സ്മാർട്ട് സിറ്റി പദ്ധതി നിന്നുപോവില്ലെന്നും സ്മാർട്ട് സിറ്റിയിൽ ടീകോമിനു നഷ്ടപരിഹാരം നൽകുന്നു എന്ന വാർത്ത ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്മാർട് സിറ്റി പദ്ധതിയിൽ ടീകോം വാങ്ങിയ ഓഹരി വിലയാണ് നൽകാൻ ഒരുങ്ങുന്നതെന്നും മറ്റ് പ്രചരണങ്ങൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻറെ ഭാവി വികസനത്തിന് കരുത്തേകുന്ന തരത്തിൽ സ്മാർട് സിറ്റിയുടെ കാര്യത്തിൽ ഗവൺമെന്റ് ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുഎഇയിലേയും കേരളത്തിലേയും ഭരണാധികാരികൾ ഇടപെട്ട നിരവധി ചർച്ചകളുടെയും സഹകരണത്തിൻറെയും ഒരു ഉൽപന്നമാണ് സ്മാർട്ട് സിറ്റി കരാർ. അത്കൊണ്ടുതന്നെ ടീകോമിനെ നഷ്ടപരിഹാരം കൊടുത്തു പറഞ്ഞു വിടുക എന്നതല്ല സർക്കാർ നയം. പിന്മാറ്റനയം തയ്യാറാക്കുന്നതിനായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഭാവി കാര്യങ്ങൾ കമ്മിറ്റി പരിശോധിച്ച് വരികയാണ്. സ്മാർട്ട് സിറ്റിയിൽ ടീകോം വാങ്ങിയ ഓഹരി വിലയാണ് മടക്കി നൽകേണ്ടി വരിക. ഇത് ഇൻഡിപൻഡൻറ് ഇവാല്യൂവേറ്റർ തീരുമാനിക്കുന്നതാണ്, അല്ലാതെ നഷ്ടപരിഹാരമല്ല-മുഖ്യമന്ത്രി പറഞ്ഞു.
പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ പദ്ധതിയുടെ തുടർവികസനം നടക്കും. 246 ഏക്കർ സർക്കാർ ഭൂമി പാട്ടത്തിന് നൽകിയാണ് സ്മാർട്ട് സിറ്റി എസ്പിവി രൂപവത്കരിച്ചത്. ഈ ഭൂമി കേരളത്തിൻറെ ഐടി വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
CM Pinarayi Vijayan affirms Kerala’s Smart City project will continue without compensation to Tecom. Learn about the project’s government-controlled future.