2025ലെ മെഗാ പദ്ധതികൾ

രാജ്യത്തിന്റെ കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിപ്പിക്കാനും യാത്രാ സമയം കുറയ്ക്കാനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനുമായുള്ള നിരവധി മെഗാ നിർമാണ പദ്ധതികളാണ് 2025ൽ ഇന്ത്യയെ കാത്തിരിക്കുന്നത്. ഇന്ത്യയുടെ വികസനമുന്നേറ്റത്തിന് ചുക്കാൻ പിടിക്കാൻ ഒരുങ്ങുന്ന ആറ് മെഗ് പദ്ധതികളെ കുറിച്ച് നോക്കാം.

1. ഹൈദരാബാദ് സിറ്റി ഇന്നൊവേറ്റീവ് ആൻഡ് ട്രാൻസ്ഫോർമേറ്റീവ് ഇൻഫ്രാസ്ട്രക്ചർ (H-CITI) പ്രോഗ്രാം
ഗ്രേറ്റർ ഹൈദരാബാദിലെ അടിസ്ഥാന നഗര സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള മെഗാ സംരംഭമാണിത്. 38 പദ്ധതികളിലായി 7,032 കോടി രൂപയുടെ നിക്ഷേപമാണ് H-CITIയുടെ ഭാഗമായി വരുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കുകയും നഗരഗതാഗതം മികവുറ്റതാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗ്രേഡ് സെപ്പറേറ്ററുകൾ, ഫ്‌ളൈഓവറുകൾ, റോഡ് അണ്ടർ ബ്രിഡ്ജസ്, റോഡ് ഓവർ ബ്രിഡ്ജസ്, ടണൽ കോറിഡോറുകൾ, കാൽനടയാത്രക്കാർക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.

2. മുംബൈ തീരദേശ പാത
8 വരിയും 29.2 കിലോമീറ്ററുമുള്ള എക്സ്പ്രസ് വേയാണ് മുംബൈ തീരദേശപാത. ഇതിൽ 22 കിലോമീറ്റർ നിലവിൽ ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. ബാക്കി ഭാഗങ്ങൾ കൂടി 2025ൽ തുറക്കും. പദ്ധതിയിലെ പ്രധാന നാഴികക്കല്ലായ കോസ്റ്റൽ റോഡിനും ബാന്ദ്ര-വർളി സീ ലിങ്കിനുമിടയിലുമുള്ള കണക്റ്റർ ജനുവരി 26ന് തുറക്കും. ഹാജി അലി ഇൻ്റർചേഞ്ചും ഈ വർഷം തുറക്കും. വൻ ഗതാഗതക്കുരുക്കിൽ പെട്ട് വലയുന്ന മുംബൈയിൽ തീരദേശ പാത വലിയ മാറ്റം കൊണ്ടുവരും.

3. ജെവാർ വിമാനത്താവളം
ഏഷ്യയിലെതന്നെ ഏറ്റവും വലിയ വിമാനത്താവളമാകാനുള്ള ഒരുക്കത്തിലാണ് ഉത്തർപ്രദേശിലെ നോയിഡ ഇൻ്റർനാഷണൽ എയർപോർട്ട് അഥവാ ജെവാർ വിമാനത്താവളം. 2025 ഏപ്രിൽ 17ന് വിമാനത്താവളം പ്രവർത്തനം ആരംഭിക്കും. 1,334 ഹെക്ടറിലാണ് വിമാനത്താവളം നിർമാണം. ആദ്യ ഘട്ടത്തിൽ 101,590 ചതുരശ്ര മീറ്റർ ടെർമിനലും 3.9 കിലോമീറ്റർ റൺവേയുമായാണ് ആരംഭിക്കുക. പ്രതിവർഷം 12 ദശലക്ഷം യാത്രക്കാരെ വരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ് ഈ വിമാനത്താവളം. ഉത്തർപ്രദേശിന്റെ സാമ്പത്തിക മുന്നേറ്റത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന പദ്ധതിയാണിത്.

4. ഗോരഖ്പൂർ ലിങ്ക് എക്സ്പ്രസ് വേ
ഉത്തർപ്രദേശിലെ 91.35 കിലോമീറ്റർ നിയന്ത്രിത-ആക്സസ് ഹൈവേയായ ഗോരഖ്പൂർ ലിങ്ക് അതിവേഗ പാത ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. 7,283 കോടി രൂപ ചെലവിൽ നിർമിച്ച ഈ എക്‌സ്പ്രസ് വേ ഗോരഖ്പൂർ, അംബേദ്കർനഗർ, സന്ത് കബീർ നഗർ, അസംഗഡ് എന്നീ നാല് ജില്ലകളിലൂടെ കടന്നുപോകുന്നു. അതിവോഗപാത പ്രവർത്തനക്ഷമമാകുന്നതോടെ ഗൊരഖ്പൂരിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള യാത്രാ സമയം വെറും 3.5 മണിക്കൂറായി ചുരുങ്ങും. യുപിയുടെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യുന്ന പദ്ധതിയാണിത്.

5. ഡൽഹി-മുംബൈ എക്സ്പ്രസ് വേ
ഇന്ത്യയിൽ ഏറ്റവുമധികം കാത്തിരിക്കപ്പെടുന്ന മെഗാ പദ്ധതികളിൽ ഒന്നാണ് ഡൽഹി-മുംബൈ അതിവേഗപാത. 1,386 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ് വേ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയ്ക്കും. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലൈറ്റിംഗ്, മഴവെള്ള സംഭരണ സംവിധാനങ്ങൾ, വന്യജീവി ക്രോസിംഗുകൾ എന്നിവ ഉൾക്കൊള്ളുന്ന പാത സുസ്ഥിര വികസനത്തിൽ പ്രധാന നാഴികക്കല്ലാകും.

6. ഗംഗ എക്സ്പ്രസ് വേ
ഉത്തർപ്രദേശിൽ 594 കിലോമീറ്റർ ദൈർഘ്യത്തിൽ വരുന്ന ഗംഗാ എക്‌സ്‌പ്രസ്‌വേ ഈ വർഷം നിർമാണം പൂർത്തിയാകും. മീററ്റിനെ പ്രയാഗ്‌രാജുമായി ബന്ധിപ്പിക്കുന്ന പദ്ധതി 12 ജില്ലകളിലൂടെ കടന്നുപോകുന്നു. 36,230 കോടി രൂപയുടെ പദ്ധതിയിൽ ഗംഗാ നദിക്ക് കുറുകെയുള്ള 960 മീറ്റർ നീളമുള്ള പാലം, രാംഗംഗ നദിക്ക് കുറുകെ 720 മീറ്റർ നീളമുള്ള പാലം തുടങ്ങിയ പ്രധാന നിർമാണ നേട്ടങ്ങൾ ഉൾപ്പെടുന്നു. കിഴക്കൻ, പടിഞ്ഞാറൻ യുപിയിലെ പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാൻ സഹായകമാകുന്നതാണ് ഈ അതിവേഗ പാത.

Discover six transformative mega infrastructure projects in India slated for 2025, from the Delhi-Mumbai Expressway to Jewar Airport, revolutionizing connectivity and boosting economic growth.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version