കാപ്പി കർഷകർക്കായി പുതിയ പ്ലാറ്റ്‌ഫോമുമായി വയനാട് ആസ്ഥാനമായുള്ള ഡീപ്-ടെക് സ്റ്റാർട്ടപ്പ് ന്യൂബയോം ലാബ്‌സ് (NeuBiom Labs). കർഷകർക്കും വ്യവസായ പങ്കാളികൾക്കും വിളകളുടെ ആരോഗ്യത്തിന്റെയും ഉൽപ്പാദനക്ഷമതയുടെയും സമഗ്രമായ കാഴ്ചപ്പാട് നൽകുന്നതിനായി രൂപകൽപ്പന ചെയ്ത “കോഫി ക്രോപ്പ് ഇന്റലിജൻസ്” പ്ലാറ്റ്‌ഫോമായ കനോപ്പിയിലൂടെയാണ് (Canopy) ന്യൂബയോം ശ്രദ്ധ നേടുന്നത്.

ഉപഗ്രഹ ഇമേജറി, കൃത്രിമ ബുദ്ധി (AI), ഹൈപ്പർലോക്കൽ ഡാറ്റ തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കോഫി വാല്യൂ ചെയിൻ ഡിജിറ്റൈസ് ചെയ്യുകയാണ് കനോപ്പി. ഓരോ തോട്ടത്തിന്റെയും ഡിജിറ്റൽ ട്വിൻ സൃഷ്ടിക്കുന്നതിലൂടെ വിളകളുടെ ആരോഗ്യനില വിദൂരമായി നിരീക്ഷിക്കാനും, അപകടസാധ്യതകൾ പ്രവചിക്കാനും, ഇൻപുട്ട് ഉപയോഗം ഒപ്റ്റിമൈസ് ചെയ്യാനും സാധിക്കും. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ രീതികളോട് പൊരുത്തപ്പെടാൻ കർഷകരെ പ്രാപ്തരാക്കുന്നതിലും പ്ലാറ്റ്‌ഫോം നിർണായക പങ്ക് വഹിക്കുന്നു. വർധിച്ചുവരുന്ന കാലാവസ്ഥാ അനിശ്ചിതത്വത്തിനിടയിലും ഏറ്റവും ചെറുകിട ഫാമുകൾക്ക് പോലും വിളവും ലാഭവും നിലനിർത്താൻ കഴിയുമെന്ന് കമ്പനി പറയുന്നു.
ഒരു മുഴുവൻ ക്രോപ്പ് സൈക്കിളിനായി പ്രതിവർഷം ₹2,999 എന്ന താങ്ങാവുന്ന നിരക്കിൽ പ്രീമിയം ഉൾക്കാഴ്ചകളാണ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ എല്ലാ കർഷകർക്കും എന്റർപ്രൈസ്-ഗ്രേഡ് സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നു. കാർഷിക തലത്തിലുള്ള തീരുമാന പിന്തുണയ്ക്കൊപ്പം, കർഷക-ഉൽപാദക സംഘടനകൾക്കും സഹകരണ സ്ഥാപനങ്ങൾക്കും വിളവ് സാധ്യതകളെക്കുറിച്ച് റിയൽ ടൈം വിസിബിലിറ്റിയും കനോപ്പി നൽകുന്നു. എൻഡ്-ടു-എൻഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ ഇന്ത്യൻ കാപ്പിയെ യൂറോപ്യൻ വിപണികൾ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ മത്സരക്ഷമമായി നിലനിർത്താൻ കനോപ്പി സഹായിക്കുമെന്ന് ന്യൂബയോം ലാബ്‌സ് വ്യക്തമാക്കി.
കനോപ്പിയിലൂടെ ചെറുകിട കർഷകർക്കുള്ള അപകടസാധ്യത കുറയ്ക്കുകയും, കണ്ടെത്താവുന്നതും ഉയർന്ന നിലവാരമുള്ളതുമായ കാപ്പിയുടെ ഉത്പാദനം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ന്യൂബയോം ലാബ്‌സിന്റെ സിഇഒയും സ്ഥാപകനുമായ സൂരജ് കെ ബാബു പറഞ്ഞു. ഇതോടെ ആഭ്യന്തരവും ആഗോളവുമായ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ കർഷകർക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവിലെ സെൻട്രൽ കോഫി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്–സിഇഡിയിലെ അടൽ ഇൻകുബേഷൻ സെന്ററിലാണ് ന്യൂബയോം ലാബ്‌സ് ഇൻകുബേറ്റ് ചെയ്തിരിക്കുന്നത്. സ്റ്റാർട്ടപ്പ്സ് ഇന്ത്യ, വാധ്വാനി ഫൗണ്ടേഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവയ്ക്കൊപ്പം ഗൂഗിളിന്റെ പിന്തുണയും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന സെൻട്രൽ കോഫി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശതാബ്ദി ആഘോഷങ്ങളിലാണ് കോഫി ബോർഡ് ചെയർമാൻ എം.ജെ. ദിനേശും, കോഫി ബോർഡ് സിഇഒയും സെക്രട്ടറിയുമായ എം. കുർമ റാവുവും ചേർന്ന് കനോപ്പി ഔദ്യോഗികമായി പുറത്തിറക്കിയത്.
Discover ‘Canopy’ by NeuBiom Labs—a revolutionary AI-driven platform from Wayanad providing satellite insights and crop intelligence to coffee farmers for just ₹2,999/year.