പുതിയ വർഷത്തിൽ കന്യാകുമാരിയിലെ സൂര്യോദയവും കോവളത്തെ അസ്തമയവും ഒറ്റ ട്രിപ്പിൽ കാണാം. കന്യാകുമാരിയിലെത്തി സൂര്യോദയവും കണ്ടു കടലിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ ചില്ലുപാലവും കയറി കോവളത്തെത്തി സൂര്യാസ്തമയത്തിന് സാക്ഷിയായി തിരികെ മടങ്ങുന്ന ഒരു വാരാന്ത്യ യാത്രയൊരുക്കുന്നതു കോട്ടയം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ആണ്.
തമിഴ്‌നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ കെഎസ്‌ആർടിസി കൂടുതൽ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാബലിപുരം, തഞ്ചാവൂർ, മധുര, ചെന്നൈ, വേളാങ്കണ്ണി എന്നിങ്ങനെ അഞ്ച് വിനോദസഞ്ചാരമേഖലകൾ കേന്ദ്രീകരിച്ചുള്ള ദ്വിദിന, ത്രിദിന പാക്കേജുകളാണ് കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ അവതരിപ്പിക്കുന്നത്.
യാത്രക്കാരുടെ താൽപര്യമനുസരിച്ച് യാത്രാമധ്യേയുള്ള മറ്റ് ടൂറിസം കേന്ദ്രങ്ങളിലും സന്ദർശനസൗകര്യമൊരുക്കും. 93 ഡിപ്പോകൾവഴിയാണ് വിനോദയാത്രാ പാക്കേജ് നടപ്പാക്കുക. സൂപ്പർ ഡീലക്‌സ് നോൺ എസി ബസ് ഇതിനായി വിട്ടുനൽകും. 40 പേർക്കായാണ് ഒരു യാത്ര.
ശനിയാഴ്ച രാത്രി 9 മണിക്ക് കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്ര ഞായറാഴ്ച പുലർച്ചെ കന്യാകുമാരിയിൽ എത്തും. ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും തീരത്തുള്ള കന്യാകുമാരിയിലെ സൂര്യോദയം ആണ് ഈ യാത്രയിലെ ആദ്യ കാഴ്ച. ബംഗാൾ ഉൾക്കടലിൽ സൂര്യൻ ഉദിച്ചു വരുന്നതും, അറബിക്കടലിൽ അസ്തമിക്കുന്നതും ഒരേസ്ഥലത്തുനിന്നും കാണാൻ സാധിക്കുന്ന ഇടമാണ് കന്യാകുമാരി. അതുകൊണ്ടുതന്നെ ഇവിടുത്തെ ഉദയത്തിനും അസ്തമയത്തിനും ഒരു വ്യത്യസ്ത ഭംഗിയാണ്.
സൂര്യോദയം കണ്ടിറങ്ങിയാൽ നേരെ കന്യാകുമാരിയിലെ ഏറ്റവും പുതിയ ആകർഷണങ്ങളിലൊന്നായ,വിവേകാനന്ദ റോക്ക് മെമ്മോറിയലിനെയും തിരുവള്ളുവർ പ്രതിമയും തമ്മിൽ ബന്ധിപ്പിക്കുന്ന, ഇന്ത്യയിൽ കടലിനു മുകളിലൂടെയുള്ള ആദ്യ ചില്ലുപാലത്തിലേക്കു പോകാം. കടലിനു മുകളിലൂടെ നടന്നുള്ള യാത്രയും കടൽക്കാഴ്ചകളും മനോഹരമായ അനുഭവം നല്കും. വിവേകാനന്ദപ്പാറയിലെത്തി അവിടുന്ന് ചില്ലുപാലത്തിനു മുകളിലൂടെ നടന്ന് തിരുവുള്ളവർ പ്രതിമയ്ക്ക് അടുത്തെത്താം.
കടലിൽ നിന്ന് 133 അടി ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന കന്യാകുമാരി ഗ്ലാസ് ബ്രിഡ്ജിന് 10 മീറ്റർ വീതിയുണ്ട്. ഏകദേശം 77 മീറ്റർ നീളത്തിലാണ് കന്യാകുമാരി ഗ്ലാസ് ബ്രിഡ്‍ജ് ഉള്ളത്. പാലത്തിന്റെ ആര്‍ച്ചുകള്‍ക്ക് 11 മീറ്റര്‍ വരെ ഉയരമുണ്ട്. ഇത് കടൽക്കാറ്റിനെയും, കടലിലെ ഉപ്പിനെയും ഉയര്‍ന്ന ആർദ്രതയെയും പ്രതിരോധിക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
കന്യാകുമാരിയിലെ കടലിനു മുകളിലെ ചില്ലുപാപാലം കണ്ട്, വിവേകാനന്ദപ്പാറയും തിരുവുള്ളവർ പ്രതിമയും സന്ദർശിച്ച്, കന്യാകുമാരി ദേവി ക്ഷേത്രവും യാത്രയിൽ സന്ദർശിച്ചു കോവളത്തേക്ക് പോയി ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷം കോട്ടയത്ത് എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 1060 രൂപയാണ് ബസ് ടിക്കറ്റ് ഇനത്തിൽ യാത്രാ നിരക്കായി ഈടാക്കുന്നത്. യാത്രയിലെ ഭക്ഷണം, ഫ്രഷ് അപ് ആകുവാനുള്ള സൗകര്യം, പ്രവേശന നിരക്കുകൾ എന്നിവ ഇതിൽ പെടില്ല. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8089158178 എന്ന നമ്പറിൽ ബന്ധപ്പെടാം.
Experience the ultimate weekend getaway with KSRTC’s Budget Tourism Cell, featuring a sunrise in Kanyakumari, India’s first glass bridge over the sea, and a sunset in Kovalam. Affordable travel starting at just ₹1060!