കപ്പയിലെ (മരച്ചീനി) പശയിൽ നിന്ന് വേർതിരിച്ചെടുത്ത ബയോ–പോളിമർ ഉപയോഗിച്ച് വസ്ത്രസംരക്ഷണ രംഗത്ത് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച മലയാളി സ്റ്റാർട്ടപ്പ് ബയോ–ആര്യവേദിക് നാച്ചുറൽസിന് (Bio-Aryavedic Naturals) ദേശീയ പേറ്റന്റ്. സ്റ്റാർട്ടപ്പിന്റെ മുൻനിര ഉൽപ്പന്നമായ ‘ആൽബഡോൺ 3 ഇൻ 1 ഫാബ്രിക് സ്റ്റിഫനർ സ്പ്രേ’യുടെ സാങ്കേതിക വികസനത്തിനും ബയോ–പോളിമർ മിശ്രിതം തയ്യാറാക്കുന്ന രീതിക്കുമാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോ–ആര്യവേദിക് നാച്ചുറൽസിന്റെ സ്ഥാപകരായ എ.കെ. വിനീത, അരുൺ ഭാസ്കർ എന്നിവരുടെ വർഷങ്ങൾ നീണ്ട ഗവേഷണത്തിന്റെ ഫലമാണ് ഈ നേട്ടം. പരിസ്ഥിതി സൗഹൃദവും ആരോഗ്യസുരക്ഷയും ഉറപ്പാക്കുന്ന ബദൽ മാർഗമാണ് ആൽബഡോൺ 3 ഇൻ 1 ഫാബ്രിക് സ്റ്റിഫനർ സ്പ്രേയെന്ന് ഇവർ പറയുന്നു. കപ്പയിലെ പശയെ ഗ്രീൻ കെമിസ്ട്രിയുടെയും നാനോ ടെക്നോളജിയുടെയും സഹായത്തോടെ ബയോ–പോളിമറായി മാറ്റിയാണ് ‘ആൽബഡോൺ’ നിർമിച്ചിരിക്കുന്നത്. വിപണിയിൽ സാധാരണ ലഭ്യമായ സ്റ്റാർച്ചുകളിൽ നിന്ന് വ്യത്യസ്തമായി, ഇസ്തിരിയിടുന്ന സമയത്ത് നേരിട്ട് സ്പ്രേ ചെയ്ത് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. വസ്ത്രങ്ങൾക്ക് തിളക്കവും പുതുമയും നൽകുന്നതിനൊപ്പം ദീർഘകാലം ചുളിവില്ലാതെ നിർത്താനും ഇത് സഹായിക്കുന്നതായി കമ്പനി വ്യക്തമാക്കുന്നു.
ഉത്പന്നം സമയലാഭത്തിനൊപ്പം ആരോഗ്യപരമായ സുരക്ഷയും ഉറപ്പാക്കുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം. രാസപദാർത്ഥങ്ങൾ ഒഴിവാക്കിയിട്ടുള്ളതിനാൽ കുട്ടികളുടെ വസ്ത്രങ്ങളിൽ ഉൾപ്പെടെ സുരക്ഷിതമായി ഉപയോഗിക്കാം. വസ്ത്രങ്ങളിൽ അണുക്കളും പൊടിപടലങ്ങളും കുറയ്ക്കാനും ഇതിന് കഴിവുണ്ടെന്നും കമ്പനി പറയുന്നു. ഒരിക്കൽ ഉപയോഗിച്ചാൽ ഏകദേശം 30 ദിവസം വരെ ഫാബ്രിക് സ്റ്റിഫനർ സ്പ്രേ ഗുണം നിലനിൽക്കുമെന്നാണ് വിലയിരുത്തൽ. ടെക്സ്റ്റൈൽ വ്യവസായ മേഖലയിലും ആൽബഡോൺ പ്രയോജനകരമാകുമെന്ന് സ്റ്റാർട്ടപ്പ് ചൂണ്ടിക്കാട്ടുന്നു. കയറ്റുമതിക്കായി വസ്ത്രങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകൾക്ക് മികച്ച ഫിനിഷിംഗും ദീർഘകാല സംരക്ഷണവും നൽകാൻ ഇത് സഹായിക്കും. സ്റ്റോക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഫംഗസ് ബാധ തടയാനും ഉൽപ്പന്നത്തിലെ ആന്റി–മൈക്രോബിയൽ ഗുണങ്ങൾ സഹായകമാകും. പൂർണമായും ജൈവവിഘടനം സംഭവിക്കുന്ന ഉൽപ്പന്നമായതിനാൽ അന്താരാഷ്ട്ര തലത്തിലുള്ള ‘ഇക്കോ–ഫ്രണ്ട്ലി’ അംഗീകാരങ്ങൾ നേടുന്നതിനും ഇത് സഹായകരമാകുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ (SCTIMST) ക്ലിനിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ഉൽപ്പന്നമാണിത്. സൗത്ത് ഇന്ത്യൻ ടെക്സ്റ്റൈൽ റിസേർച്ച് അസോസിയേഷൻ ഉത്പന്നത്തിന്റെ ആന്റി–മൈക്രോബിയൽ ശേഷി സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള കാർഷിക സർവകലാശാല, ഐഐഎം വിശാഖപട്ടണം ഇൻകുബേഷൻ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണ ഈ നേട്ടത്തിൽ നിർണായകമായതായി സ്ഥാപകർ പറഞ്ഞു. കേന്ദ്ര കാർഷിക മന്ത്രാലയം, ഐഐടി മദ്രാസ്, a-IDEA NAARM എന്നിവയുടെ സഹകരണവും സ്റ്റാർട്ടപ്പിന് ലഭിച്ചിട്ടുണ്ട്. പേറ്റന്റ് നടപടികളിൽ തിരുവനന്തപുരത്തെ TIPS SCTIMST TIMed നൽകിയ നിയമോപദേശങ്ങളും പരിശീലനവും നിർണായക പങ്കുവഹിച്ചു. ആമസോൺ വഴി ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും നിലവിൽ ‘ആൽബഡോൺ’ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. ദേശീയ പേറ്റന്റ് ലഭിച്ചത് ഭാവി ഗവേഷണങ്ങൾക്കും ആഗോള വിപണിയിലേക്കുള്ള വിപുലീകരണത്തിനും വലിയ കരുത്താകുമെന്ന് വിനീതയും അരുൺ ഭാസ്കറും പറഞ്ഞു.
Kochi-based Bio-Aryavedic Naturals wins a national patent for ‘Albadone’, an eco-friendly fabric stiffener spray made from cassava bio-polymer. A breakthrough in green chemistry!