400 ബില്യൺ ഡോളർ ആസ്തിയിൽ എത്തുന്ന ആദ്യ വ്യക്തിയായി ടെസ്ല-സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്‌ക്. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടിക പ്രകാരം മസ്‌കിൻ്റെ ആസ്തി ഒറ്റയടിക്ക് 50 ബില്യൺ ഡോളർ വർധിച്ച് 439.2 ബില്യൺ ഡോളറായി. അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ സംരംഭമായ സ്‌പേസ് എക്‌സിൻ്റെ ഇൻസൈഡർ ഷെയർ വിൽപനയാണ് സമ്പത്തിൽ വൻ മുന്നേറ്റം ഉണ്ടാകാൻ കാരണമായത്.

2022ൽ മസ്കിന്റെ ആസ്തിയിൽ 200 ബില്യൺ ഡോളറിലധികം ഇടിവുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വൻ മുന്നേറ്റമാണ് സമ്പത്തിന്റെ കാര്യത്തിൽ ഇലോൺ മസ്ക് നടത്തുന്നത്. ട്രംപിന്റെ ക്യാബിനറ്റിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് മസ്‌ക്.

സെൽഫ്-ഡ്രൈവിംഗ് കാറുകളുടെ വ്യാപനം കാര്യക്ഷമമാക്കുമെന്ന് തിരഞ്ഞെടുപ്പിനു മുൻപുള്ള ഘട്ടത്തിൽത്തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്വയമോടുന്ന കാറുകളുടെ പ്രമുഖ നിർമാതാക്കളായ ടെസ്‌ല ഓഹരികൾ 65% ഉയർന്നിരുന്നു. ട്രംപ് പുതുതായി സൃഷ്ടിച്ച ഗവൺമെൻ്റ് എഫിഷ്യൻസി വകുപ്പ് സഹമേധാവി എന്ന നിലയിൽ പുതിയ ഭരണത്തിൽ മസ്‌ക് പ്രധാന പങ്ക് വഹിക്കാൻ ഒരുങ്ങുകയാണ്. ഈ ഘടകവും അദ്ദേഹത്തിന്റെ സമ്പത്തിൽ പൊടുന്നനെ വൻ കുതിപ്പുണ്ടാക്കി.
Elon Musk becomes the first person to surpass $400 billion in net worth, driven by SpaceX’s $350 billion valuation and Tesla’s stock growth.
