സീപോർട്ട്-എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാകും. എൻഎഡി മുതൽ മഹിളാലയം വരെയുള്ള രണ്ടാം ഘട്ട നിർമാണത്തിനായി 569 കോടി രൂപ കിഫ്ബിയിൽ നിന്ന് (KIIFB) റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനു (ആർബിഡിസി) കൈമാറി. ഭൂമി ഏറ്റെടുക്കുന്നതിനും പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിനുമായാണ് നിർവഹണ ഏജൻസിയായ ആർബിഡിസിക്ക് തുക കൈമാറിയിരിക്കുന്നത്.
ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന രണ്ടാം ഘട്ട വികസനത്തിന് ഇതോടെ അനക്കം വെയ്ക്കും. നിലവിൽ 25.7 കിലോമീറ്ററുള്ള സീപോർട്ട് എയർപോർട്ട് റോഡ് രണ്ട് ഘട്ടങ്ങളായാണ് നിർമാണം. ആദ്യ ഘട്ടമായ ഇരുമ്പനം-കളമശ്ശേരി 2019ൽ പൂർത്തിയായി. കളമശ്ശേരി എച്എംടി റോഡ് മുതൽ എയർപോർട്ട് വരെയുള്ള 14.4 കിലോമീറ്ററാണ് രണ്ടാം ഘട്ടം. ഇതിലുൾപ്പെടുന്നതാണ് എൻഎഡി മുതൽ മഹിളാലയം വരെയുള്ള ഭാഗം. ഈ ഭാഗത്ത് ഭൂമി ഏറ്റെടുക്കലിൽ മെല്ലെപോക്കായിരുന്നു. സ്ഥലമേറ്റെടുക്കാനുള്ള നോട്ടിഫിക്കേഷൻ വന്ന് 22 വർഷമായിട്ടും ഏറ്റെടുപ്പ് നടപടികളിലേക്ക് നീങ്ങാൻ സാധിച്ചിരുന്നില്ല. ഭൂമി ക്രയവിക്രയങ്ങൾ ചെയ്യാനാവാത്തതിനാൽ ഈ ഭാഗത്തുള്ള ഭൂമി ഉടമകൾ ബുദ്ധിമുട്ടിലായിരുന്നു.
എച്എംടി മുതൽ എൻഎഡി വരെയുള്ള ഭാഗത്തെ ഭൂമി ഏറ്റെടുക്കാനായി ഗവൺമെന്റ് അടുത്തിടെ 18 കോടി അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ എൻഎഡി മുതൽ മഹിളാലയം വരെയുള്ള ഭാഗത്തിനായി വൻ തുക അനുവദിച്ചിരിക്കുന്നത്. ഇത് രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കും.
The second phase of the Seaport-Airport Road from NAD to Mahilalayam gains momentum with Rs 569 crore allocated for land acquisition and compensation. This timely boost aims to resolve a 22-year delay and complete the 14.4 km stretch.