കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ എംപിമാരോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രത്തിൽ നിന്ന് കേരളം ആവശ്യപ്പെട്ട 1546.92 കോടി രൂപ പലിശരഹിത വായ്പ ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകത സംസ്ഥാന സർക്കാർ എടുത്തുപറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാനത്തു നിന്നുള്ള എംപിമാരുടെ യോഗത്തിലാണ് പിണറായി വിജയൻ ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ സഹായിക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിൽ 1.5 ലക്ഷം കോടി രൂപയുടെ പലിശരഹിത വായ്പ നൽകാൻ കേന്ദ്രം തീരുമാനിച്ചിരുന്നു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) തുക തിരിച്ചടക്കണമെന്ന കേന്ദ്ര നിലപാട് തിരുത്താൻ യോജിച്ച് ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പദ്ധതിക്ക് അനുവദിച്ച 817.80 കോടി വിജിഎഫ് തിരിച്ചടയ്ക്കാൻ കേരളത്തോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ തുക റവന്യൂ ഷെയറിംഗിലൂടെ തിരിച്ചടയ്ക്കാനാണ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. റവന്യൂ ഷെയറിംഗ് മോഡലിലൂടെ നെറ്റ് പ്രസൻ്റ് വാല്യൂ (എൻപിവി) വ്യവസ്ഥയിൽ തുക തിരിച്ചടയ്ക്കുന്നത് കേരളത്തിന് 10000-12000 കോടി രൂപയുടെ അധിക സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കും.
തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിൻ്റെ ഔട്ടർ ഹാർബർ പ്രോജക്റ്റിനായി അടുത്തിടെ അംഗീകരിച്ച വിജിഎഫിന് തിരിച്ചടവ് വ്യവസ്ഥ ബാധകമല്ല. ഇതേ മാതൃകയിൽ കേരളത്തിലെ സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വിജിഎഫ് തിരിച്ചടക്കാനാവാത്ത ഗ്രാൻ്റായി ലഭിക്കാൻ എംപിമാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് കിനാലൂരിൽ 200 ഏക്കർ ഭൂമി ഏറ്റെടുത്ത് നടത്തുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പോലെയുള്ള കേരളത്തിൻ്റെ ദീർഘകാല ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കൊച്ചിയിൽ 620 കോടി രൂപയുടെ ഗ്ലോബൽ സിറ്റി പദ്ധതിക്കായി എംപിമാർ ശബ്ദം ഉയർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Kerala Chief Minister Pinarayi Vijayan has called on MPs to pressure the Centre for Rs 1546.92 crore interest-free loans and a non-repayable Viability Gap Fund for vital infrastructure projects in Kerala.