പുതുവർഷത്തിന്റെ ആദ്യ പകുതിയിൽ മലയാളി ഉടമസ്ഥതയിൽ കേരളത്തിൽ നിന്നുള്ള രണ്ടു വിമാനക്കമ്പനികളുടെ വിമാന സർവീസുകൾക്ക് തുടക്കമാകും.കോഴിക്കോട് ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന് കീഴിലെ അൽ ഹിന്ദ് എയറും (AlHind Air )പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരളയുമാണ് (Air Kerala) കേരളത്തിൽ നിന്നുള്ള വിമാനക്കമ്പനികൾ’ എന്ന സ്വപ്നം പുതുവർഷത്തിൽ സാക്ഷാത്കരിക്കാനൊരുങ്ങുന്നത്. ആഭ്യന്തര സർവീസുകളിൽ തുടങ്ങി കടൽ കടന്നു പറക്കാനുള്ള ഇരുവരുടെയും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു . എയർ കേരള പൈലറ്റുമാരുടെ സേവനം തേടിത്തുടങ്ങി.
എയർ കേരളയും അൽ ഹിന്ദ് എയറും രാജ്യാന്തര തലത്തിലേക്കും പ്രവർത്തനം ആരംഭിക്കുന്നതോടെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന വിമാനസർവീസുകൾ എന്ന നേട്ടം ഗൾഫ് മേഖലയിലെ പ്രവാസി മലയാളികൾക്കായിരിക്കും.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷനിൽ (ഡിജിസിഎ) എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (വിമാന സർവീസ് നടത്താനുള്ള അനുമതി) കൂടി ലഭിക്കുന്നതോടെ എയർ കേരളയ്ക്ക് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കാം.
ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി സംരംഭകരായ അഫി അഹ്മദ് എയർ കേരളയുടെ ചെയർമാനും ആയൂബ് കല്ലട വൈസ് ചെയർമാനുമാണ്. സ്പൈസ് ജെറ്റിൽ നിന്നുള്ള ഹാരിഷ് മൊയ്ദീൻ കുട്ടിയാണ് സിഇഒ.
കൊച്ചി, ഹൈദരാബാദ്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസാണ് തുടക്കത്തിൽ എയർ കേരള നടത്തുക. ഇതിനായി 100ൽ താഴെ സീറ്റുകളുള്ള എടിആർ വിമാനങ്ങൾ ഉപയോഗിക്കും. എയർ കേരളയുടെ ആദ്യ എടിആർ വിമാനം ഏപ്രിലിലും ജൂണിൽ രണ്ടാമത്തേതും പ്രവർത്തനസജ്ജമാകുന്നതോടെ ജൂണോടെ പ്രവർത്തനം ആരംഭിക്കാനായേക്കുമെന്നു പ്രതീക്ഷിക്കുന്നു . ഓരോ മൂന്നുമാസത്തിലും ഒന്നുവീതം പുതിയ വിമാനം കമ്പനി കൂട്ടിച്ചേർക്കും. 2026ന്റെ ആദ്യപാദത്തോടെ 6 വിമാനങ്ങൾ കമ്പനിക്കുണ്ടാകും. 2026ഓടെ ഗൾഫ് രാഷ്ട്രങ്ങളെ ഉന്നമിട്ട് വലിയ വിമാനങ്ങൾ പാട്ടത്തിനെടുത്തു രാജ്യാന്തര സർവീസിലേക്ക് കടക്കാനാകുമെന്നും കരുതുന്നു.
2024 ജൂലൈയിൽ ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ലഭിച്ചതോടെ എയർ കേരള എടിആർ 72-600 വിമാനങ്ങൾക്കായി ക്യാപ്റ്റൻമാരും ഫസ്റ്റ് ഓഫീസർമാരും ഉൾപ്പെടെയുള്ള പൈലറ്റുമാരെ നിയമിക്കുവാനുള്ള നടപടികൾക്കും തുടക്കമിട്ടു കഴിഞ്ഞു. പൈലറ്റ് ഉദ്യോഗാർത്ഥികൾക്ക് hr@zettfly.com എന്ന ഇമെയിലിലേക്ക് സിവി അയച്ചു അപേക്ഷിക്കാം.
കോഴിക്കോട് ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന്റെ കീഴിലെ അൽ ഹിന്ദ് എയറും പറക്കലിന് മുന്നോടിയായുള്ള നിയമനങ്ങൾ സജീവമാക്കിയിട്ടുണ്ട്. തുടക്കത്തിൽ രണ്ട് എടിആർ വിമാനങ്ങളുമായാകും അൽ ഹിന്ദ് എയർ പ്രവർത്തനം ആരംഭിച്ചേക്കുക.
2025 ജൂണോടെ തന്നെ അൽ ഹിന്ദിന്റെ ആദ്യ വിമാനം പറന്നുയരും. . ഒരുവർഷത്തിനകം വിമാനങ്ങളുടെ എണ്ണം ഏഴായി ഉയർത്താനും ലക്ഷ്യമിടുന്നു. വ്യോമയാന രംഗത്തെ പ്രമുഖനായ അലക്സാണ്ടർ എൻവൂബയെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി അൽഹിന്ദ് എയർ നിയമിച്ചിട്ടുണ്ട്. ഡിജിസിഎയിൽ നിന്ന് പറക്കൽ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ് അൽ ഹിന്ദ് എയറും.
കൊച്ചി, മധുര, ചെന്നൈ, ബെംഗളൂരു, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, കോയമ്പത്തൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചായിരിക്കും അൽ ഹിന്ദ് എയറിന്റെ ആദ്യ സർവീസുകൾ. പിന്നീട് ഘട്ടംഘട്ടമായി ഇന്ത്യയിലെ 40 നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കും. തുടർന്ന് ഗൾഫ് മേഖലയിലേക്കും, തായ്‍ലൻഡ്, സിംഗപ്പുർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കും.
അൽ ഹിന്ദ് എയർ വലിയ വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് തുടങ്ങും. നിലവിൽ വിമാന ടിക്കറ്റ്, ടൂർ ഓപ്പറേറ്റിങ്, ചാർട്ടേഡ് വിമാനങ്ങൾ, ഹോട്ടൽ റൂം ബുക്കിങ്, വീസ സേവനങ്ങൾ എന്നിവ നൽകുന്ന ഗ്രൂപ്പാണ് അൽ ഹിന്ദ്. വിമാന ടിക്കറ്റ് ബുക്കിങ് രംഗത്ത് വിശാലമായ പ്രവർത്തനശൃംഖലയും ഹജ്ജ് തീർഥാടകർ ഉൾപ്പെടെ മികച്ച ഉപഭോക്തൃ അടിത്തറയും കമ്പനിക്കുണ്ട്.
Discover how Kerala-based airlines Air Kerala and Al Hind Air are set to revolutionize air travel in 2025, offering domestic and international low-cost services with a focus on Gulf countries and beyond.