മലയാളം ടെലിവിഷൻ സീരിയലുകളുടെ നിയന്ത്രണവും മികച്ച മാധ്യമ അന്തരീക്ഷവും ലക്ഷ്യമിട്ട് സുപ്രധാന നിർദേശങ്ങളുമായി കേരള വനിതാ കമ്മിഷൻ. മെഗാ സീരിയലുകൾ അവസാനിപ്പിക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. സീരിയലുകൾ നിയന്ത്രിക്കുന്നതിന് പുറമേ മാധ്യമ രംഗം മെച്ചപ്പെടുത്താനും വനിതാ കമ്മിഷൻ നിർദേശം നൽകി. ടെലിവിഷൻ ഷോകളിലെ അധിക്ഷേപകരമായ ഭാഷകൾ നിരോധിക്കണമെന്നും മാധ്യമങ്ങളിൽ സ്ത്രീകളെ അപകീർത്തികരമായി ചിത്രീകരിക്കുന്നത് തടയാൻ ശക്തമായ നിയമങ്ങൾ കൊണ്ട് വരണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഹാനികരമായ മാധ്യമ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ പരാതി സെൽ രൂപീകരിക്കാനും കമ്മിഷൻ നിർദേശിച്ചു. ടെലിവിഷൻ അടക്കമുള്ള മാധ്യമങ്ങളിലെ ഉള്ളടക്കം മാന്യമാണെന്ന് ഉറപ്പാക്കുന്ന മാധ്യമ അന്തരീക്ഷം സൃഷ്ടിക്കാനും ശുപാർശയുണ്ട്.
സ്ത്രീ കഥാപാത്രങ്ങളെ ദോഷകരമായ രീതിയിൽ ചിത്രീകരിക്കുന്നവയാണ് മിക്ക സീരിയലുകളുമെന്നും പഠനം ചൂണ്ടിക്കാട്ടി. കുടുംബങ്ങളിലും കുട്ടികളിലും സീരിയലുകൾ പ്രതികൂല ഫലങ്ങളാണ് ഉണ്ടാക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. മെഗാ സീരിയലുകൾ അവസാനിപ്പിക്കണമെന്ന ശുപാർശയ്ക്കു പുറമേ ഓരോ ദിവസവും സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളുടെ എണ്ണം പരിമിതപ്പെടുത്തുക, എപ്പിസോഡുകളുടെ ദൈർഘ്യം കുറയ്ക്കുക, സെൻസർഷിപ് ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും വനിതാ കമ്മിഷൻ മുന്നോട്ട് വെയ്ക്കുന്നു. ഒരു സീരിയലിന്റെ എപ്പിസോഡുകളുടെ എണ്ണം 20-30 ആക്കി പരിമിതപ്പെടുത്തണമെന്നും ഓരോ ചാനലിലും രണ്ട് സീരിയലുകൾ മാത്രമേ സംപ്രേക്ഷണം ചെയ്യാൻ പാടുള്ളൂവെന്നും കമ്മിഷൻ നിർദേശിച്ചു. ഉള്ളടക്കം ആവർത്തിക്കാതിരിക്കാനായി സീരിയലുകളുടെ പുനർസംപ്രേക്ഷണം നിരോധിക്കണം. സീരിയലുകളുടെ സെൻസർഷിപ് അത്യാവശ്യമാണ്. ഇവ അവലോകനം ചെയ്യുന്നതിനായി ഫിലിം സെൻസർ ബോർഡിനെയോ പുതിയ ബോർഡിനെയോ ചുമതലപ്പെടുത്താനും കമ്മിഷൻ ശുപാർശ ചെയ്തു.
മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ കൗമാരക്കാരായ 400 പേരെ ഉൾപ്പെടുത്തി വനിതാ കമ്മിഷൻ നടത്തിയ പഠനത്തിനു ശേഷമാണ് നിർദേശങ്ങൾ. ഉള്ളടക്കം കാഴ്ചക്കാർക്കും യുവപ്രേക്ഷകർക്കും അനുയോജ്യമാണെന്ന് ഉറപ്പാക്കുകയും ദോഷകരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയുകയുമാണ് പഠനം കൊണ്ട് ലക്ഷ്യമാക്കിയത്. സീരിയലുകളും മാധ്യമങ്ങളും കാഴ്ചക്കാരിൽ ചെലുത്തുന്ന സ്വാധീനത്തിൽ യുവപ്രേക്ഷകർക്ക് ആശങ്കയുണ്ടെന്ന് പഠനം കണ്ടെത്തി. സർവേയിൽ പങ്കെടുത്ത 43 ശതമാനം പേരും സീരിയലുകൾ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതായി കരുതുന്നു. 57 ശതമാനം ആളുകൾ സീരിയലുകളുടെ ഉള്ളടക്കത്തിൽ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു.
The Kerala Women’s Commission has proposed key recommendations to regulate Malayalam television serials, including ending mega serials, banning abusive language, and creating a complaint cell to address harmful media content.