രാജ്യത്തെ ഏറ്റവും ശക്തരായ ബിസിനസ് കുടുംബമാണ് ടാറ്റ കുടുംബം. രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ അർധ സഹോദരൻ നോയൽ ടാറ്റയെക്കുറിച്ചുമെല്ലാം ഇന്നത്തെ തലമുറയക്ക് അറിയാം. എന്നാൽ രത്തൻ ടാറ്റയ്ക്കും മുൻപേ അനേകം ടാറ്റമാർ പ്രതിബന്ധങ്ങളോട് പോരടിച്ച് കെട്ടിപ്പടുത്തതാണ് ടാറ്റ സാമ്രാജ്യം. അത്തരത്തിൽ ഒരു കനത്ത പ്രതിസന്ധിയിൽ നിന്നും ടാറ്റയെ രക്ഷിച്ച വനിതയാണ് മെഹർബായ് ടാറ്റ.
1879ൽ ജനിച്ച മെഹർബായ് വെറും പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ജംഷഡ്ജി ടാറ്റയുടെ മൂത്ത മകൻ ദൊറാബ്ജി ടാറ്റയുമായി വിവാഹിതയായി. സ്ത്രീകളെ വീട്ടിനുള്ളിൽ പുറത്ത് പൊകുന്നതിനു പോലും വിലക്കിയിരുന്ന ഒരു കാലത്ത് അവർ സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടിയും വോട്ടവകാശത്തിനു വേണ്ടിയും പർദ സമ്പ്രദായം നിർത്തലാക്കുന്നതിനും വേണ്ടി പ്രവർത്തിച്ചു.
മെഹർബായുടെ ജീവിതം നിരവധി മേഖലകളിലായി പരന്നുകിടക്കുന്നതാണ്. ഇന്ത്യയിലെ ആദ്യ ഫെമിനിസ്റ്റ് എന്ന വിശേഷണം അവരുടെ ചിറകിലെ
ഒരു തൂവൽ മാത്രം.1929ൽ മെഹർബായിയുടെ കൂടി ശ്രമഫലമായാണ് ഇന്ത്യയിൽ ബാല വിവാഹം നിരോധിക്കപ്പെട്ടത്. ഈ സാമൂഹ്യ സേവനങ്ങൾക്കു പുറമേ അക്കാലത്ത് കടക്കെണിയിൽ അകപ്പെട്ട ടാറ്റയെ രക്ഷിക്കാൻ മെഹർബായ് നടത്തിയ ശ്രമങ്ങളും വലുതാണ്.
സാമ്പത്തിക ബുദ്ധിമുട്ടിൽപ്പെട്ട് നട്ടം തിരിഞ്ഞ ടാറ്റയുടെ ഉയിർപ്പിൽ മെഹർബായ് വഹിച്ച പങ്ക് വലുതാണ്. 1924ൽ TISCO എന്നായിരുന്നു ടാറ്റ സ്റ്റീൽ അറിയപ്പെട്ടിരുന്നത്. അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി ടിസ്കോയുടേയും പ്രവർത്തനം അവതാളത്തിലായി. അന്ന് കടങ്ങലിൽ നിന്നും കരകയറാൻ തന്റെ കയ്യിലുണ്ടായിരുന്ന അമൂല്യങ്ങളിൽ അമൂല്യമായ ജൂബിലി ഡയമണ്ട് വരെ മെഹർബായ് വിൽക്കാൻ തയ്യാറായി. പ്രശസ്തമായ കോഹിനൂർ രത്നത്തേക്കാൾ രണ്ടിരട്ടി വലിപ്പം വരുന്ന വജ്രക്കല്ലായിരുന്നു ജൂബിലി. ബിസിനസ് കടങ്ങൾ വീട്ടിയതിനു പുറമേ പിന്നീട് വജ്രവിൽപനയുടെ ബാക്കി തുക കൊണ്ട് ടാറ്റ മെമോറിയൽ ഹോസ്പിറ്റലും ടാറ്റ ഇൻസ്റ്റിറ്റൂട്ട് ഓഫ് സോഷ്യൽ സയൻസും സ്ഥാപിക്കപ്പെട്ടു.
സാമൂഹ്യസേവനങ്ങൾക്കും ബിസിനസ്സിനും പുറമേ മികച്ച സ്പോർട്സ് താരം കൂടിയായിരുന്നു മെഹർബായ്. 1924ലെ പാരീസ് ഒളിംപിക്സ് ടെന്നീസിൽ മത്സരിച്ച അവർ ഇന്ത്യക്ക് വേണ്ടി ഒളിംപിക്സ് ടെന്നീസ് കളിച്ച ആദ്യ വനിതയാണ്. സാരിയുടുത്തായിരുന്നു മെഹർബായ് ഒളിംപിക്സ് മത്സരത്തിന് ഇറങ്ങിയത് എന്നത് മറ്റൊരു സവിശേഷതയാണ്.
52ാം വയസ്സിൽ ക്യാൻസർ ബാധിച്ചാണ് മെഹർബായ് മരണമടഞ്ഞത്. മരണം വരേയും മരണാനനന്തരവും ഏറ്റവും വലിയ പ്രചോദനമായി അവരുടെ പേര് നിലനിൽക്കുന്നു.
Lady Meherbai Tata, wife of Sir Dorabji Tata, saved Tata Steel during a financial crisis and championed women’s rights and social reforms. Learn how her sacrifices and contributions shaped India’s future.