കൊച്ചി സ്മാർട്ട്സിറ്റിയിലെ ലുലു ഐടി ടവേഴ്സിൽ ഐ.ഐ.എം.കെ ലൈവ് (IIMK LIVE) സംഘടിപ്പിച്ച PIVOT 2026 ഡീപ് ടെക് സ്റ്റാർട്ടപ്പ് ഉച്ചകോടി ശ്രദ്ധേയമായി. ‘പ്രൂഫ് ഓവർ പിച്ച്’ എന്ന പ്രമേയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന ഉച്ചകോടിയുടെ ആദ്യ ദിവസം ബിസിനസ്സ് തത്വങ്ങളും സാങ്കേതികവിദ്യകളും ചർച്ച ചെയ്തു. കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, ഇന്ത്യ എഐ മിഷൻ ഗവേണിങ് ബോർഡ് അംഗം രാമണൻ രാമനാഥൻ സെമികണ്ടക്ടർ, സ്പേസ് ടെക്, ഡിഫൻസ്, സോവറിൻ എഐ തുടങ്ങിയ ഇന്ത്യയുടെ മുൻഗണനാ മേഖലകൾ വിശദീകരിച്ചു. ഗാലക്സ്ഐയുടെ സഹസ്ഥാപകൻ രക്ഷിത് ഭട്ട് ഭൗമനിരീക്ഷണ സാങ്കേതികവിദ്യകളെക്കുറിച്ചും, സ്കൈ എയർ മൊബിലിറ്റിയുടെ ഇഷാൻ ഖുല്ലർ ലോ-ആൾട്ടിട്യൂഡ് വ്യോമപാതകളുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. പരമ്പരാഗത സോഫ്റ്റ്വെയർ രംഗത്തിനപ്പുറം ഡീപ് ടെക് മേഖലയിലേക്ക് രാജ്യം ചുവടുമാറ്റേണ്ടതിന്റെ ആവശ്യകതയാണ് ആദ്യ ദിനം പ്രധാനമായും ചർച്ചയായത്.

ഉച്ചകോടിയുടെ രണ്ടാം ദിവസം മൂലധന സമാഹരണവും സ്റ്റാർട്ടപ്പുകളുടെ വളർച്ചയും കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ. ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും അക്കാദമിക തലത്തിൽ നിന്നും രൂപംകൊള്ളുന്ന ഡീപ് ടെക് സംരംഭങ്ങളെ ഇന്ത്യയുടെ മൂന്നാം തരംഗ സംരംഭകത്വമായി ഭാരത് ഇന്നൊവേഷൻ ഫണ്ട് മാനേജിങ് പാർട്ണർ കുനാൽ ഉപാധ്യായ വിശേഷിപ്പിച്ചു. ശക്തമായ ബൗദ്ധിക സ്വത്തവകാശം (IP) രൂപപ്പെടുത്തുന്നതാണ് ഡീപ് ടെക് എന്നും അദ്ദേഹം വ്യക്തമാക്കി. സ്പെഷ്യൽ ഇൻവെസ്റ്റിന്റെ വിഷ്ണു രാജീവ് കോ-ഫൗണ്ടർമാരുടെ ഇക്വിറ്റിയെക്കുറിച്ചും സാങ്കേതിക തടസ്സങ്ങളെക്കുറിച്ചും സംസാരിച്ചപ്പോൾ, പ്രതിതി ഇൻവെസ്റ്റ്മെൻ്റ്സിന്റെ ഷീബ ഡിമെല്ലോ സീഡ് ഘട്ടം മുതൽ സീരീസ് ബി വരെയുള്ള വളർച്ചാ ഘട്ടങ്ങളുടെ മാതൃക വിശദീകരിച്ചു. റിസ്ക് കൃത്യമായി വിലയിരുത്തുന്നതിനും സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം പ്രശ്നങ്ങളിൽ വ്യക്തത പുലർത്തുന്നതിനുമുള്ള പ്രാധാന്യം വ്യക്തമാക്കുന്ന വിവിധ ഇൻവെസ്റ്റർ പാനൽ ചർച്ചകളോടെയാണ് ഉച്ചകോടി സമാപിച്ചത്.
IIMK LIVE hosted the PIVOT 2026 Deep Tech Summit in Kochi SmartCity under the theme ‘Proof Over Pitch’, focusing on semiconductor, space tech, and sovereign AI growth in India.
