കേന്ദ്ര ഊർജ്ജ നഗര കാര്യമന്ത്രി മനോഹർ ലാൽ ഖട്ടാർ കേരളത്തിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. ഊർജ്ജ നഗരകാര്യ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പുനരുൽപാദന ഊർജം, വൈദ്യുതി വിതരണം, സംസ്ഥാനത്തിന്റെ വർധിച്ചു വരുന്ന ഊർജ ആവശ്യങ്ങൾ പൂർത്തീകരിക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. ആണവ വൈദ്യുതി ഉൾപ്പെടെയുള്ള മേഖലകളുടെ സാധ്യതകളും യോഗം അവലോകനം ചെയ്തു. ഊർജ മേഖലയിൽ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ തുടർപിന്തുണയും സഹകരണവും കേന്ദ്രം ഉറപ്പുനൽകി.
യോഗത്തിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, കേന്ദ്ര സംസ്ഥാന ഊർജ നഗര കാര്യാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 500 മെഗാവാട്ടിന്റെ കൽക്കരി ലിങ്കേജ് അനുവദിച്ചതിനും 135 കോടി രൂപയുടെ ബാറ്ററി ഊർജ സംഭരണ സാങ്കേതിക വിദ്യ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ്ങിനും, എൻടിപിസി ബാർഹ് നിലയത്തിൽ നിന്ന് 2025 മാർച്ച് വരെ വൈദ്യുതി ലഭിക്കുമെന്ന ഉറപ്പിനും മന്ത്രി കെ. കൃഷ്ണൻകുട്ടി കേന്ദ്രത്തിന് നന്ദി അറിയിച്ചു. ബാർഹ് നിലയത്തിൽ നിന്ന് അധിക വൈദ്യുതി അനുവദിക്കാനും പ്ലാന്റിൽ നിന്നുള്ള വൈദ്യുതി അനുവദിക്കുന്നതിനുള്ള സമയപരിധി 2025 ജൂൺ വരെ നീട്ടാനും കേരളം കേന്ദ്രത്തോട് അഭ്യർഥിച്ചു.
വർധിച്ചു വരുന്ന ഊർജ ആവശ്യങ്ങൾക്ക് പരിഹാരമായി ആണവ വൈദ്യുതിയുടെ സാധ്യത പരിഗണിക്കുമെന്നും കേരളത്തിൻറെ കടൽതീരത്ത് വലിയ തോതിലുള്ള തോറിയം നിക്ഷേപം പരിഗണിച്ച് സ്ഥലം കണ്ടെത്തി നൽകിയാൽ തോറിയം അധിഷ്ഠിത ആണവ നിലയത്തിന് അനുമതി നൽകുന്ന കാര്യം പരിശോധിക്കുമെന്നും കേന്ദ്രം ഉറപ്പ് നൽകി.
Union Minister Manohar Lal Khattar reviews Kerala’s power sector. Discussions include renewable energy, power distribution, and potential thorium-based nuclear plants.