അതിവേഗ ട്രെയിനുകളുടെ ടെസ്റ്റ് റണ്ണിന് വേണ്ടി മാത്രമായുളള രാജ്യത്തെ ആദ്യ പരീക്ഷണ റെയിൽ പാത രാജസ്ഥാനിൽ നിർമാണം പൂർത്തിയാകാനൊരുങ്ങുന്നു. ദീദാന ജില്ലയിൽ നിർമിക്കുന്ന 60 കിലോമീറ്റർ പാതയുടെ നിർമാണം അടുത്ത വർഷം ഡിസംബറോടെ പൂർത്തിയാകും. ഇന്ത്യൻ റെയിൽവേയുടെ ജോധ്പൂർ ഡിവിഷനു കീഴിൽ നിർമിക്കുന്ന പാതയുടെ ചിലവ് 820 കോടി രൂപയാണ്.

അതിവേഗ ട്രെയിനുകളുടെ വേഗം, ബലം, സുരക്ഷ, അപകട പ്രതിരോധ ശേഷി, ട്രെയിന്റെ ആകെ നിലവാരം എന്നിങ്ങനെ നിരവധി കാര്യങ്ങൾ പരിശോധിക്കാൻ പ്രാപ്തമായ നിലയിലാണ് പരീക്ഷണ പാത ഒരുങ്ങുന്നത്. അതിവേഗ ട്രെയിനുകൾക്ക് പുറമേ ട്രാക്ക് നിർമാണ ഉപകരണങ്ങൾ, ടിആർഡി, സിഗ്നലുകൾ തുടങ്ങിയവയുടെ പരിശോധനയും പുതിയ പാതയിലൂടെ നടത്താനാകും.
ഇന്ത്യൻ റെയിൽവേ റിസർച്ച് ഓർഗനൈസേഷനാണ് പാത നിർമാണത്തിന്റെ ചുമതല. പരീക്ഷണയോട്ടത്തിൽ കൃത്യമായ വിശകലനം സാധ്യമാക്കാൻ നിരവധി വളവും തിരിവുമായാണ് പാത നിർമാണം. ഇതിലൂടെ ട്രെയിൻ വേഗതയ്ക്കൊപ്പം വേഗത്തിലോടുന്ന ട്രെയിനുകൾ വളവുകളിൽ എങ്ങനെ ഓടുന്നു എന്നും വിശകലനം ചെയ്യാം. പദ്ധതി പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 230 കിലോമീറ്റർ വരെ ദൂരത്തിലോടുന്ന ബുള്ളറ്റ് ട്രെയിനുകൾ ഇവിടെ പരീക്ഷണയോട്ടം നടത്തും.
ഏഴ് വലിയ പാലങ്ങൾ, 130 ചെറുപാലങ്ങൾ, നാല് സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. മൊത്തം അറുപത് കിലോമീറ്റർ ദൂരമുള്ള പദ്ധതിയുടെ പകുതിയോളം നിർമാണം പൂർത്തിയായി.
The construction of India’s first experimental high-speed rail test track in Rajasthan is nearing completion, set to test trains up to 230 km/h. With an investment of Rs 820 crore, this 60 km track aims to ensure the safety, speed, and quality of future bullet trains.