കാറുകളുടെ രാജാവ് എന്നാണ് ബ്രിട്ടീഷ് ആഢംബര കാറുകളായ റോൾസ് റോയ്സ് അറിയപ്പെടുന്നത്. എന്നാൽ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ജീവിച്ച വ്യക്തിയാണ് ആ ആഢംബര കാറിനു പിന്നിലുള്ള ഒരാൾ എന്ന് അധികമാർക്കും അറിയില്ല. 1904ലാണ് ചാൾസ് സ്റ്റുവാർട്ട് റോൾസും ഹെന്റി റോയ്‌സും ചേർന്ന് റോൾസ് റോയ്സ് കാറുകളുമായി എത്തുന്നത്.

ലണ്ടണിലെ സമ്പന്ന കുടുംബത്തിൽ ജനിച്ചുവളർന്ന വ്യക്തിയായിരുന്നു റോൾസ്. എന്നാൽ റോയ്സ് ആകട്ടെ കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ജീവിതം താണ്ടിയെത്തിയ വ്യക്തിയും. 14ാം വയസ്സിൽ ഗ്രേറ്റ് നോർത്തേൺ റെയിൽവേ വർക്‌സിൽ തൊഴിൽ അഭ്യസിക്കാൻ തുടങ്ങിയതോടെയാണ് റോയ്സ് വാഹനങ്ങളുടേയും എഞ്ചിനുകളുടേയും ലോകത്തെത്തുന്നത്. തുടർന്ന് റോയ്സ് ആദ്യമായി ഒരു ഡെക്കോവില്ലെ വാഹനം സ്വന്തമാക്കി. ഈ വാഹനത്തിലെ പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമം റോയ്സിനെ ഒടുവിൽ സ്വന്തമായി കാർ നിർമിക്കുന്ന നിലയിലെത്തിച്ചു. 1903ൽ അങ്ങനെ റോയ്സ് തന്റേതായ രീതിയിലുള്ള ഒരു വാഹനം നിർമിച്ചു.

കേംബ്രിജിൽ മെക്കാനിക്കൽ എഞ്ചിനീറിങ് ബിരുദം നേടിയ റോൾസിന് റേസിങ് രംഗത്തും താൽപര്യമുണ്ടായിരുന്നു. പഠനശേഷം റോൾസ് ഫ്രാൻസ്, ജർമനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കാറുകൾ ഇറക്കുമതി ചെയ്ത് വിൽക്കുന്ന ഡീലർഷിപ് തുടങ്ങി. ഇതിനിടയിലാണ് റോൾസും റോയ്സും കണ്ടുമുട്ടുന്നത്. അത് വാഹനചരിത്രത്തിലെ തന്നെ ചരിത്രമായി. 1904ൽ ഇരുവരും ചേർന്ന് ഇറക്കിയ ആദ്യ കാർ പാരിസ് മോട്ടോർ ഷോയിലെത്തിച്ചു. ഏകദേശം 400 പൗണ്ടിന് അടുത്തായിരുന്നു ആദ്യ റോൾസ് റോയ്സിന്റെ വില. 1906ൽ റോൾസ് റോയ്സ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിക്കപ്പെട്ടു. 1907ൽ സിൽവർ ഗോസ്റ്റ് എന്ന മോഡൽ ഇറക്കിയതോടെ ലോകത്തിലെ ഏറ്റവും മികച്ച കാർ എന്ന വിശേഷണം റോൾസ് റോയ്സിനെ തേടിയെത്തി. പിന്നീടങ്ങോട്ട് കമ്പനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

1906ൽ ആരംഭിച്ച റോൾസ് റോയ്സ് ലിമിറ്റഡ് എന്ന കമ്പനി ഇന്ന് നിലവിലില്ല. 1973ൽ കമ്പനി വിക്കേഴ്സുമായുള്ള ഉടമസ്ഥ കൈമാറ്റത്തെ തുടർന്ന് റോൾസ് റോയ്സ് മോട്ടോർസ് എന്ന് പേര് മാറ്റി. പിന്നീട് 1998ൽ ബിഎംഡബ്ല്യു ഉടമസ്ഥതയിൽ ആയതോടെ കമ്പനി റോൾസ് റോയ്സ് മോട്ടോർ കാർസ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
Explore the inspiring journey of Henry Royce, from humble beginnings to founding Rolls-Royce, a global symbol of luxury and engineering excellence.
