റാംജിറാവു സ്പീക്കിംഗിൽ പാട്ടിന്റെ പ്രോഗ്രാമർ
1989! റാംജിറാവു സ്പീക്കിംഗ് റിലീസ് ആകുന്നു. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലെ ആദ്യ പടം. സിനിമയുടെ ക്ലൈമാക്സിലേക്ക് പോകുന്നത് ഒരു പാട്ടിലാണ്. ഇന്നസെന്റ് അവതരിപ്പിച്ച മാന്നാർ മത്തായിയും മുകേഷിന്റെ കഥാപാത്രം ഗോപാലകൃഷ്ണനും, സായ്കുമാറിന്റെ ബാലകൃഷ്ണനും മുഖം മൂടി അണിഞ്ഞ് വേഷം മാറി ജീവിതത്തിലെ നിലനിൽപ്പിനായി അവസാന കളിക്ക് ഇറങ്ങുന്നു. കളിക്കളം ഇത് കളിക്കളം, പടക്കളം ഇത് പടക്കളം.. ഈ പാട്ട് പാടിയത് എസ് പി ബാലസുബ്രഹ്മണ്യവും, സംഗീത സംവിധാനം എസ് ബാലകൃഷ്ണനും. പക്ഷെ കളിക്കളം എന്ന പാട്ടിന്റെ ഓർക്കസ്ട്ര ഒരുക്കിയ മ്യൂസിക് പ്രോഗ്രാമർ ആരാണെന്ന് അറിയുമോ? ഇന്ന് ലോകത്ത് ഏറ്റവും അധികം മൂല്യമുള്ള സംഗീത സംവിധായകൻ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകരിൽ ഒരാൾ. രണ്ട് അക്കാഡമി അവാർഡ് വാങ്ങിയ ഏഷ്യയിലെ ഒരേ ഒരു മ്യൂസിക് ഡയറക്ടർ! ഇന്ത്യൻ നവ സംഗീതത്തിലെ ചക്രവർത്തി! സാക്ഷാൽ അള്ളാ രഖാ റഹ്മാൻ (Allah Rakha Rahman), എ ആർ റഹ്മാൻ! അതേ റാംജി റാവു സ്പീക്കിംഗിലെ കളിക്കളം എന്ന പാട്ടിന്റെ പ്രോഗ്രാമർ റഹ്മാനാണ്. 1989-ൽ! അന്ന് റഹ്മാന് പ്രായം വെറും 22 വയസ്സ്!
റോജയിലൂടെ എൻട്രി
സംഗീതസംവിധായകനെന്ന നിലയിൽ റഹ്മാന്റെ ആദ്യ ചലച്ചിത്രം 1992-ൽ ഇറങ്ങിയ റോജയാണെന്ന് അറിയാമല്ലോ! മണിരത്നത്തിന്റെ 11-ാമത് പടം. മണിരത്നത്തിന്റെ സിനിമകളിലെല്ലാം ഇളയരാജയാണ് മ്യൂസിക്. മാത്രമല്ല, ഇരുവരും ഒന്നിച്ചതെല്ലാം ഹിറ്റുമാണ്. മണിരത്നത്തിന്റെ ഒരു ബന്ധു, റഹ്മാന്റെ സുഹൃത്തായിരുന്നു. ചെന്നെയിലെ ഒരു സ്വകാര്യ പരിപാടിയിൽ വെച്ച് റഹ്മാൻ മണിരത്നത്തെ കണ്ടു. ഇന്ത്യൻ സിനിമാ വ്യവസായത്തിന്റേയും ഇന്ത്യൻ സിനിമാ സംഗീതത്തിന്റേയും തലകുറി മാറ്റിയ കൂടിക്കാഴ്ച! റഹ്മാൻ മണിര്തനത്തെ തന്റെ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചു.
ഒരുദിവസം മണിര്തനം റഹ്മാന്റെ സ്റ്റുഡിയോയിലെത്തി. പഞ്ചതൻ സ്റ്റുഡിയോ! ഒരു കാർഷെഡാണ് സ്റ്റുഡിയോ ആക്കിയിരിക്കുന്നത്. പക്ഷെ സംഗീതത്തിന്റെ മറ്റൊരു പ്രപഞ്ചമാണ് മണിക്ക് അവിടെ കാണാനായത്. ഇതുവരെ ഇല്ലാത്ത ഒരു സംഗീതാനുഭവം. റോജ എന്ന സിനിമയിലേക്കുള്ള എൻട്രി അവിടെ കുറിക്കപ്പെട്ടു. രണ്ട് – മൂന്ന് മാസത്തോളം റഹ്മാൻ എന്ന ആ ചെറുപ്പക്കാരനൊപ്പം മണിര്തനം എന്ന സംവിധായക ജീനിയസ് ചിലവഴിച്ചു. സംഗീതത്തിലുള്ള റഹ്മാന്റെ പാഷനും അർപ്പണവും ഒരുകാര്യ മണിരത്നത്തിന് ബോധ്യപ്പെടുത്തി! ഇന്ത്യൻ സിനിമാ സംഗീതത്തിൽ സ്വന്തമായി മേൽവിലാസമുണ്ടാകാൻ പോകുന്ന ഒരാൾക്കൊപ്പമാണ് താൻ ഇരിക്കുന്നതെന്ന്. ചിന്ന ചിന്ന ആശെ എന്ന പാട്ടാണ് ആദ്യം കമ്പോസ് ചെയ്തത്. റോജയിലെ പാട്ടെല്ലാം കമ്പോസ് ചെയ്ത് കഴിഞ്ഞ് അത് ആദ്യം റഹ്മാൻ കേൾപ്പിച്ചത് തന്റെ മാതാവായ കരീമാ ബീഗത്തിനെയാണ്. റോജയിൽ മകനൊരുക്കിയ പാട്ടുകൾ കേട്ട് ആ മാതാവാന്റെ കണ്ണുകൾ നിറഞ്ഞു.
പടമിറങ്ങി! ഇന്ത്യൻ ജനത റോജയിലെ പാട്ടിൽ തലകുത്തി വീണു. ഇന്ത്യൻ സംഗീതത്തിലെ എക്കാലത്തേയും 10 മികച്ച ചലച്ചിത്ര സംഗീതങ്ങളിൽ ഒന്നായി ടൈം മാഗസിൻ തിരഞ്ഞെടുത്തത് റോജ-യിലെ പാട്ടുകൾ ! സിനിമാ സംഗീതത്തിന്റെ അതുവരെയുള്ള ഡൈനാമിക്സിന് അപ്പുറമുള്ള മ്യൂസിക്കൽ എഞ്ചിനീയറിംഗ് ആയി റോജ മാറി. റോജയിലെ സംഗീതത്തിന് ദേശീയ അവർഡ് റെഹ്മാനെ തേടി എത്തി. തമിഴിലും ഹിന്ദിയിലുമായി 30 ലക്ഷം കാസറ്റുകൾ വിറ്റു. അതുവരെയുള്ള റെക്കോർഡുകൾ തകരുകയായിരുന്നു. 1990-കളിൽ 7.5 കോടി രൂപയാണ് പാട്ട് വിറ്റ് മാത്രം റോജ നേടിയത്.
അൽക്ക യാഗ്നിക്ക് തകർന്നു പോയി
റോജയിൽ ചിത്രയും എസ്പിബിയും പാടിയ പാട്ട്, ഹിന്ദിയിൽ രുക്മണീ രുക്മണീ ആയപ്പോൾ കുമാർ സാനു-വും അൽക്കാ യാഗ്നിക്കും അത് പാടണമെന്ന് റഹ്മാന് ആഗ്രഹമുണ്ടായി. ഹിന്ദിയിൽ 1990-കളിൽ തിളങ്ങി നിൽക്കുകയാണ് ഇരുവരും. ഏതോ ഒരു റഹ്മാൻ മദ്രാസിൽ നിന്ന് വിളിച്ചു, ആരാണ് അയാൾ? പ്രശസ്തരല്ലാത്തവരുടെ സംഗീതത്തിന് പാടേണ്ട എന്ന് അൽക്കയും കുമാർ സാനുവും തീരുമാനിച്ചു. ഹസ്ക്കി വോയ്സുളള ശ്വേതാ ഷെട്ടി-യാണ് പകരം രുക്മനീ രുക്മനീ പാടിയത്. പാട്ട് പുറത്തുവന്നു, രാജ്യമാകെ, രുക്ണി എന്ന പാടി മറിഞ്ഞപ്പോൾ, അൽക്ക തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിരാശയിൽ വീണു. പറഞ്ഞത് അല‍്ക്ക യാഗ്നിക്ക് തന്നെയാണ്. ഭിത്തിയിൽ തല ഇടിച്ച് പൊളിക്കാൻ തോന്നിയ നിമിഷം. ഇതുവരെ പാടിയതെല്ലാം ശൂന്യമെന്ന് അവർക്ക് തോന്നിപ്പോയി. റഹ്മാനിസം തുടങ്ങുകയായിരുന്നു അവിടെ!
തെക്കേഇന്ത്യൻ സിനിമയുടെ ഗുരു കെ ബാലചന്ദർ സാറായിരുന്നു റോജയുടെ പ്രൊഡ്യൂസർ. അതുകൊണ്ട് തന്നെ മണിരത്നവും മറ്റ് ടെക്നീഷ്യന്മാരും ഒക്കെ ഗുരുദക്ഷിണ പോലെയാണ് റോജയ്ക്ക് വേണ്ടി വർക്ക് ചെയ്തത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ റഹ്മാന്
25,000 രൂപയായിരുന്നു പ്രതിഫലം. പക്ഷെ 25 ലക്ഷം കോടിയുടെ മൂല്യമാണ് റഹ്മാന് റോജ-യും റോജ ഇന്ത്യൻ സിനിമയ്ക്കും സമ്മാനിച്ചത്.
ബോംബെ, കാതലൻ, തിരുടാ തിരുടാ, ജെന്റിൽമാൻ തുടങ്ങി സംഗീത ലഹരിയുടെ പുതിയ കമ്പക്കെട്ടിന് റഹ്മാൻ തിരികൊളുത്തുകയായിരുന്നു അവിടെ! തുടർന്ന് ഇന്ത്യൻ സിനിമാ സംഗീതത്തിലും ലോകം കേൾക്കുന്ന ഇന്ത്യൻ സംഗീതജ്ഞരിലും, റഹ്മാൻ മറ്റാർക്കും പറ്റാത്തവിധം വളർന്നു. ഇപ്പോൾ 32 വർഷങ്ങൾ!
ഹമ്മഹമ്മ പാട്ട് പിറക്കുന്നത്
ഇപ്പോൾ അദ്ദേഹത്തിന്റെ പേരിനൊപ്പം ഉയരുന്ന സ്റ്റോറികൾ, വിവാഹമോചനവുമായി ബന്ധപ്പെട്ട നിലപാടുകൾ.. എ ആർ റഹ്മാൻ എന്ന ജീനിയസ്സിനെതിരെ എന്തൊക്കെ പറഞ്ഞാലും ആ മനുഷ്യൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സൃഷ്ടിച്ച വിസ്മയങ്ങൾ മറക്കാനാകുമോ?
റഹ്മാൻ എന്ന സംഗീത മാസ്മരികതയുടെ ഏറ്റവും അനിർവ്വചനീയമായ അനുഭൂതി എനിക്ക് എക്കാലവും ബോംബെ തീം ആണ്!
ഹൃദയത്തിന്റെ ആഴത്തിലെവിടെയോ കോർത്ത് വലിക്കുന്ന, തലയ്ക്കുള്ളിൽ ഇടിമിന്നൽ പോലെ മൂളികടന്നുപോകുന്ന സംഗീതത്തിന്റെ തീപ്പൊരി! ബോംബെയിൽ കലാപത്തിന്റെ കലുഷമായ കാഴ്ചയെ കാട്ടിത്തന്ന ഫ്രെയിമുകളിലേക്ക് തണുപ്പുറഞ്ഞ അലകൾപോലെ ഉയർന്ന് താഴ്ന്ന് വീഴുന്ന ജയ് ജയ് വന്ദി രാഗത്തിലെ പുല്ലാങ്കുഴൽ! രഘുപതി രാഘവ രാജാറാം എന്ന പ്രസിദ്ധമായ വരികളിലൊളിഞ്ഞിരിക്കുന്ന അതേ ജയ് ജയ് വന്ദി രാഗം. കേൾക്കുന്നവന്റെ കണ്ണുകളെ നനയിക്കാതെ ആ രാഗം തീരില്ല. അതിലാണ് റഹ്മാൻ ലോകത്തെ കീഴക്കിയ ബോംബെ തീമിൽ തന്റെ മ്യൂസിക്കൽ ജീനിയസിന്റെ ഇഴ ചേർത്തത്. സിനിമയിൽ ബോംബെ കലാപത്തിനിടെ മക്കളെ നഷ്ടമായ അമ്മ അവരെ തിരയുന്നതിന്റെ പശ്ചാത്തലത്തിലാണ് ബോംബെ തീം വന്ന് വീഴുന്നത്. ചെന്നെയിൽ ഒരുക്കിയ സെറ്റിലാണ് കാലാപ ദൃശ്യങ്ങൾ മണിരത്നം പകർത്തിയത്. തെരുവിലെ കലാപത്തിന്റെ ഷോട്ട് എടുക്കാനായി ലൊക്കേഷൻ ചെയ്ഞ്ച് ചെയ്യും മുമ്പ്, അതുവരെ ഷൂട്ട് ചെയ്തിരുന്ന വീട്ടിനുള്ളിൽ വെച്ച്, ഹമ്മഹമ്മ ഹമ്മ പാട്ടിന്റെ തുടക്കമുള്ള സീനുകൾ ചിലത് ചിത്രീകരിക്കാനുണ്ട്. പക്ഷെ ഹമ്മയുടെ സംഗീതം ആയിട്ടില്ല. തീരുന്നു തീരുന്നു എന്ന് പറയുന്നതല്ലാതെ പാട്ട് ആകുന്നില്ല. മണിരത്നത്തിന് നീരസം വന്ന് തുടങ്ങി.
സെൽഫോൺ അത്ര പ്രചാരമായിട്ടില്ല. ഒടുവിൽ ലാൻഡ്ഫോണിൽ ഒന്ന് കണക്റ്റ് ചെയ്ത് കിട്ടിയപ്പോൾ നാളെ വരൂ എന്ന് റഹ്മാൻ പറയുന്നു. പിറ്റേന്ന് റഹ്മാന്റെ പഞ്ചതൻ സ്റ്റുഡിയോയിൽ മണിരത്നവും ക്യാമറാമാൻ രാജീവ് മേനോനും മറ്റുളളവരും എത്തി. പക്ഷെ റഹ്മാൻ പറഞ്ഞു, ഹമ്മ ഹമ്മയുടെ ട്യൂൺ ആയിട്ടില്ല. മണിരത്നത്തിന്റെ ഭാവം മാറി തുടങ്ങി. മണി എങ്ങനെ പ്രതികരിക്കുമെന്ന് അറിയാതെ രാജീവ് മേനോൻ ഉൾപ്പെടെ അവിടെ ഉണ്ടായിരുന്നവർ പരുങ്ങി. ആ സമയം, ഇതൊന്ന് കേട്ട് നോക്കൂ എന്ന് പറഞ്ഞ് റഹ്മാൻ ഒരു തീം പ്ലെ ചെയ്തു, ബോംബെ തീം.. 3-4 മീനുറ്റുകൾ… ട്രാക്ക് കഴിഞ്ഞു. മണിരത്നവും മറ്റുള്ളവരും നിശ്ചലമായി ഇരിക്കുകയാണ്. ആ സ്റ്റുഡിയോയിലുള്ള എല്ലാവരും കരയുകയാണ്! രാജീവ് മേനോന്റെ കണ്ണുകളൊക്കെ നിറഞ്ഞ് ഒഴുകുകയാണ്. എന്താകുമെന്ന് അറിയാതെ പേടിച്ച് നിന്ന റഹ്മാനെ ചേർത്ത് പിടിച്ച് ഉരുണ്ടിറങ്ങുന്ന കണ്ണുനീർ തുടച്ച് മണി പറഞ്ഞു, എന്താണ് നീ ഈ ചെയ്ത് വെച്ചിരിക്കുന്നത്. നാളേക്ക് ഷൂട്ട് ചെയ്യേണ്ട പാട്ടിന്റെ ട്യൂൺ ആകാത്തതിന് ശകാരിക്കാൻ വന്ന എന്നെ നീ കരയിച്ചുകളഞ്ഞല്ലോ എന്ന്! ആ തീം പിന്നെ ചരിത്രമായി.
ബോംബെ തീമിൽ ഉയിരേ.. ഉയിരേ ..
അതുപോലെ ഉയിരേ ഉയിരേ എന്ന പാട്ട് ആര് പാടണമെന്ന കാര്യത്തിൽ റഹ്മാൻ കുഴങ്ങി. എസ് പി ബി, നമ്മുടെ പ്രിയപ്പെട്ട ദാസേട്ടൻ, പിന്നെ ഹരിഹരൻ. മൂന്ന് പേരുകൾ മനസ്സിൽകിടന്ന് മത്സരിച്ചു. മൂന്ന് പേരും ഇത് പാടുന്നത് താൻ വിഷ്വലൈസ് ചെയ്തു എന്ന് റഹ്മാൻ പറയുന്നു. സൂഫി സംഗീതത്തിന്റെ അനുരണനങ്ങളുള്ള ഉയിരേ, ഒടുവിൽ ഹരിഹരൻ പാടി. ഗസലിനുപുറത്ത് ഹരിഹരൻ ഒരു പാട്ട് ചെയ്തിട്ടില്ലാത്തത് കാരണമാണ് യേശുദാസിന് എന്ന് മനസ്സിൽ പലവുരു ഉറപ്പിച്ച ആ കാലാതിവർത്തിയായ പാട്ടിന്റെ നറുക്ക് ഹരിഹരന് വീണത്. പിന്നെയെല്ലാം ചരിത്രം. അതുപോലെ വിരഹ വേദനയിൽ കടൽവാതുക്കൽ നിൽക്കുന്ന കാമുകന്റെ അരികിലേക്ക് ഓടി വരുന്ന മനീഷ കൊയ്രാളയുടെ കഥാപാത്രം. മഴക്കാറ്റ് തങ്ങിയ ഈറൻ അന്തരീക്ഷത്തിൽ, തീരത്തെ പാറയിലിടിച്ച് ചിതറുന്ന തിരമാലയുടെ ക്ഷോഭത്തിൽ കണ്ണൂർ ബേക്കലിൽ നിന്ന് മണിരത്നവും ക്യാമറാമാൻ രാജീവ് മേനോനും പകർത്തിയ വിഷ്വലുകളിലാണ് ഉയിരേയുടെ ആ ആദ്യ നോട്ടുകൾ വന്ന് വീഴുന്നത്. തന്റെ കർമ്മമേഖലയോട് വിനയവും പ്രണയവും അർപ്പണവും ഉള്ള ഒരാൾക്ക് മാത്രമേ വിഷ്വലിനനുസരിച്ച് സംഗീതത്തിന് അഴകും അർത്ഥവും നൽകാനാകൂ.. അതാണ് റഹ്മാൻ!
ബോംബെ തീം, ഉയിരേ ഇതെല്ലാം പിറന്നത് 30 വർഷം മുമ്പാണെന്ന് ഓർക്കണം. ആ പാട്ടുകളൊക്കെ കേൾക്കുമ്പോഴൊക്കെ ഞാൻ എന്റെ ഹൈസ്ക്കൂൾ കാലത്തേക്ക് പോകും., ആ കാലം! ഉയിരേ ഒക്കെ പിരമിഡിന്റെ കാസറ്റ് പാനസോണിക്കിന്റെ ടേപ്പ് റിക്കോർറിൽ ഇട്ട് കേട്ടത് ഇപ്പോഴും ചെവിയിലുണ്ട്. ക്രിസ്റ്റൽ ക്ലിയറായി ഓരോ ഇൻസ്ട്രമെന്റിന്റേും ശബ്ദം സിരകളിലേക്ക് കയറുന്നത് റഹ്മാൻ സംഗീതത്തിലൂടെയാണ് അനുഭവിച്ചത്.
ശരിക്കും എആർആർ ഓഫ് ഓസ്ട്രിയ
“Mozart of Madras, എന്നാണ് റഹ്മാനെ പറയുക, പക്ഷെ മൊസാർട്ട് , എ ആർ ആർ ഓഫ് ഓസ്ട്രിയ എന്നാണ് പറയേണ്ടത് എന്ന് തോന്നാറുണ്ട്. കാരണം ഭാഗ്യത്തിന്റെ കരുണയിലല്ല, കഴിവിന്റെ കനലിലാണ് റഹ്മാൻ ഇന്നത്തെ റഹ്മാനായത്. ചെന്നെയിലെ തെരുവിലെവിടെയങ്കിലും ഒരു പഴയ മ്യൂസിക് ഡയറക്ടറുടെ മകന്റെ ലേബലിൽ, സംഗീതോപകരണങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന, സിനിമയിലെ ആയിരക്കണക്കിന് പിന്നണി പ്രവർത്തകരിൽ ഒരാളായി ആ ഒഴുക്കിൽ ഒന്നുമല്ലാതായി പോകുമായിരുന്ന ജീവിതത്തെയാണ് അയാൾ സ്ഫുടം ചെയ്ത സംഗീതസിദ്ധികൊണ്ട് ലോകത്തിന്റെ നെറുകയിൽ എത്തിച്ചത്.
സ്വന്തം മാനം മാത്രല്ല, ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ സാമ്പത്തിക നട്ടെല്ലായി മാറിയ എത്രയോ റഹ്മാൻ പാട്ടുകൾ! ഹിന്ദുസ്ഥാനിയും, സൂഫിസഫും, ഫോൾക്ക് ഈണങ്ങളും, പേർഷ്യൻ സംഗീത താളങ്ങളും, വെസ്റ്റേൺ നോട്ടുകളും ഒക്കെ സ്വാംശീകരിച്ച് സംഗീത്തിൽ മുങ്ങി കുതിർന്ന് നിൽക്കുന്ന റഹ്മാൻ. കഴിവിനൊപ്പം അദ്ദേഹത്തിന്റെ ആത്മാർപ്പണം.
സംഗീതസാമ്രാജ്യത്തിന്റെ മൂല്യം 2000 കോടിയുടേത്
മൂന്ന് പതിറ്റാണ്ടുകൊണ്ട് 145 സിനിമകളിലായി ആയിരത്തോളം പാട്ടുകൾ. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം കൂടാതെ ഇംഗ്ളീഷിലും പേർഷ്യൻ ഭാഷയിലും സംഗീതത്തിന്റെ വിളയാട്ടം. എആർ റഹ്മാന്റെ പാട്ടുകൾ ഉള്ളത്കൊണ്ട് മാത്രം വമ്പൻ ഹിറ്റായ പടങ്ങൾ. 30 വർഷം കൊണ്ട് റഹ്മാൻ സൃഷ്ടിച്ച സംഗീത സാമ്രാജ്യത്തിന്റെ മൂല്യം 2000 കോടിയുടേതാണ്! ഒരു പടത്തിന്റെ സംഗീത സംവിധാനത്തിന് 10 കോടിയോളം രൂപ പ്രതിഫലം, 1 മണിക്കൂർ സ്റ്റേജ് പെർഫോമൻസിന് 2 കോടി രൂപ, ഒരു പാട്ട് പാടാൻ 3 കോടിയും.. അങ്ങനെ സംഗീതം കൊണ്ട് സഹസ്രകോടികൾ സ്വന്തമാക്കിയ റഹ്മാൻ.
സ്പോർട്ടിഫൈയിലെ ഏറ്റവും സ്ട്രീം ചെയ്ത ആർട്ടിസ്റ്റുകളിൽ മുമ്പൻ. 183 രാജ്യങ്ങളിലായി 160 കോടി ആളുകളിലേക്കാണ് ഒരു വർഷം മാത്രം റഹ്മാന്റെ മാന്ത്രിക സംഗീതം ഒഴുകി ഇറങ്ങിയത്. സംഗീത സംവിധാനത്തിനുമപ്പുറം മ്യൂസിക്കുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ മികച്ച ബിസിനസ്സ് സംരംഭകനുമാണ് റഹ്മാൻ. കോടമ്പാക്കത്തുള്ള പഞ്ചതൻ റെക്കോർഡ് ഇൻ, എഎം സ്റ്റുഡിയോസ് എന്നിവ റഹ്മാന്റെ സംരംഭങ്ങളാണ്. സംഗീതം പഠിപ്പിക്കുന്ന KM Music Conservatory മറ്റൊരു ഇനിഷ്യേറ്റീവാണ്. വിവിധ രാജ്യങ്ങളിലെ ആർട്ടിസ്റ്റുകളുമായി ചേർന്ന് അന്താരാഷ്ട്ര മ്യൂസിക് പ്രോജക്റ്റുകൾ. പ്രീമിയം ടിക്കറ്റ് നിരക്കിലാണ് ഈ സംഗീത പരിപാടികളൊക്കെ വിറ്റ് പോകുന്നത് എന്ന് പറയേണ്ടല്ലോ.
ഓസ്ക്കാർ ജേതാവ്, ഗ്രാമി അവാർഡ് ജേതാവ് എന്നതൊക്കെ റഹ്മാന്റെ ബ്രാൻഡ് വാല്യുവും താരപരിവേഷവും വർദ്ധിപ്പിച്ചിരിക്കുന്നു. അന്താരാഷ്ട്ര മ്യൂസിക് മാർക്കറ്റിൽ മറ്റേതൊരു ഏഷ്യൻ സംഗീതജ്ഞനേക്കാളും കൊമേഴ്യൽ വാല്യു റഹ്മാന് ഉണ്ടായിക്കൊണ്ടിരിക്കുന്നു. സോണി മ്യൂസിക്, ടി സീരീസ്, സരിഗമ തുടങ്ങിയ ഡിജിറ്റൽ മ്യൂസിക് പ്ലാറ്റ്ഫോമുകളുടെ വരുമാനത്തിന്റെ വലിയഭാഗം റഹ്മാന്റെ പാട്ടുകളിലൂടെയാണ്. ഇതിൽ നിന്നൊക്കെ റോയൽറ്റി ഇനത്തിൽ അദ്ദേഹത്തിന് ലഭിക്കുന്ന വരുമാനം ചെറുതല്ല. ക്രിയേറ്ററിനപ്പുറം ഇൻവെസ്റ്റർ റോളിലേക്ക് റഹ്മാൻ തിരിയുന്നു. പല സിനിമാ നിർമ്മാണ സംരംഭങ്ങളിലും എആർ പങ്കാളിയാകുന്നുണ്ട്. Andrew Lloyd Webber പോലെയുള്ള പ്രതിഭകളും Disney പോലുള്ള സ്റ്റുഡിയോകളും റഹ്മാനൊപ്പം സഹകരിച്ച് പ്രൊജക്റ്റുകൾ ചെയ്യാൻ മത്സരിക്കുന്നു.
സീറോയിൽ നിന്ന് തുടങ്ങി
കലയെ സംരംഭമാക്കി വിജയിപ്പിച്ച എആർആർ തുടങ്ങിയത് സീറോയിൽ നിന്നാണ്. പിതാവ് ആർ കെ ശേഖർ മരിച്ചപ്പോൾ കേവലം 9 വയസ്സ് മാത്രമായിരുന്ന റഹ്മാന്റെ പ്രായം. പിതാവിന്റെ സംഗീതോപകരണങ്ങൾ വാടയ്ക്ക് നൽകിയാണ് കുടുംബം പുലർത്തിയത്. സംഗീതത്തോടുള്ള പ്രണയവും പ്രതിബദ്ധതയും പതറാത്ത മനസ്സും പതിറ്റാണ്ടുകൾക്കിടയിൽ ഒരാൾക്ക് മാത്രം പ്രകൃതി പകരുന്ന പ്രതിഭാവിലാസവും കൊണ്ട് മാത്രം പകരക്കാരനില്ലാതെ വളർന്ന എ ആർ ആർ! ഇന്ത്യൻ സനിമാ സംഗീതത്തിൽ അതുവരെയുള്ള എല്ലാ നിയമങ്ങളേയും ധാരണകളേയും ലെജന്റുകളേയും അപ്രസക്തമാക്കിയ റഹ്മാൻ കോടിക്കണക്കിന് സംഗീത ആരാധകരെ അക്ഷരാർത്ഥത്തിൽ തന്റെ മാന്ത്രിക വിരലുകൾ കൊണ്ട് അടിമകളാക്കി മാറ്റുകയാണ് ചെയ്തത്. റഹ്മാൻ വരച്ചിട്ട പുതിയ ക്യാൻവാസിലാണ് അദ്ദേഹത്തിന്റെ പിന്നാലെ വന്നവർ പോലും പുതിയ ഈണങ്ങൾ ഒരുക്കുന്നത് പോലും. അനുകരിക്കാൻ ആവാത്തത്ര ആഴത്തിലും അർത്ഥത്തിലുമാണ് അനവദ്യമായ മെലഡികൾ ആ മനുഷ്യൻ സൃഷ്ടിക്കുന്നത്.
ഇന്ത്യയിൽ 1990-കളിൽ ബാല്യ-കൗമാരങ്ങൾ പിന്നിട്ടവർക്ക് കണ്ണാലെ കാണാൻ രണ്ട് ദൈവങ്ങളേ ഉണ്ടായിരുന്നുള്ളൂ, എ ആർ റഹ്മാനും സച്ചിൻ തെണ്ടുൽക്കറും! സംഗീതവും ക്രിക്കറ്റും. മതം, രാഷ്ട്രീയം, ജാതി, ദേശം, ഭാഷ, പ്രായം, പണം, ജോലി, സ്റ്റാറ്റസ് എന്നിവയ്ക്കുമപ്പുറം ജനതയെ ഒന്നിപ്പിക്കുന്ന മായാ ലഹരി. ഈ രണ്ടിലും അക്കാലത്തെ യുവത്വത്തിന് ആശ്രയിക്കാനും ആരാധിക്കാനും രണ്ട് പേർ! അതായിരുന്നു റഹ്മാനും സച്ചിനും! ഇന്ത്യയ്ക്ക് അകത്ത് എത്രയോ അതിന്റെ ഇരട്ടിയാൽ ഇന്ത്യ്ക്ക് പുറത്തും ആരാധിക്കപ്പെടുന്ന രണ്ട് നക്ഷത്രങ്ങൾ! ജീവിതത്തിൽ ഈ നക്ഷത്രങ്ങൾക്ക് പക്ഷെ വ്യക്തിപരമായ തീരുമാനങ്ങളുടെ പേരിൽ വിമർശനമേൽക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? അവർ വഴികാട്ടിയായ റോൾ മോഡലുകളായി മാറിയതിനാലാണോ? നല്ലത് ചെയ്താൽ അത് കോടിക്കണക്കിന് ആളുകൾക്ക് പ്രചോദനമാകും, സമൂഹത്തിന്റെ ചില വിശ്വാസങ്ങൾക്ക് പുറത്ത് അവർ ചില തീരുമാനങ്ങൾ എടുത്താൽ അതും മറ്റുള്ളവരെ സ്വാധീനിക്കാം. എആർ റഹ്മാന് വിവാഹമോചനം ആകാമെങ്കിൽ, തനിക്കും ആയിക്കൂടെ എന്ന് അസ്വാരസ്യമുള്ള ഏതൊരു ദാമ്പത്യത്തിലും തോന്നാം എന്നാണോ?. അതുകൊണ്ട് സ്വകാര്യ ജീവിതത്തിൽ അവർ എടുക്കുന്ന തീരുമാനങ്ങൾ അവരുടെ തിളക്കം കെടുത്തുമോ? അതോ അവരുടെ കഴിവിനേയും വ്യക്തി ജീവിതത്തേയും നമ്മൾ രണ്ടായി കാണണോ? അതല്ല, ആരാധനാ മൂർത്തികളായ പ്രതിഭാ നക്ഷത്രങ്ങൾ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളെ പുറംലോകം അറിയാതെ അടക്കിപ്പിടിക്കണോ? അഭിപ്രായം പറയുമല്ലോ?
Explore AR Rahman’s inspiring journey from programming music for Ramji Rao Speaking to global fame with Roja and Slumdog Millionaire. A story of resilience, innovation, and unmatched artistry.