സന്ദർശക വിസാ നിയമങ്ങൾ കർശനമാക്കി യുഎഇ. സന്ദർശക വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ ഹാജരാക്കേണ്ട രേഖകളുടെ കാര്യത്തിലാണ് യുഎഇ പുതിയ നിർദേശങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. ഹോട്ടലിലാണ് താമസമെങ്കിൽ ഹോട്ടൽ ബുക്കിങ് രേഖയും ബന്ധുവീടുകളിലാണെങ്കിൽ അവിടുത്തെ വിലാസം തെളിയിക്കുന്ന രേഖയും താമസ രേഖയായി അപേക്ഷയ്ക്കൊപ്പം കാണിക്കണം. ഇതോടൊപ്പം ആവശ്യമായ പണം കയ്യിലുണ്ടെന്ന രേഖയും മടക്കയാത്രാ ടിക്കറ്റും കാണിക്കണം.
മുമ്പ് സന്ദർശക വിസയിൽ വരുന്നവർക്ക് താമസ രേഖ, മടക്കയാത്രാ ടിക്കറ്റ്, 3000 ദിർഹത്തിന് തുല്യമായ കറൻസി എന്നിവ ബോർഡിങിന് മുൻപ്
എയർപോർട്ടിൽ കാണിച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ഈ രേഖകൾ സന്ദർശക വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ കൈവശമുണ്ടായിരിക്കണം. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസ രേഖ, മടക്കയാത്രാ ടിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്മെൻറ് എന്നിവ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. രേഖകൾ വിസ അപ്ലിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ കൈവശമുണ്ടാകണമെന്നാണ് പുതിയ നിർദ്ദേശം. സന്ദർശക വിസ ദുരുപയോഗം തടയാനാണ് പുതിയ നിർദ്ദേശങ്ങൾ.
ട്രാവൽ ഏജൻസികൾക്ക് പുതിയ നിയമം സംബന്ധിച്ച് ദുബായ് എമിഗ്രേഷൻ വകുപ്പ് നിർദ്ദേശം ലഭിച്ചു. ഇതനുസരിച്ച് വിസിറ്റിംഗ് വിസക്ക് അപേക്ഷിക്കുമ്പോൾ ക്യൂആർ കോഡുള്ള റിട്ടേൺ ടിക്കറ്റും ഹോട്ടൽ ബുക്കിംഗ് അല്ലെങ്കിൽ താമസ രേഖകളും സമർപ്പിക്കണം. സന്ദർശക വിസ പുതുക്കാൻ രാജ്യത്തിന് വെളിയിൽ പോയവരെ അടക്കം പുതിയ തീരുമാനം ബാധിക്കും. യുഎഇയിൽ നിന്ന് മടങ്ങാതെ ഓരോ മാസം വീതം രണ്ട് തവണ വിസിറ്റ് വിസ പുതുക്കാൻ അവസരമുണ്ടെങ്കിലും ഇതിനുള്ള ചിലവ് കൂടുതലായതിനാൽ പലരും ഇതിന് മുതിരാറില്ല.
നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ പലരും യുഎഇയിൽ നിന്ന് എക്സിറ്റ് അടിച്ച് ഒമാൻ പോലുള്ള ജിസി രാജ്യങ്ങളിലേക്ക് പോയി വീണ്ടും സന്ദർശക വിസയ്ക്ക് അപേക്ഷിച്ച് തിരികെ എത്താറാണ് പതിവ്. ഇപ്പോൾ ഇത്തരത്തിൽ പോയവരുടെയെല്ലാം വിസ അപേക്ഷകളേയും പുതിയ നിയമം ബാധിക്കും.
Discover Dubai’s updated tourist visa regulations for 2024. Learn about mandatory documents, financial proof requirements, and options for Indian passport holders, including visa-on-arrival and five-year multiple-entry visas.