വിജയിച്ചവന്റെ കൈമുതൽ കിടിലം ആശയമാണോ? അതോ ആശയം ചെറുതെങ്കിലും നടത്താനുള്ള വാശിയാണോ? കോടിക്കണക്കിന് മനുഷ്യർക്കിടയിൽ ദരിദ്രനായി ജീവിക്കാൻ മാത്രമുള്ള യോഗ്യത ജനനത്തോടൊപ്പം കിട്ടിയ ഒരു മനുഷ്യൻ! പഠനത്തിലോ മറ്റ് ഏതെങ്കിലും കഴിവിലോ അവകാശപ്പെടാൻ ഒന്നും ഇല്ലാതിരുന്ന, കാണുന്നവർക്ക് ഒരു ഏഴാം കൂലി-എന്ന് തോന്നാവുന്ന ഒരു മംഗലാപുരത്തുകാരൻ. അതേ വ്യക്തി അയാളുടെ എഴുപതാം വയസ്സിൽ ഈ വേഷം അഴിച്ച് വെച്ച് മടങ്ങുമ്പോൾ 300 കോടിയുടെ നേട്ടങ്ങളുടെ കിരീടം തലയിൽ വെച്ചിരുന്നു. മറ്റാർക്കും എത്തിപ്പിടിക്കാനാകാത്ത വിജയത്തിന്റെ ഒരു കിരീടം. ആദ്യം ദരിദ്രനായിരുന്നപ്പോഴും, പിന്നീട് കോടീശ്വരന്റെ തിളക്കത്തിലും അയാൾക്ക് മാറ്റമില്ലാതിരുന്ന ഒന്നുണ്ടായിരുന്നു, എളിമ!
1983-84 ! അന്ന് അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമയുടെ ഹീറോ ആയിരുന്ന കാലം. ഇന്ത്യൻ ടീം ലോകകപ്പ് ജയിച്ച സമയം, ഇന്ദിരാഗാന്ധി വെടിയേറ്റ് മരിക്കുകയും രാജീവ് ഗാന്ധി പ്രധാനമന്ത്രി ആകുകയും ചെയ്ത വർഷം, മലയാളത്തിൽ പൂച്ചയ്ക്കൊരു മൂക്കൂത്തി, കൂടെവിടെ, അതിരാത്രം എന്നീ പടങ്ങളൊക്കെ ഇറങ്ങിയ സമയം.
കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന വർഷം! അന്ന് അങ്ങ് മുംബൈ ജൂഹുവിൽ 30 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ആത്മസംഘർഷത്തിന്റെ വേലിയേറ്റത്തിൽ ആടിയുലയുകയായിരുന്നു. കല്യാണം കഴിഞ്ഞ് കഷ്ടിച്ച് കുറച്ച് നാളുകളേ ആയിട്ടുള്ളൂ, സഹോദരൻ നടത്തിയിരുന്ന ഹോട്ടലിൽ സഹായിയായിരുന്നു എട്ട് പത്ത് വർഷമായി. കല്യാണം കഴിഞ്ഞ സ്ഥിതിക്ക് സ്വന്തമായി എന്തെങ്കിലും നോക്കാനായി ഇറങ്ങിത്തിരിച്ചതാണ്. കയ്യിലെന്തുണ്ടെന്ന് ചോദിച്ചാൽ, മൂന്ന് വട്ടം പത്താം ക്ലാസ് തോറ്റതും, ഒരുതരത്തിലും ശരിയാകാഞ്ഞ് പഠിത്തമേ നിർത്തിയതും, പഴക്കച്ചവടക്കാരനായ അച്ഛന്റെ ദരിദ്രമായ ചുറ്റുപാടും, 6-7 സഹോദരങ്ങളുടെ ഉത്തരവാദിത്വമെന്ന പ്രാരാബ്ധവും. മുന്നിൽ ജൂഹു ബീച്ച്! കരകാണാത്ത കടൽ സാധ്യതകളുടേതോ? അതോ വെല്ലുവിളികളുടേതോ? പ്രയാസത്തിന്റെ നടുവിൽ നിൽക്കുമ്പോ മുന്നോട്ട് കാണുന്നതെന്തും പ്രശ്നമായി തോന്നുന്നവൻ തോൽവിയാണ്, മുന്നോട്ട് കാണുന്നതൊക്കെ വഴിയായി തോന്നുന്നവൻ തലവനും. ആ മുപ്പതുകാരൻ രണ്ടാമത് പറഞ്ഞയാളായിരുന്നു, ജൂഹവിന്റെ ആ തീരം സാധ്യതകളുടെ മണൽപ്പരപ്പായി അയാൾക്ക് തോന്നി. അയാളുടെ പേരായിരുന്നു രഘുനന്ദൻ. രഘുനന്ദൻ ശ്രീനിവാസ് കാമത്ത്, 3 വട്ടം പത്ത് തോറ്റപ്പോ, ജീവിക്കാൻ ബോംബെയ്ക്ക് വണ്ടി കയറിയ ഒരു മംഗലാപുരത്തുകാരൻ.
അയാൽ ആ ജൂഹുവിൽ 250 സ്ക്വയർ ഫീറ്റിന്റെ വാടക മുറിയിൽ ഒരു പാവ്ബജിക്കട തുടങ്ങി. പ്രചോദനം ഭാര്യ അന്നപൂർണ്ണയായിരുന്നു. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം പിടിച്ച 4 ലക്ഷം രൂപയായിരുന്നു മൂലധനം. വാസ്തവത്തിൽ പാവ്ബജി അല്ലായിരുന്നു അയാളുടെ മനസ്സിലെ സംരംഭം. അയാൾക്ക് ഐസ്ക്രീം വിൽക്കാനായിരുന്നു താൽപര്യം. പക്ഷെ 1980-കളിൽ ഐസ്ക്രീ-മിന് സഹനടന്റെ റോളേ ഉണ്ടായിരുന്നുള്ളൂ. വലിയ വലിയ ഹോട്ടലുകളിൽ ഭക്ഷണശേഷം കഴിക്കുന്ന ഒരു സൈഡ് ഡിഷ്. ബോംബെയിൽ ഒരു ഐസ്ക്രീം പാർലർ പോലും വിരളമായിരുന്ന സമയം. അതുകൊണ്ട് ഐസ്ക്രീം മാത്രമായി വിൽക്കാനുള്ള മോഹം അയാൾ തൽക്കാലം മറച്ചുവെച്ചു. പകരം പാവ്ബജി കഴിച്ചവർക്ക് എരിവ് മാറാൻ കൊടുത്ത സൈഡ് ഡിഷ് ആയിരുന്നു അന്ന് രഘുനന്ദന് ഐസ്ക്രീം. ക്രീമിൽ ചോക്കലേറ്റിന്റേയും വാനിലയുടേയും എസ്സൻസും പിന്നെ കൃത്രിമ ചേരുവകളും മാത്രമായിരുന്നു അക്കാലത്തെ ഐസ്ക്രീം. അവിടെ മൂന്നേ മൂന്ന് ചേരുവയിൽ രഘുനന്ദൻ ഐസ്ക്രീമിന് പുതിയ നിർവ്വചനമെഴുതി. പാല്, പഞ്ചസാര, പഴം..
സീതപ്പഴം ഉപയോഗിച്ചുള്ള ഐസ്ക്രീമാണ് ആദ്യം വിറ്റത്. ദിവസം 60 ലിറ്റർ പാൽ ഉപയോഗിച്ച് തയ്യാറാക്കുന്ന ഐസ്ക്രീമായിരുന്നു അത്. ആദ്യവർഷം മോശമായില്ല, 1 ലക്ഷം രൂപയ്ക്ക് ഐസ്ക്രീം വിറ്റു. സീതപ്പഴം കൂടാതെ മറ്റ് ചില ഫ്ളേവറുകൾ കൂടി റെഡിയാക്കി. പാവ്ബജി കഴിച്ചവർ, രണ്ടും മൂന്നും തവണ ഐസ്ക്രീം വാങ്ങി. പിന്നെ പാവ്ബജി കഴിച്ചില്ലെങ്കിലും ഐസ്ക്രീം കഴിക്കാൻ ആളുകളെത്തി. ജൂഹുവിലാണ്, ജയബച്ചനെപ്പോലെ അന്നത്തെ ചില സിനിമാ താരങ്ങൾ നേരിട്ട് രഘുനന്ദന്റെ കടയിൽ ഐസ്ക്രീം കഴിക്കാനെത്തി. അതോടെ ഒരു പേര് രഹസ്യമായി പരന്നു. നാച്വറലാണ് ഐസ്ക്രീം! ഒറിജിനൽ പഴങ്ങളാണ് ഉപയോഗിക്കുന്നത്, കൃത്രിമമായി ഒന്നും ഇല്ല! അതോടെ ധൈര്യമായി. പാവ്ബജി നിർത്തി രഘുനന്ദൻ സ്വന്തം ആത്മാവിനെ പുറത്ത് പ്രതിഷ്ഠിച്ചു, പേര് നാച്ചുറൽ! 1990-കൾ ആയപ്പോഴേക്ക് 10-15 ഫ്ലേവറുകൾ കൂടി ആയി. അക്കൂട്ടത്തിൽ കരിക്ക് ചേർത്ത ടെണ്ടർ കോക്കനട്ട് ഐസ്ക്രീമും. അവിടെ നിന്ന് രഘുനന്ദൻ കാമത്ത് എന്ന പത്താം ക്ലാസ് തോറ്റ് സ്കൂൾ ഡ്രോപ്പ് ഔട്ടായ ഒരു മനുഷ്യൻ ഇന്ത്യൻ ഫുഡ് ബ്രാൻഡിൽ വിജയത്തിന്റേയും സംരംഭത്തിന്റേയും പുതിയ ഫ്ലേവറുകൾ നിരത്തുകയായിരുന്നു.
അയാൾക്ക്, എംബിഎ-യോ, പ്രോഫിറ്റ് ആന്റ് ലോസ് കണക്കുകളോ, സ്കെയിലപ് സ്ട്രാറ്റജിയോ ഒരു ചുക്കും ഉണ്ടായിരുന്നില്ല. ഐസ്ക്രീം വിൽക്കുന്ന ഒരു കട! ഒരു കുഞ്ഞൻ ആഗ്രഹം മാത്രം. പക്ഷെ ആ ആഗ്രഹം അയാളുടെ ഉപബോധത്തിലെവിടെയോ തീക്കട്ടപോലെ കിടന്ന് തിളങ്ങി. ഭക്ഷണം ഉണ്ടാക്കുമ്പോ സ്വാദിനും ഗന്ധത്തിനും അയാളുടെ അമ്മ പ്രയോഗിക്കാറുള്ള നാടൻ പൊടിക്കൈ വിദ്യകൾ, പഴക്കച്ചവടക്കാരനായ അച്ഛന് പഴങ്ങളെക്കുറിച്ചുള്ള അറിവ് – ഇത് മാത്രം മതിയായിരുന്നു രഘുനന്ദൻ കാമത്തിന് തന്റെ ഐസ്ക്രീം സംരംഭത്തിന് തണുപ്പും സ്വാദും നൽകാൻ. കൃത്രിമ കളറോ, കൃത്രിമ ചേരുവകളോ, ചീത്തയാകാതിരിക്കാൻ ചേർക്കുന്ന പ്രിസർവേറ്റീവ്സോ അയാൾ ആഗ്രഹിച്ചില്ല. ആ മനുഷ്യന്റെ ഐസ്ക്രീമിന് മറ്റുള്ള ബ്രാൻഡുകളേവെച്ച് ഒരു വലിയ പരിമിതി ഉണ്ടായിരുന്നു. അധികനാൾ ഇരിക്കില്ല.
ഷെൽഫ് ലൈഫ് കുറവാണ്. കാരണം കേടുകൂടാതെ ഇരിക്കാനുള്ള കൃത്രിമ ചേരുവ ഇല്ല. അത് തന്നെ!.. ആ പരിമിതി തന്നെ പോപ്പുലാരിറ്റിയായി! കൃത്രിമമായി ഒന്നും ചേരാത്ത ഐസ്ക്രീം എന്ന്! അങ്ങനെ, ജൂഹുവിലെ ആ പഴച്ചാർ ഐസ്ക്രീമിന് കീർത്തിയേറി. 10-12 വർഷത്തിനുള്ളിൽ 5 ഔട്ട് ലെറ്റുകൾ കൂടി തുറന്നു. ഇന്ന് 15 സംസ്ഥാനങ്ങളിലായി 169 ഔട്ട് ലൈറ്റുകൾ! 140-ഓളം ഫ്ലേവറുകൾ.. 300 കോടിയുടെ വിറ്റുവരവ്. ലോകത്തെ മികച്ച 100 ഐസ്ക്രീം ഫ്ലേവറുകളിൽ ഒന്നായി നാച്ചുറലിന്റെ ടെണ്ടർ കോക്കനട്ടിനെ Taste Atlas തെരഞ്ഞെടുത്തു. ഇന്ത്യയിലെ വിശ്വാസ്യതയുള്ള ആദ്യ 10 ബ്രാൻഡുകളിൽ ഒന്നായി KPMG കണ്ടെത്തിയതും ഇതേ നാച്ചുറലിനെ. പക്ഷെ നാവിൽ ഐസ്ക്രീം അലിഞ്ഞുപോകും പോലെ അത്ര മധുരതരമായിരുന്നില്ല ആ പൊസിഷനിംഗ്.
രഘുനന്ദൻ കാമത്തിന്റെ മകൻ സിദ്ധാന്ത് കാമത്ത് നാച്വറൽസ് ഐസ്ക്രീമിന്റെ ചുക്കാൻ പിടിക്കുന്ന 2013 ആകുമ്പോഴേക്ക് വിറ്റുവരവ് 65 കോടിയായിരുന്നു, ആകെ 105 ഔട്ട്ലെറ്റുകളും. മുംബൈ ജൂഹുവിൽ ആദ്യം തുടങ്ങിയ കടയൊഴികെ ബാക്കിയെല്ലാം ഫ്രാഞ്ചെസികളായിരുന്നു. നാച്വുറലിൻ്റെ ഡിമാന്റ് കാരണം വളരെ വേഗമാണ് രാജ്യമാകെ ഔട്ട്ലെറ്റുകൾ പരന്നത്. പക്ഷെ അവിടെയൊരു പ്രശ്നം തലപൊക്കി. ക്വാളിറ്റി നിലനിർത്താനാകുന്നില്ല. ജൂഹുവിൽ രഘുനന്ദന്റെ ആത്മാവാണ് ഐസ്ക്രീമായി കസ്റ്റമറുടെ നാവിലെ രസമുകുളങ്ങളിൽ പടരുന്നത്. ഫ്രാഞ്ചെസി എടുത്തയാൾക്ക് ഒരു പ്രോഫിറ്റുള്ള ബിസിനസ്സ് എന്നതിലുപരി കച്ചവടത്തിൽ എന്ത് ആത്മാവ്? ടിപ്പിക്കൽ ഡീലർ മൈൻഡ്സെറ്റുള്ളവർക്ക് മധുരം വിളമ്പാം, ഗുണം വിളമ്പാനാവില്ലല്ലോ. കാഴ്ചപ്പാടിലെ അന്തരം, സംരംഭകനും ഡീലറിനും ഇടയിൽ സംഭവിക്കുന്നു. വളർച്ച വേണോ, സ്ഥിരത വേണോ? പലപ്പോഴും സംരംഭത്തിലെ സംവാദം ഇതാണ്. രഘുനന്ദൻ സ്ഥിരത തെരഞ്ഞെടുത്തു. 2014, ഫ്രാഞ്ചെസി പരിപാടി അവസാനിപ്പിക്കാൻ തീരുമാനിച്ചു. ജൂഹുവിൽ നിന്ന് ഇന്ത്യായാകെ പടരാനും ബ്രാൻഡ് വളരാനും സഹായിച്ച ഫ്രാഞ്ചെസി സംവിധാനം പുതിയതായി നൽകുന്ന ഏർപ്പാട് അങ്ങ് നിർത്തി. നാച്വുറൽസ് സ്വയം കുഴിച്ച കുഴിയിൽ വീഴുകയാണെന്ന് പലരും വിധിച്ചു. എന്നാൽ കമ്പനി ഓൺഡ് സ്റ്റോറുകൾ എന്ന സങ്കൽപ്പത്തിലേക്ക് നാച്വറൽസ് വന്നു. കാരണം എണ്ണത്തിലല്ല, ഗുണത്തിലാണ് കാര്യം. കൃത്യമായ പരിശീലനവും പ്രത്യേകം തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജേർഴ്സും കർശനമാക്കി. ജൂഹുവിലെ അതേ ക്വാളിറ്റി ഓരോ ഔട്ട്ലൈറ്റിലും ഉറപ്പാക്കി. അല്ലാത്തവ ഒഴിവാക്കി. 2018 ആകുമ്പോഴേക്ക് ഔട്ട്ലെറ്റുകൾ 112. സ്റ്റെബിലിറ്റിയും ക്വാളിറ്റിയും ഉറപ്പാക്കി. പിന്നാലെ കൊറോണ പിടിമുറുക്കുന്നു. അൺനാച്വറലായ ആ സിറ്റുവേഷനും നാച്വറൽ മറികടന്നു. പക്ഷെ166 കോടിയിൽ നിന്ന് 96 കോടിയിലേക്ക് വിറ്റുവരവ് താഴ്ന്നു. എന്നാൽ കൊറോണയ്ക്ക് ശേഷം കഴിഞ്ഞ 3-4 വർഷം കൊണ്ട് നാച്വറൽ കാഴ്ചവെച്ചത് ഗംഭീര ബിസിനസ്സാണ്. 2024 സാമ്പത്തിക വർഷം 300 കോടിയ്ക്കടുത്ത് വിറ്റുവരവ് ഉണ്ടാക്കി. അടുത്തവർഷം ലക്ഷ്യം 500 കോടിയും.
രഘുനന്ദൻ കാമത്തിന് വിദേശ സർവ്വകലാശാലയുടെ മേനി പറയാവുന്ന ഡിഗ്രി ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് തിളക്കമുള്ള ബിസിനസ്സ് പാരമ്പര്യം ഉണ്ടായിരുന്നില്ല. അക്കൗണ്ടും ടാക്സും വശമുണ്ടായിരുന്നില്ല, നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയുമായിരുന്നില്ല. ന്യൂസ് പേപ്പറിലും മാസികകളിലും അഭിമുഖങ്ങൾ ഉണ്ടായില്ല. ഹൈ വാല്യുവേഷൻ കാണിക്കുന്ന കണക്കിന്റെ കസർത്തുകൾ വശമുണ്ടായില്ല. എന്നാല് കസ്റ്റമേഴ്സിനെ മനസ്സിലാക്കാനും അവരുടെ ഫീഡ്ബാക്ക് വിലപ്പെട്ടതാണെന്നും ഉള്ള ബോധം രഘുനന്ദൻ എന്ന സംരംഭകന് ഉണ്ടായിരുന്നു. അയാളുടെ പ്രൊഡക്റ്റിന് ആരാധകരെ സൃഷ്ടിക്കാൻ രഘുനന്ദനായി. അതിശയകരമായ ആവേശത്തോടെ ഐസ്ക്രീമിന് പുതിയ ഫ്ലേവറുകളും രുചിയും സൃഷ്ടിക്കാൻ ഓരോ നിമിഷവും മാറ്റിവെച്ചു. ഐസ്ക്രീം തയ്യാറാക്കുന്ന മെഷീൻ പോലും സ്വന്തമായി നിർമ്മിച്ചു. തന്റെ നീഷ് മാർക്കറ്റിൽ മാത്രം ശ്രദ്ധവെച്ചു.
സംരംഭത്തിലെ ആത്മാർത്ഥത എന്ന് പറഞ്ഞില്ലേ, സുഹൃത്തുക്കളേ, സംരംഭം എന്നല്ല, ഏന്തിനേയും നിലിനിർത്തുന്ന ഒരു സിംപിൾ വാക്കാണത്. രഘുനന്ദൻ എന്ന സംരംഭകന്റെ വിയോഗം അറിഞ്ഞ് നാച്വറലിന്റെ ഒരു ഡീലർ പഴയ ഒരു ഓർമ്മ പങ്കുവെച്ചു. 1990-കളിലാണ്. ഐസ്ക്രീം എടുക്കാനായി നിർമ്മാണ സ്ഥലത്തെത്തി. വണ്ടി നിറയെ ഐസ്ക്രീം എത്തി, അന്നത്തെ ആദ്യ ലോട്ടായിരുന്നു അത്. ഐസ്ക്രീം വണ്ടിയുമായി തിരിക്കാനൊരുങ്ങവേ, പിന്നാലേ രഘുനന്ദൻ ഓടി വരുന്നു. ഹേയ് അത് കൊണ്ടുപോകണ്ട. കുറച്ച് വെയ്റ്റ് ചെയ്യൂ എന്ന് പറയുന്നു. കുറച്ച് മണിക്കൂറുകൾ കഴിഞ്ഞ് പുതിയ ലോട്ട് ഐസ്ക്രീം എത്തി. അപ്പോൾ നേരത്തെ തന്ന ഐസ്ക്രീം ലോട്ട് തിരിച്ചെടുത്തതെന്തേ എന്ന് ചോദിച്ചു. അതിന് രഘുനന്ദൻ എന്ന സംരംഭകന്റെ മറുപടി ഇതായിരുന്നു, മെഷീൻ കഴുകി കഴിഞ്ഞ് നോക്കുമ്പോ ഒരു കുഞ്ഞൻ സ്ക്രൂ കാണാനില്ല, അതിന്ശേഷം നിർമ്മിച്ച ഐസ്ക്രീം ആണ്. എന്നെ വിശ്വസിക്കുന്ന കസ്റ്റമറുടെ അടുത്ത് ഒരു ചാൻസ് എടുക്കാൻ വയ്യ. അതുകൊണ്ട് അപ്പോൾ നിർമ്മിച്ച ഐസ്ക്രീം മുഴുവൻ നശിപ്പിച്ചുകളയുകയായിരുന്നു. സ്ക്രൂ അതിലെങ്ങാനും പെട്ടോ എന്ന സംശയം. എന്നാൽ താമസിയാതെ ആ സ്ക്രൂ ടൂൾ ബോക്സിൽ നിന്ന് കണ്ടെത്തി. അതിന് ശേഷം ഉണ്ടാക്കിയ ഐസ്ക്രീമാണ് ഡീലർക്ക് പിന്നെ നൽകിയത്. ഇത്ര സൂക്ഷ്മമായ ഇടപെടലും, കസ്റ്റമറോടുള്ള ആത്മാർത്ഥതയും. അതായിരുന്നു ആ സംരംഭകനെ പൂജ്യത്തിൽ നിന്ന് 300 കോടിയിലേക്ക് വളർത്തിയത്.
ആത്മാർത്ഥമായ, അന്തസ്സോടെയുള്ള പ്രാർത്ഥനയായിരുന്നു രഘുനന്ദന് ഐസ്ക്രീം നിർമ്മാണം. അതുകൊണ്ടാണ് രഘുനന്ദൻ ഐസ്ക്രീം മാൻ ഓഫ് ഇൻഡ്യ ആയത്. അതുകൊണ്ടാണ് നാച്ചുറൽസ് ഗംഭീരമായ തലയെടുപ്പോടെ മാർക്കറ്റിൽ തിളങ്ങുന്നത്. ആ സത്യസന്ധമായ നിലപാട്! അത് മാത്രാണ് ഒരു സംരംഭകൻ ചെയ്യേണ്ടുന്നതും.
Discover the inspiring journey of Raghunandan Kamath, a Mangalorean who turned a small pav bhaji shop into Naturals Ice Cream, with a turnover of Rs 300 crore, through dedication, quality, and customer trust.