ബാഡ്മിന്റൺ സൂപ്പർതാരം പി.വി. സിന്ധു വിവാഹിതയായിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശിയും ഐടി വിദഗ്ധനുമായ വെങ്കടദത്ത സായിയാണ് വരൻ. സോഫ്റ്റ് വെയർ സ്ഥാപനം പൊസീഡെക്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് സായ്. ഇരുവരുടേയും വിവാഹശേഷം ദമ്പതികളുടെ ആസ്തിയെ സംബന്ധിച്ച വാർത്തയും പുറത്തുവരുന്നു.
സീ ന്യൂസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള വനിതാ അത്ലറ്റുകളിൽ ഒരാളായ പി.വി. സിന്ധുവിൻ്റെ ആസ്തി 7.1 മില്യൺ ഡോളർ അഥവാ 59 കോടി രൂപയാണ്. ബാഡ്മിൻ്റൺ രംഗത്തെ നേട്ടങ്ങൾക്കു പുറമേ നിരവധി ബ്രാൻഡുകളുടെ ഐക്കൺ താരം എന്ന നിലയിലുമാണ് സിന്ധുവിന്റെ സമ്പാദ്യം വളർന്നത്. 2019ൽ ചൈനീസ് ബ്രാൻഡായ ലി നിംഗുമായി 50 കോടി രൂപയുടെ കരാറിൽ സിന്ധു ഒപ്പുവച്ചിരുന്നു.
മേബെലിൻ, ബാങ്ക് ഓഫ് ബറോഡ, ഏഷ്യൻ പെയിൻ്റ്സ് തുടങ്ങിയവയുടേയും ബ്രാൻഡ് അംബാസഡറാണ് സിന്ധു. ഹൈദരാബാദിൽ ആഡംബര വീട് അടക്കം നിരവധി റിയൽ എസ്റ്റേറ്റ് നിക്ഷേപവും താരത്തിനുണ്ട്. ഇതിനുപുറമേ ബിഎംഡബ്ല്യു X5 തുടങ്ങി നിരവധി ആഢംബര കാറുകളും സിന്ധുവിനുണ്ട്.
പൊസീഡെക്സ് ടെക്നോളജീസിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ വെങ്കടദത്ത സായിയുടെ ആസ്തി 150 കോടി രൂപയാണ്. കോർപറേറ്റ് വൈദഗ്ദ്ധ്യത്തിനൊപ്പം സ്പോർട്സിനോടുള്ള അഭിനിവേശവും സമന്വയിപ്പിക്കുന്ന സായ് ഐപിഎൽ ഫ്രാഞ്ചൈസി ഡൽഹി ക്യാപിറ്റൽസിൻ്റെ മുൻ ഓപ്പറേഷൻ ലീഡായിരുന്നു.
Badminton star P.V. Sindhu married IT expert Venkatadatta Sai. Discover their combined net worth, Sindhu’s brand endorsements, real estate investments, and luxury assets.