇന്നിങ്സിൽ നിരവധി റെക്കോർഡുകളാണ് പിറന്നത്. ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 പന്തുകളിൽ നിന്ന് 107 റൺസ് ആണ് സഞ്ജു നേടിയത്. ഏഴ് ഫോറുകളും പത്ത് സിക്സുകളും അടങ്ങുന്ന ബാറ്റിങ് വെടിക്കെട്ടായിരുന്നു സഞ്ജുവിന്റേത്. തുടർച്ചയായി രണ്ട് ടി20 മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ഇനിയാർക്കും മറികടക്കാനാവാത്ത നേട്ടമാണ് സഞ്ജു കയ്യടക്കിയത്. ബംഗ്ലാദേശിനെതിരെ ഒക്ടോബറിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. തുടർച്ചയായ സെഞ്ച്വറി എന്ന നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യൻ താരം കൂടിയാണ് സഞ്ജു. ഇതിനു പുറമേ ടി20യിൽ ഒന്നിലധികം സെഞ്ച്വറികൾ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. സഞ്ജുവിനു മുൻപ് സുരേഷ് റെയ്ന, രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് മൂന്ന് പേർ.
ദക്ഷിണാഫ്രിക്കയിൽ ടി20 സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് സഞ്ജു. ഇന്ത്യ സൗത്ത് ആഫ്രിക്ക ടി20 ചരിത്രത്തിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. ഒരു ടി20യിൽ ഏറ്റവുമധികം സിക്സ് നേടുന്ന താരം എന്ന രോഹിത് ശർമയുടെ റെക്കോർഡിനൊപ്പവും സഞ്ജുവെത്തി. റെക്കോർഡിലും ഉപരി ഇന്ത്യയുടെ നീലജഴ്സിയിൽ തന്റെ സ്ഥാനം അരക്കെട്ടുറപ്പിക്കുന്ന പ്രകടനം കൂടിയായി സഞ്ജുവിന്റേത്.
സമ്പാദ്യം
അന്താരാഷ്ട്ര മത്സരങ്ങളേക്കാൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നാണ് സഞ്ജുവിന്റെ വരുമാനത്തിന്റെ മുഖ്യ പങ്ക്. 2025 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി സഞ്ജുവിനെ നിലനിർത്തിയത് 18 കോടി രൂപയ്ക്കാണ്. 2022 സീസൺ മുതൽ സഞ്ജുവിന്റെ പ്രതിഫലം 14 കോടിയായിരുന്നു. ഇങ്ങനെ ഐപിഎൽ പ്രതിഫലം സഞ്ജുവിന്റെ ആസ്തിയിൽ വലിയ പങ്ക് വഹിക്കുന്നു.
ബിസിസിഐ വാർഷിക കരാറിൽ സഞ്ജു സി ഗ്രേഡിലാണ്. ഈ ഗ്രേഡിലുള്ള കളിക്കാർക്ക് ബിസിസിഐ ഒരു കോടി രൂപയാണ് വാർഷിക വരുമാനമായി നൽകുന്നത്. ഇപ്പോഴത്തെ മിന്നും പ്രകടനത്തിലൂടെ സഞ്ജുവിന്റെ സ്ഥാനം ബിസിസിഐ ഗ്രേഡിങ്ങിൽ ഉയരും എന്ന് ഉറപ്പാണ്.
നിരവധി ബ്രാൻഡുകളുടെ ഐക്കൺ താരം കൂടിയാണ് സഞ്ജു. 2019 മുതൽ ഓസ്ട്രേലിയൻ കായിക ബ്രാൻഡ് കുക്കാബുറയുടെ ബ്രാൻഡ് അംബാസിഡായ സഞ്ജു ഹി എന്ന ബ്രാൻഡിന്റേയും അംബാസിഡറാണ്. ഇവയ്ക്ക് പുറമേ ഗില്ലറ്റ്, ഭാരത് പേ തുടങ്ങിയവയുടെ പരസ്യ ചിത്രങ്ങളിലെ അഭിനയത്തിലൂടെയും സഞ്ജു നല്ലൊരു തുക സമ്പാദിച്ചു. ഒരു പരസ്യത്തിൽ 25 ലക്ഷമാണ് സഞ്ജുവിന്റെ നിലവിലെ പ്രതിഫലം. സഞ്ജുവിന്റെ ആകെ അസ്തി 85 കോടിയോളം രൂപയാണ്.
Explore Sanju Samson’s inspiring cricket journey and record-breaking T20I performances, along with insights into his IPL earnings, brand endorsements, and net worth.