ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ നായകന്മാരുടെ പട്ടികയിൽ ഒന്നാമതെത്തി തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ്. മീഡിയ റിസർച്ച് ആൻഡ് അനലിറ്റിക്സ് സ്ഥാപനമായ ഓർമാക്സ് മീഡിയയുടെ ജനപ്രിയ താരങ്ങളുടെ പട്ടികയിലാണ് പ്രഭാസ് ഒന്നാം സ്ഥാനത്തെയത്. തമിഴ് നടൻ വിജയ്യാണ് പട്ടികയിൽ രണ്ടാമത്. ബോളിവുഡിലെ ഖാൻമാരേയും മറ്റ് താരങ്ങളേയും പിന്തള്ളിയാണ് തെന്നിന്ത്യൻ താരങ്ങൾ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ഷാരൂഖ് ഖാൻ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. നാല് മുതൽ ഒൻപത് വരെ സ്ഥാനങ്ങളിലും തെന്നിന്ത്യൻ താരങ്ങളുടെ ആധിപത്യമാണ്. ജൂനിയർ എൻടിആർ, അജിത് കുമാർ, അല്ലു അർജുൻ, മഹേഷ് ബാബു, സൂര്യ, രാം ചരൺ എന്നിവരാണ് നാല് മുതൽ ഒൻപത് വരെ സ്ഥാനങ്ങളിൽ ഇടം നേടിയ നടൻമാർ. ബോളിവുഡ് താരം സൽമാൻ ഖാൻ പട്ടികയിൽ പത്താം സ്ഥാനത്താണ്. രണ്ട് ബോളിവുഡ് താരങ്ങൾ മാത്രമേ ജനപ്രിയ നടൻമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിച്ചുള്ളൂ എന്നതും ശ്രദ്ധേയമാണ്.
ജനപ്രിയ നടിമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തും തെന്നിന്ത്യൻ താരമാണ്. സൂപ്പർ നായിക സാമന്തയാണ് ഓർമാക്സ് പട്ടികയിൽ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ നായിക. ആലിയ ഭട്ട് പട്ടികയിൽ രണ്ടാമതായപ്പോൾ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഈ മാസത്തെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. സെപ്റ്റംബർ മാസത്തെ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു നയൻസ്. നടിമാരിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ആറും തെന്നിന്ത്യൻ നായികമാരാണ്. സാമന്തയ്ക്കും നയൻതാരയ്ക്കും പുറമേ കാജൽ അഗർവാൾ, തൃഷ, സായ് പല്ലവി, രശ്മിക എന്നിവരാണ് ആദ്യ പത്തിൽ ഇടം പിടിച്ചത്.
Prabhas is crowned India’s most celebrated male film star in October 2024, surpassing Shah Rukh Khan and Salman Khan, as per the Ormax survey.