ഇന്ത്യയിലെ ആദ്യത്തെ എഞ്ചിൻ രഹിത ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. 2019 ഫെബ്രുവരി 15ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ച ‘ട്രെയിൻ 18’ എന്ന വന്ദേഭാരത് എക്സ്പ്രസ് എത്തിയത് അനേകം ആഢംബര ഫീച്ചേർസുമായാണ്. ഈ സവിശേഷതകളാകട്ടെ രാജ്യത്ത് അന്ന് വരെ ഉണ്ടായിരുന്ന ഏറ്റവും ആഢംബര ട്രെയിൻ എന്ന വിശേഷണമുള്ള രാജധാനി എക്സ്പ്രസ്സിനെ കവച്ചു വെക്കുന്നതായി.
2023 ജൂലൈയിൽ വന്ദേ ഭാരതിന്റെ സഫ്രോൺ-ഗ്രേ പതിപ്പും റെയിൽവേ ഇറക്കി. പഴയ വന്ദേഭാരതിൽ നിന്നും ഇരുപത്തഞ്ചോളം മാറ്റങ്ങളുമായാണ് പുത്തൻ പതിപ്പ് വന്നത്. ആധുനിക കോച്ചുകൾ, സുരക്ഷാ ക്രമീകരണങ്ങൾ, ഓട്ടോമാറ്റിക് പ്ലഗ് ഡോറുകൾ, റിക്ലൈനിങ്ങ് സീറ്റുകൾ, റിവോൾവിങ് ചെയറുകൾ, എല്ലാ കോച്ചിലും സിസിടിവി തുടങ്ങിയവയാണ് പുതിയ വന്ദേഭാരതുകളെ സവിശേഷമാക്കുന്നത്. ഇവയെല്ലാം ആഢംബരവും സുരക്ഷയും ചേർന്ന മികച്ച യാത്രാനുഭവം നൽകുന്നു. ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 61 വന്ദേഭാരത് ട്രെയിനുകൾ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്.
ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് ചെയർ കാർ സെറ്റാണ് വന്ദേഭാരത്. ട്രയൽ റണ്ണിൽത്തന്നെ 183 കിലോമീറ്റർ എന്ന അതിവേഗം കൈവരിക്കാൻ വന്ദേ ഭാരതിനായി. എന്നാൽ ട്രാക്കുകളുടെ പരിമിതി മൂലം മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിലാണ് ഇപ്പോൾ ട്രെയിൻ ഓടുന്നത്.
Vande Bharat Express, India’s modern semi-high-speed train, offers advanced features, including comfortable seating, CCTV security, and onboard mini kitchens. Running on multiple routes, it operates at speeds of up to 160 km/h, making travel faster and more comfortable.