നടനും നിർമാതാവുമായ ധനുഷിനെതിരെ കഴിഞ്ഞ ദിവസം തെന്നിന്ത്യൻ താരം നയൻതാര സമൂഹമാധ്യമങ്ങളിൽ ഇട്ട കുറിപ്പ് കോളിളക്കം സൃഷ്ടിച്ചിരുന്നു. തന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററയിമായി ബന്ധപ്പെട്ട് ധനുഷ് പത്ത് കോടിയുടെ നഷ്ടപരിഹാരം അയച്ചതിനെതിരെയാണ് നയൻതാര ശക്തമായ ഭാഷയിൽ രംഗത്തെത്തിയത്.
എന്നാൽ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ധനുഷ്. ഡോക്യുമെന്ററിയിൽ നിന്നും നാനും റൗഡി താനിലെ മൂന്ന് സെക്കൻഡ് ലൊക്കേഷൻ രംഗങ്ങൾ ഒഴിവാക്കണമെന്ന ആവശ്യത്തിൽ ധനുഷ് ഉറച്ച് നിൽക്കുകയാണ്. ഇത് സംബന്ധിച്ച് നോട്ടീസ് നയൻതാരയ്ക്ക് അയച്ചതായി ധനുഷിന്റെ അഭിഭാഷകൻ പറഞ്ഞു.
24 മണിക്കൂറിനുള്ളിൽ ഡോക്യുമെന്ററിയിൽ നിന്നും ദൃശ്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ 10 കോടി രൂപ നഷ്ടപരിഹാരം എന്നതിൽ ഉറച്ചു നിൽക്കും. നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും എതിരെയുള്ള നിയമനടപടി ഇതിൽ മാത്രം ഒതുങ്ങില്ലെന്നും അഭിഭാഷകൻ മുഖേന ധനുഷ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ വിവാദം കൂടുതൽ രൂക്ഷമാകും എന്ന സൂചനയാണ് ഇത് നൽകുന്നത്. അതേ സമയം നയൻതാരയുടെ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. 10 കോടി രൂപ നയൻതാര നഷ്ടപരിഹാരം നൽകുമോ അതോ നിയമപരമായി മുന്നോട്ട് പോകുമോ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
ധനുഷിനെതിരേയുള്ള സമൂഹമാധ്യമ കുറിപ്പിലൂടെ തുറന്ന പോരിനാണ് നയൻതാര തുടക്കമിട്ടത്. താരത്തിന് സമൂഹമാധ്യമങ്ങളിൽ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ വരുന്നുണ്ട്. കോപ്പിറൈറ്റ് വിഷയം മാത്രമല്ല ഇരുവർക്കും ഇടയിലെ പ്രശ്നമെന്നും പത്ത് വർഷത്തോളമായി നീളുന്ന ഈഗോ പ്രശ്നമാണ് ഇതെന്നുമാണ് ആരാധകരുടെ വിലയിരുത്തൽ. പ്രശ്നത്തിന്റെ ക്ലൈമാക്സ് ഏത് രീതിയിലാകും എന്ന ആകാംക്ഷയിലുമാണ് ഇരു താരങ്ങളുടേയും ആരാധകർ.
അഭിഭാഷകന്റെ മറുപടിയിലെ പ്രസക്തഭാഗങ്ങൾ:
എന്റെ കക്ഷിയാണ് സിനിമയുടെ നിർമാതാവ്. അത് കൊണ്ട് തന്നെ സിനിമയ്ക്കായി എവിടെയെല്ലാം പണം ചിലവഴിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ച് എന്റെ കക്ഷിക്ക് കൃത്യമായ ധാരണയുണ്ട്. സിനിമയുടെ ലൊക്കേഷൻ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എന്റെ കക്ഷി ആരെയും ഏർപ്പാടാക്കിയിട്ടില്ല എന്ന താങ്കളുടെ കക്ഷിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. ഈ ആരോപണത്തിന് കൃത്യമായ തെളിവുകൾ നിരത്താൻ താങ്കളുടെ കക്ഷിക്ക് സാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ലൊക്കേഷൻ ദൃശ്യങ്ങൾ അത് പകർത്തിയ ആളുടെ അവകാശമാണ് എന്ന താങ്കളുടെ കക്ഷിയുടെ വാദം തികച്ചും ദുർബലമാണ്. ഇതിനു പുറമേ, സിനിമയുടെ നിർമാതാവ് എന്ന നിലയിൽ ലൊക്കേഷൻ ദൃശ്യങ്ങൾ എന്റെ കക്ഷിയുടെ മാത്രം അവകാശമാണ് എന്ന വാദവും എന്റെ കക്ഷി ഉന്നയിക്കുന്നു.
ഈ സാഹചര്യങ്ങളിൽ എന്റെ കക്ഷിയുടെ പകർപ്പവകാശത്തെ ലംഘിക്കുന്ന തരത്തിൽ നാനും റൗഡി താൻ എന്ന ചിത്രത്തിലെ ഭാഗം താങ്കളുടെ കക്ഷിയുടെ Nayanthara-Beyond the fairytale എന്ന ഡോക്യുമെന്ററിയിൽ ഉപയോഗിച്ചത് തടയണമെന്ന് ഇതിനാൽ ആവശ്യപ്പെടുന്നു. 24 മണിക്കൂറിനുള്ളിൽ ഈ ഭാഗം നീക്കം ചെയ്തിട്ടില്ലെങ്കിൽ തുടർ നിയമനടപടികളുമായി എന്റെ കക്ഷിക്ക് മുന്നോട്ട് പോകേണ്ടി വരും. ദൃശ്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ താങ്കളുടെ കക്ഷിയും നെറ്റ്ഫ്ലിക്സും10 കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും നിയമനടപടി ഇതിൽ മാത്രം ഒതുങ്ങില്ലെന്നും ഇതിനാൽ മുന്നറിയിപ്പ് നൽകുന്നു.
South Indian stars Nayanthara and Dhanush are in a heated dispute over Netflix documentary footage. Dhanush demands Rs 10 crore in compensation, citing copyright issues. Learn about the unfolding controversy and fan reactions.