ദക്ഷിണ കൊറിയൻ വാഹനനിർമാതാക്കളായ കിയ മോട്ടോഴ്സിന്റെ ആഢംബര എംപിവി മോഡലായ കാർണിവൽ ലിമോസിൻ സ്വന്തമാക്കി സിന്തൈറ്റ് ഇൻഡസ്ട്രീസ് എംഡി ഡോ. വിജു ജേക്കബ്. ഇതോടെ കേരളത്തിൽ നിന്ന് പുതിയ കിയ കാർണിവലിന്റെ ഉടമയാകുന്ന ആദ്യ വ്യക്തിയായി ഡോ. വിജു ജേക്കബ് മാറി. കേരളത്തിൽ നിന്ന് ആദ്യമായി ഫെറാരി റോമ സ്വന്തമാക്കി വിജു ഏതാനും മാസങ്ങൾക്ക് മുൻപ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈ വർഷം മെയിലാണ് 4.20 കോടി രൂപ വില വരുന്ന ഫെറാരി റോമ കൂപ്പെ സ്പോർട്സ് കാർ വിജു സ്വന്തമാക്കിയത്. ഇതിനു പിന്നാലെയാണ് കേരളത്തിൽ നിന്ന് ആദ്യമായി പുതിയ കിയ കാർണിവൽ ലിമോസിൻ സ്വന്തമാക്കുന്ന വ്യക്തിയായി വിജു മാറിയിരിക്കുന്നത്.
ഈ ആഢംബര വാഹനങ്ങൾക്കു പുറമേ മെർസിഡീസ് മെയ്ബാക്ക്, മെർസിഡീസ് ജി-വാഗൺ, ബിഎംഡബ്ല്യു തുടങ്ങി നിരവധി വാഹനങ്ങൾ
കേരളത്തിലെ വലിയ വാഹനപ്രേമിയായി അറിയപ്പെടുന്ന വിജുവിന്റെ കൈവശമുണ്ട്. കൊച്ചി നെട്ടൂരിലെ കിയ ഡീലർഷിപ്പിൽ നിന്നാണ് വിജു പുത്തൻ കാർ വാങ്ങിയത്. ഈ വർഷം ഒക്ടോബർ ആദ്യ വാരമാണ് കിയ പുതിയ കാർണിവൽ ഇന്ത്യയിൽ എത്തിച്ചത്. കഴിഞ്ഞ നവംബർ മുതൽ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്ക്കെത്തിയ നാലാം തലമുറ കാർണിവലിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പാണിത്. ലിമോസിൻ, ലിമോസിൻ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വിപണിയിലെത്തുന്ന പുതിയ കിയ കാർണിവലിന്റെ എക്സ്ഷോറൂം വില 63.90 ലക്ഷം രൂപ മുതലാണ്.
7 സീറ്റർ ഓപ്ഷനിൽ മാത്രമാണ് നിലവിൽ പുതിയ കാർണിവൽ എത്തിയിരിക്കുന്നത്. വൈറ്റ് പേൾ, ഫ്യൂഷൻ ബ്ലാക്ക് എന്നീ നിറങ്ങളിലുള്ള കാർണിവലിന്റെ ബ്ലാക്ക് കളർ ഓപ്ഷനാണ് വിജു ജേക്കബ് വാങ്ങിയത്. രൂപത്തിലും ഭാവത്തിലും മാറ്റം കൊണ്ടുവന്നിട്ടുണ്ടെങ്കിലും പഴയ കാർണിവലിലെ പവർട്രെയിൻ ഓപ്ഷൻ പുതിയ കാർണിവലിലും നിലനിർത്തിയിട്ടുണ്ട്.
Dr. Viju Jacob, MD of Synthite Industries, becomes the first person from Kerala to own the new Kia Carnival Limousine, adding to his impressive collection of luxury cars like Ferrari Roma and Mercedes Maybach.