ഇരുപത്തിമൂന്നാം വയസ്സിൽ യുപിഎസ്സി പരീക്ഷ പാസ്സായി സ്വപ്നം നേട്ടം കൈവരിച്ച ഐഎഎസ് ഓഫീസറാണ് സ്മിത സബർവാൾ. തൻ്റെ രണ്ടാം ശ്രമത്തിൽ യുപിഎസ്സി പരീക്ഷ പാസ്സായ സ്മിത സബർവാൾ ഇന്ന് തെലങ്കാന ധനകാര്യ കമ്മീഷൻ സെക്രട്ടറിയാണ്. രണ്ടാം ശ്രമത്തിൽ യുപിഎസ്സി പരീക്ഷയിൽ വിജയിച്ച ചുരുക്കം ചില ഉദ്യോഗാർഥികളിൽ ഒരാളായ സ്മിത സബർവാൾ പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ ബംഗാളി കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ്. 2001 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് (ഐഎഎസ്) സ്മിത സബർവാൾ. സബർവാൾ 2000ലാണ് യുപിഎസ്സി പരീക്ഷ പാസായത്. 15 വർഷമായി ഇവർ സർവീസിൽ തുടരുകയാണ്. ജനങ്ങളുടെ ഓഫീസർ എന്നറിയപ്പെടുന്ന സ്മിത സബർവാൾ തെലങ്കാനയിലെ വിവിധയിടങ്ങളായ വാറങ്കൽ, വിശാഖപട്ടണം, കരിംനഗർ, ചിറ്റൂർ എന്നിവടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥ കൂടിയാണ് ഇവർ.
വാറങ്കലിൽ നഗർ പഞ്ചായത്ത് കമ്മീഷണറായി എത്തിയപ്പോൾ നക്സൽ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ നടത്തിയ ശ്രമങ്ങൾ കയ്യടി നേടിയിരുന്നു. കരിംനഗറിൽ ഡിഎം ആയിരിക്കെ ആരോഗ്യ – വിദ്യാഭ്യാസ വകുപ്പിൻ്റെ പുരോഗതിക്കായി പ്രവർത്തിച്ചു. ഐഎഎസ് പ്രിലിമിനറി പരീക്ഷയിലെ ആദ്യ ശ്രമത്തിൽ പരാജയപ്പെട്ട സ്മിത സബർവാൾ രണ്ടാമത്തെ ശ്രമത്തിൽ വിജയക്കൊടി ഉയർത്തുക മാത്രമല്ല ചെയ്തത്. നാലാം റാങ്ക് സ്വന്തമാക്കുകയും ചെയ്തു. ഇരുപത്തിമൂന്നാം വയസ്സിലാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നതാണ് ശ്രദ്ധേയം.
ഇരുപത്തിമൂന്നാം വയസ്സിൽ യുപിഎസ്സി പരീക്ഷ പാസ്സായ സ്മിത സബർവാൾ കരസേന മുൻ ഉദ്യോഗസ്ഥനായ കേണൽ പ്രണബ് ദാസിൻ്റെയും പുരബി ദാസിൻ്റെയും മകളാണ്. പിതാവ് സൈനികനായതിനാൽ രാജ്യത്തെ വിവിധയിടങ്ങളിലായിട്ടായിരുന്നു സ്മിതയുടെ പഠനം. പ്രണബ് ദാസ് സൈന്യത്തിൽ നിന്ന് വിരമിച്ചതോടെ ഹൈദരാബാദിൽ സ്ഥിരതാമസമാക്കി. സെക്കന്തരാബാദിലെ (തെലങ്കാന) സെൻ്റ് ആൻസ് ഹൈസ്കൂളിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഹൈദരാബാദിലെ ബേഗംപേട്ടിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ന്യൂനപക്ഷ സ്ഥാപനമായ സെൻ്റ് ഫ്രാൻസിസ് കോളേജ് ഫോർ വുമണിൽ നിന്ന് കൊമേഴ്സിൽ ബിരുദം പൂർത്തിയാക്കി. ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (ഐസിഎസ്ഇ) പരീക്ഷയിൽ അഖിലേന്ത്യ ടോപ്പറായിരുന്നു.
ട്വിറ്ററിൽ 3.35 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സ്മിത സബർവാൾ സമൂഹമാധ്യമങ്ങളിലെ താരവുമാണ്. ബിരുദം കഴിഞ്ഞയുടനെ സിവിൽ പരീക്ഷകൾക്ക് തയ്യാറെടുക്കാൻ പിതാവ് നിർദേശിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞിരുന്നു. തൻ്റെ ഐഎഎസ് പദവി പിതാവിൻ്റെ സ്വപ്നമായിരുവെന്ന് സ്മിത സബർവാൾ വ്യക്തമാക്കിയിട്ടുണ്ട്.
Smita Sabharwal, one of India’s youngest IAS officers, has made an impactful journey from academic excellence to prominent roles in Telangana’s administration. Known as the “people’s officer,” her career reflects dedication, leadership, and resilience, inspiring many in public service.