2024ൽ വൻ നിക്ഷേപങ്ങൾ സ്വന്തമാക്കി തമിഴ്നാട്. 2030ഓടെ ഒരു ട്രില്യൺ നിക്ഷേപം എന്ന സംസ്ഥാനത്തിന്റെ സ്വപ്നത്തിന് ചിറകുനൽകുന്നതാണ് തമിഴ്നാട്ടിലേക്ക് ഒഴുകുന്ന വമ്പൻ നിക്ഷേപങ്ങൾ. അതാത് മേഖലകൾക്ക് അനുസൃതമായ നയങ്ങളിലൂടെയും മറ്റ്
നിക്ഷേപ സൗഹാർദ നീക്കങ്ങളിലൂടെയുമാണ് നിലവിലെ തമിഴ്നാട് ഗവൺമെന്റ് നിക്ഷേപക മേഖലയിൽ വൻ മുന്നേറ്റം നേടിയത്.
സംരംഭകത്വം എളുപ്പമാക്കുന്നതിനുള്ള നിരവധി നടപടികൾ സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകർഷിച്ചു. 2024ൽ ഡിഎംകെ സർക്കാർ തങ്ങളുടെ ആദ്യ ആഗോള നിക്ഷേപക സംഗമം നടത്തിയതും തമിഴ്നാടിന് വൻ നേട്ടമായി. ജനുവരിയിൽ നടന്ന ഇൻവെസ്റ്റേഴ്സ് മീറ്റ് വഴി മാത്രം സംസ്ഥാനത്ത് 26 ലക്ഷം തൊഴിൽ സൃഷ്ടിക്കുന്ന 6.64 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സാധ്യമായത്. വിയറ്റ്നാം കമ്പനിയായ വിൻഫാസ്റ്റിന്റെ 16000 കോടി രൂപയുടെ നിക്ഷേപമാണ് ഇതിൽ ഏറ്റവും പ്രധാനം. തൂത്തുക്കുടിയിൽ ആരംഭിക്കുന്ന വിൻഫാസ്റ്റ് നിർമാണ കേന്ദ്രത്തിലൂടെ മാത്രം 20000 പേർക്ക് തൊഴിൽ ലഭിക്കും. ടാറ്റ മോട്ടോഴ്സ് തമിഴ്നാട്ടിൽ നടത്തിയ 9000 കോടി രൂപയുടെ നിക്ഷേപമാണ് 2024ൽ സംസ്ഥാനത്തിന്റെ മറ്റൊരു നേട്ടം. റാണിപ്പേട്ടിലാണ് ടാറ്റയുടെ ആഢംബര-ഇലക്ട്രിക് വാഹന നിർമാണശാല വരുന്നത്. പ്രദേശവാസികളായ 5000ത്തിലധികം പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കും.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ യുഎസ് അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങൾ നിരവധി നിക്ഷേപങ്ങൾ തമിഴ്നാട്ടിലേക്ക് കൊണ്ടുവരുന്നതിൽ നിർണായകമായി. 7600 കോടി നിക്ഷേപമുള്ള 19 ധാരണാപത്രങ്ങളിലാണ് അമേരിക്കൻ സന്ദർശന വേളയിൽ മുഖ്യമന്ത്രി ഒപ്പുവെച്ചത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം സ്പെയിൻ പോലെയുള്ള യൂറോപ്പ്യൻ രാജ്യങ്ങൾ സന്ദർശിച്ചും നിരവധി നിക്ഷേപ അവസരങ്ങൾ നേടിയെടുത്തു. അദ്ദേഹത്തിന്റെ സ്പെയിൻ സന്ദർശന വേളയിൽ റോക്ക, ജെസ്റ്റാംപ് തുടങ്ങിയ കമ്പനികളുമായി തമിഴ്നാട് ധാരണാപത്രം ഒപ്പുവെച്ചു.
Tamil Nadu’s investments soar in 2024, setting the stage for a trillion-dollar target by 2030. Key achievements include Rs 6.64 lakh crore in investments and job creation, with major contributions from Vinfast and Tata Motors.