ഇന്ത്യയുടെ അഭിമാനമാണ് വന്ദേഭാരത് ട്രെയിനുകൾ. 2019ലാണ് ആദ്യ ഇന്ത്യൻ നിർമിത സെമി ഹൈ സ്പീഡ് ട്രെയിനുകളായ വന്ദേഭാരത് ആരംഭിച്ചത്. 2022 മുതൽ പുത്തൻ രൂപത്തിലും ഭാവത്തിലും വന്ദേഭാരതിന്റെ പുതിയ ശ്രേണികളും എത്തി. 82 വന്ദേഭാരത് ട്രെയിനുകളാണ് നിലവിൽ രാജ്യമെങ്ങും സർവീസ് നടത്തുന്നത്. നമുക്ക് വന്ദേഭാരത് ഉള്ളതു പോലെ അയൽ രാജ്യമായ പാകിസ്താനും ഒരു പ്രീമിയം ട്രെയിനുണ്ട്-ഗ്രീൻ ലൈൻ എക്സ്പ്രസ്. ഇരു ട്രെയിനുകളും തമ്മിലുള്ള താരതമ്യം കൗതുകകരമാണ്.
പാകിസ്താനിലെ ഏറ്റവും വേഗതയേറിയ ആഢംബര ട്രെയിനാണ് ഗ്രീൻലൈൻ. 2015ൽ സേവനം ആരംഭിച്ച ഗ്രീൻലൈൻ കറാച്ചി മുതൽ ഇസ്ലാമബാദ് വരെയാണ് ഓടുന്നത്. പത്ത് സ്റ്റേഷനുകളിലൂടെ കടന്ന് പോകുന്ന ട്രെയിൻ 22 മണിക്കൂർ എടുത്താണ് 1400 കിലോമീറ്ററുകൾ പിന്നിടുന്നത്. ആഢംബര ബസിന്റെ രൂപത്തിലുള്ള എസി പാർലർ ക്ലാസ്സുകളാണ് ഗ്രീൻലൈൻ ട്രെയിനിന്റെ സവിശേഷത.
ഇതുപോലുള്ള രണ്ട് പാർലർ കാറുകളും അഞ്ച് ബിസിനസ് കോച്ചുകളും ആറ് എസി സ്റ്റാൻഡേർഡ് കോച്ചുകളുമാണ് ട്രെയിനിനുള്ളത്. കൂടാതെ നാല് മുതൽ ആറ് വരെ ഇക്കണോമി ക്ലാസ്സുമുണ്ട്. മണിക്കൂറിൽ 105 കിലോമീറ്ററാണ് ട്രെയിനിന്റെ ഉയർന്ന വേഗത. വൈഫൈ, വിനോദോപാധികൾ, സൗജന്യ ആഹാരം, യൂട്ടിലിറ്റി കിറ്റുകൾ തുടങ്ങി യാത്ര സുഗമമാക്കാനുള്ള നിരവധി ഫീച്ചേർസ് ഗ്രീൻലൈനിനുണ്ട്. 2200 മുതൽ 6650 പാകിസ്താൻ രൂപ വരെയാണ് ടിക്കറ്റ് വില.
കുറഞ്ഞ സമയത്തിനുള്ളിൽ അതിവേഗ യാത്ര ഉറപ്പാക്കുന്ന ട്രെയിനാണ് വന്ദേഭാരത്. ഇലക്ട്രിക് ട്രെയിൻ ആണ് എന്നതാണ് വന്ദേഭാരതിനെ ഗ്രീൻ ലൈനിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. ഗ്രീൻ ലൈൻ എന്നത് ഒരൊറ്റ ട്രെയിനാണ്. എന്നാൽ വന്ദേ ഭാരത് ആകട്ടെ നിലവിൽ 82 ട്രെയിനുകളുണ്ട്. വേഗതയുടെ കാര്യത്തിലും വന്ദേഭാരത് ഗ്രീൻലൈനിനേക്കാൾ ഒരു പടി മുൻപിലാണ്. മണിക്കൂറിൽ 180 കിലോമീറ്ററാണ് ഇന്ത്യയുടെ അഭിമാന ട്രെയിനിന്റെ ഉയർന്ന വേഗത. റിക്‌ളൈനിംഗ് എർഗോണോമിക് സീറ്റുകൾ, റൊട്ടേറ്റിംഗ് സീറ്റുകൾ, എല്ലാ കോച്ചുകളിലും സിസിടിവി, എല്ലാ സീറ്റിലും മൊബൈൽ ചാർജ് ചെയ്യാനുള്ള സോക്കറ്റുകൾ, ചൂട് വെള്ളവും തണുത്ത വെള്ളവും ലഭിക്കുന്ന ഓട്ടോമാറ്റിക് പ്ലഗ് ഡോർ ഉള്ള പാൻട്രി, എല്ലാ കോച്ചിലും എമർജൻസി വിൻഡോകൾ, എമർജൻസി പുഷ് ബട്ടൺ, തീ അണയ്ക്കാനുള്ള സംവിധാനങ്ങൾ, ഡ്രൈവർ-കാർഡ്, ആശയവിനിമയത്തിനും വോയിസ് റെക്കോർഡ് ചെയ്യാനുമുളള സംവിധാനം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങളിലും വന്ദേഭാരത് ഗ്രീൻലൈനിനേക്കാൾ മുന്നിലാണ്. 1565 മുതൽ 2825 വരെയാണ് വന്ദേ ഭാരതിലെ ടിക്കറ്റ് നിരക്ക്.
A comparison of India’s Vande Bharat Express and Pakistan’s Green Line Express highlights key differences in speed, amenities, and pricing. Discover how each luxury train service is transforming travel in South Asia.