2024 ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച് തളർച്ചയുടേയും വളർച്ചയുടേയും വർഷമായിരുന്നു. സ്റ്റാർട്ടപ്പ് ഐപിഒ, യൂണിക്കോണുകൾ, മൂലധന പ്രവാഹം എന്നിവയിൽ വളർച്ച കണ്ടപ്പോൾ ഫണ്ടിങ് വിന്ററിലെ തുടർചലനങ്ങൾ വർഷം മുഴുവനും ഒഴിയാബാധ പോലെ പിന്തുടർന്നു. ധനസമാഹരണത്തിലും വിഭവസമാഹരണത്തിലും മുന്നേറ്റം കണ്ടെങ്കിലും 2023ലേത് പോലെ സ്റ്റാർട്ടപ്പുകൾ പൂട്ടിപ്പോകുന്ന ട്രെൻഡ് 2024ലും ആവർത്തിച്ചു. അത്തരത്തിൽ വിടരും മുൻപേ കൊഴിഞ്ഞുപോയ ചില സ്റ്റാർട്ടപ്പുകൾ ഏതെല്ലാമാണെന്ന് നോക്കാം.
1. Kenko Health
മേഖല: ഇൻഷുർ ടെക്
പ്രവർത്തനം അവസാനിപ്പിച്ചത്: ഓഗസ്റ്റ് 2024
ഇക്വിറ്റി ക്യാപിറ്റൽ സുദൃഢമാക്കാൻ ആവാത്തതാണ് കെൻകോ ഹെൽത്ത് അടച്ചുപൂട്ടാൻ കാരണമായത്. മാസങ്ങളോളം ശമ്പളം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലായിരുന്ന കമ്പനി അടച്ചുപൂട്ടലിനും മുൻപ് 2023ൽത്തന്നെ 20 ശതമാനം ജീവനക്കാരെ പറഞ്ഞുവിട്ടിരുന്നു. Peak XV Partners, Orios Venture Partners തുടങ്ങിയവയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന കമ്പനിയാണിത്. കടം കുടിശ്ശികയുടെ പേരിൽ നിലവിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (NCLT) നിയമനടപടി നേരിടുകയാണ് കെൻകോ ഹെൽത്ത്.
2. Koo
മേഖല: സമൂഹ മാധ്യമം
പ്രവർത്തനം അവസാനിപ്പിച്ചത്: ജൂലൈ 2024
ട്വിറ്ററിന് വെല്ലുവിളിയാകും എന്ന നിലയിൽ ആരംഭിച്ച ഇന്ത്യൻ സമൂഹമാധ്യമ പ്ലാറ്റ്ഫോം ആയിരുന്നു Koo. പങ്കാളിത്തം സംബന്ധിച്ച ചർച്ചകൾ ഫലവത്താകാത്തതും ഉയർന്ന ടെക് ചിലവുമാണ് കമ്പനി പൂട്ടാൻ കാരണമായത്. ആവശ്യമായ ഫണ്ടിങ് ഇല്ലാതെ കമ്പനി മുന്നോട്ട് കൊണ്ടുപോകാൻ ആവില്ലെന്ന് കമ്പനിയുടെ സ്ഥാപകർ ലിൻക്ഡ് ഇന്നിൽ പങ്ക് വെച്ച കുറിപ്പിൽ പറഞ്ഞു.
3. Toplyne
മേഖല: സെയിൽസ് സേഫ്റ്റ് വെയർ
പ്രവർത്തനം അവസാനിപ്പിച്ചത്: ഒക്ടോബർ 2024
ബെംഗളൂരു ആസ്ഥാനമായുള്ള ടോപ്ലൈൻ ഉൽപന്ന വിപണിയിൽ അനുയോജ്യത കൈവരിക്കാനാവാത്തത് കാരണമാണ് പ്രവർത്തനം നിർത്തിയത്. ടൈഗർ ഗ്ലോബൽ പിന്തുണയുള്ള കമ്പനി തങ്ങളുടെ നിക്ഷേപകർക്ക് മൂലധനം തിരികെ നൽകുമെന്നും അറിയിച്ചു.
കമ്പനി നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ ടോപ്ലൈൻ സ്ഥാപകൻ കുറിപ്പ് പങ്ക് വെച്ചിരുന്നു.
4. My Tirth India
മേഖല: സ്പിരിച്ച്വൽ ടെക്
പ്രവർത്തനം അവസാനിപ്പിച്ചത്: ഓഗസ്റ്റ് 2024
ഫണ്ടിങ്ങിലെ പോരായ്മയാണ് മുംബൈ ആസ്ഥാനമായുള്ള തീർത്ഥാടനയാത്രകൾക്ക് വേണ്ടിയുള്ള വെബ്സൈറ്റ് ആയ മൈ ടെർത്ത് ഇന്ത്യയുടെ അടച്ചുപൂട്ടലിൽ കലാശിച്ചത്. കമ്പനിയുടെ പ്രധാന ഷെയർ ഉടമയും സഹാറ ഇന്ത്യ പരിവാർ സ്ഥാപകനുമായ സുബ്രതാ റോയിയുടെ മരണമാണ് മൈ ടെർത്ത് ഇന്ത്യയുടെ ഫണ്ടിങ് അവതാളത്തിലാക്കിയത്.
5. Bluelearn
മേഖല: എഡ് ടെക്
പ്രവർത്തനം അവസാനിപ്പിച്ചത്: ജൂലൈ 2024
ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരിൽപ്പെടുന്ന എലിവേഷൻ ക്യാപിറ്റലിന്റെ പിന്തുണയുള്ള അപ്സ്കില്ലിങ്, ജോബ് ഫൈൻഡിങ് പ്ലാറ്റ്ഫോം ആയിരുന്നു ബ്ലൂലേൺ. എലിവേഷൻ ക്യാപിറ്റലിനുപുറമേ 100x VC, ടൈറ്റൻ ക്യാപിറ്റൽ, ലൈറ്റ്സ്പീട് തുടങ്ങിയവയിൽനിന്നും നാല് മില്യൺ ഡോളർ ഫണ്ടിങ് ലഭിച്ച കമ്പനിയായിരുന്നു ബ്ലൂലേൺ. കമ്പനി അടച്ചുപൂട്ടിയ കാരണം വ്യക്തമല്ലെങ്കിലും നിക്ഷേപകർക്ക് 70 ശതമാനത്തോളം മൂലധനം തിരികെ നൽകുമെന്ന് സ്ഥാപകർ പ്രഖ്യാപിച്ചിട്ടുണ്ട്.
6. Stoa
മേഖല: എഡ് ടെക്
പ്രവർത്തനം അവസാനിപ്പിച്ചത്: നവംബർ 2024
സെറോദ സ്ഥാപകൻ നിധിൻ കാമത്തിന്റെ പിന്തുണയുള്ള സ്ഥാപനമായിരുന്നു സ്റ്റോ സ്കൂൾ. സ്ഥാപനം പ്രവർത്തനം അവസാനിപ്പിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല.
ഇതിനുപുറമേ ഫിൻടെക് സ്റ്റാർട്ടപ്പുകളായ ഗോൾഡ് പേ, ഇൻവെസ്റ്റ്മിന്റ് എന്നിവയും അഗ്രിടെക് സ്റ്റാർട്ടപ്പ് ഗ്രീനിക്ക്, ജെൻ എഐ സ്റ്റാർട്ടപ്പ് InsurStaq.ai, ബാങ്കിങ് സ്റ്റാർട്ടപ്പ് മുവിൻ, എഐ ഹെൽത്ത് പ്ലാറ്റ്ഫോം Nintee എന്നിവയും 2024ൽ പ്രവർത്തനം അവസാനിപ്പിച്ചു.
Explore the turbulent journey of Indian startups in 2024, marked by shutdowns across sectors like insurtech, social media, and edtech. Discover the stories behind Kenko Health, Koo, Toplyne, and others.