ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃകയിൽ മുഖച്ഛായ മാറ്റാൻ കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ. 1500 കോടി രൂപയുടെ വമ്പൻ നവീകരണ പ്രവർത്തനങ്ങളാണ് കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ വരുന്നത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ലോകോത്തര മാതൃകയിലുള്ള റെയിൽവേ സ്റ്റേഷനായി കെഎസ്ആർ മാറും.
പദ്ധതിയുടെ വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് റെയിൽവേ സഹമന്ത്രി വി. സോമണ്ണ പുറത്തുവിട്ടു. പ്രൊപ്പോസൽ റെയിൽവേ ബോർഡിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. സ്റ്റേഷൻ നവീകരണത്തിനായി 160 ഏക്കർ ഭൂമി ലഭ്യമാണ്. അന്താരാഷ്ട്ര വിമാനത്താവങ്ങളിലുള്ള സൗകര്യങ്ങൾക്ക് സമാനമായ സൗകര്യങ്ങളോട് കൂടിയാകും നിർമാണം. നിർമാണ പ്രവർത്തനങ്ങളോട് അനുബന്ധിച്ച് നിരവധി പ്രദേശവാസികൾക്ക് തൊഴിൽ സാധ്യതയും ഉറപ്പാക്കും. റെയിൽവേ മന്ത്രി അശ്വിനി കുമാർ വൈഷ്ണവുമായുള്ള ചർച്ചയ്ക്ക് ശേഷം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സോമണ്ണ പറഞ്ഞു.
2023ൽ യുനെസ്കോ ലോകത്തിലെ ഏറ്റവും മനോഹര വിമാനത്താവളങ്ങളിൽ ഒന്നായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ തിരഞ്ഞെടുത്തിരുന്നു. അതേ മാതൃകയിലാണ് പുതിയ കെഎസ്ആർ റെയിൽവേ സ്റ്റേഷനും പിന്തുടരുക.
KSR Bengaluru City Railway Station is set for a Rs 1,500 crore transformation, inspired by the Kempegowda International Airport. With world-class amenities and employment opportunities for locals, it aims to redefine rail travel in India.