ഈന്തപ്പഴത്തിൽ നിന്നും നിർമിച്ച ശീതളപാനീയവുമായി സൗദി അറേബ്യയിലെ ‘മിലാഫ് കോള’ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു.
ഡേറ്റ് സിറപ്പ് പോലെ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന നിരവധി ഈന്തപ്പഴ ഉത്പന്നങ്ങൾ ഉണ്ടെങ്കിലും ഈന്തപ്പഴത്തിൽ നിന്നും ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ശീതളപാനീയം നിർമിക്കുന്നത് എന്നാണ് റിപ്പോർട്ട്. സൗദിയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ സബ്സിഡിയറിയായ തുറാത്ത് അൽ മദീന ‘റിയാദ് ഡേറ്റ് ഫെസ്റ്റിവലിൽ’ പുറത്തിറക്കിയ സോഫ്റ്റ് ഡ്രിങ്ക് പെപ്സി, കൊക്ക കോള അടക്കമുള്ള വമ്പൻമാർക്ക് വെല്ലുവിളിയാകും എന്നാണ് കരുതപ്പെടുന്നത്.
കരിമ്പ്, കോൺ സിറപ്പ് തുടങ്ങിയവയിൽ നിന്നാണ് സാധാരണ കോളകൾ നിർമിക്കുന്നത്. എന്നാൽ മിലാഫ് കോളയിൽ ഇതിനു പകരം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രൈ ഫ്രൂട്ട് ആയി അറിയപ്പെടുന്ന ഈന്തപ്പഴത്തിന്റെ സത്ത് ആണ് ഉപയോഗിക്കുന്നത്.
ഇക്കാരണം കൊണ്ടുതന്നെ സാധാരണ കോളയെ അപേക്ഷിച്ച് മിലാഫിന് ആരോഗ്യഗുണം ഏറും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇങ്ങനെ രുചിയിൽ വിട്ടുവീഴ്ച്ചയില്ലാതെ അനാരോഗ്യകരമായ സോഫ്റ്റ് ഡ്രിങ്കുകൾക്ക് ആരോഗ്യകരമായ ബദൽ എന്ന നിലയിലാണ് മിലാഫ് കോള എത്തുന്നത്.
ഫൈബർ, മിനറലുകൾ എന്നിവ കൊണ്ട് സമ്പന്നമാണ് ഈന്തപ്പഴം. സൗദിയിൽ ലഭ്യമായ ഏറ്റവും ഗുണമേന്മയുള്ള ഈന്തപ്പഴം ഉപയോഗിച്ചാണ് മിലാഫ് കോളകൾ നിർമിക്കുക. ഈ ഗുണങ്ങൾ കോളയിലൂടെ ലഭ്യമാകുന്നു എന്നതാണ് പ്രധാന നേട്ടമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.
Discover Milaaf Cola, the world’s first date-based soft drink by Turat Al Madina, offering a healthier alternative to regular colas with the benefits of fiber and minerals.