സാമ്പത്തിക രംഗത്തും വികസന രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ നബാർഡിന് കഴിഞ്ഞിട്ടുണ്ട്. ദാരിദ്ര്യ നിർമാർജനം, വനിതാ ശാക്തീകരണം തുടങ്ങിയവയാണ് കുടുംബശ്രീ പോലുള്ള സ്വയം സഹായ സംഘങ്ങളുടെ ലക്ഷ്യം. ഇത്തരം പദ്ധതികളെ ബാങ്കിന്റെ ക്രെഡിറ്റുമായി ലിങ്ക് ചെയ്യുന്ന തരത്തിലുള്ള പൈലറ്റ് പ്രൊജക്റ്റ് നബാർഡിന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്. പിന്നീടത് SHG Bank Linkage Programme എന്നറിയപ്പെടുന്ന പദ്ധതിയായി മാറി. പദ്ധതിയിൽ ഇന്ന് ഏകദേശം 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. പത്ത് ലക്ഷത്തോളം സ്ത്രീകൾക്ക് ഗുണകരമാകുന്ന ഈ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്ക് ലിങ്കേജ് പ്രോഗ്രാമുകളിൽ ഒന്നാണ്. ഇങ്ങനെ സ്ത്രീ ശാക്തീകരണത്തിൽ നിർണായക സ്ഥാനം വഹിക്കാൻ നബാർഡിനു കഴിഞ്ഞു.
കേരളത്തിൽ മാത്രം ഒരു വർഷം വായ്പയായി 20000 കോടി രൂപ നബാർഡ് നൽകുന്നു. ഇതിൽ 15000 കോടി രൂപ പുനർവായ്പയായി സഹകരണ സ്ഥാപനങ്ങളിലൂടെയും മറ്റ് ബാങ്കുകളിലൂടെയുമാണ് നൽകുന്നത്. 5000 കോടി രൂപ നബാർഡ് അടിസ്ഥാന ഗ്രാമീണ വികസനത്തിനായി സംസ്ഥാന സർക്കാറിന് നൽകുന്നു. ഇത് കൂടാതെ വികസന പ്രവർത്തനങ്ങൾക്കായി നബാർഡ് ഗ്രാൻഡുകളുടെ രൂപത്തിൽ പിൻതുണ നൽകുന്നു. അത് കൊണ്ടാണ് നബാർഡ് ഡവലപ്മെന്റൽ ബാങ്ക് എന്ന് അറിയപ്പെടുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡെവലപ്മെന്റൽ ബാങ്കാണ് നബാർഡ്. 9 ലക്ഷം കോടി രൂപയാണ് നിലവിൽ നബാർഡിന്റെ ബാലൻസ് ഷീറ്റ് കണക്ക്. ഈ വർഷംകൊണ്ട് അത് പത്ത് ലക്ഷം കോടിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇങ്ങനെ വായ്പകളിലൂടെയും ഗ്രാൻഡുകളിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും ഗ്രാമീണ മേഖലയുടെ സാമ്പത്തിക പുരോഗതി ഉറപ്പു വരുത്തുകയാണ് നബാർഡ് ചെയ്യുന്നത്.
പൂർണമായും കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ വരുന്ന സ്ഥാപനമാണ് നബാർഡ്. 1981ൽ പാർലമെന്റ് പാസ്സാക്കിയ നബാർഡ് ആക്ട് പ്രകാരമാണ് സ്ഥാപനം രൂപീകരിച്ചത്. ഗ്രാമീണ ഉന്നമനത്തിനായി വായ്പകളും ബന്ധപ്പെട്ട സേവനങ്ങളും ലഭ്യമാക്കുകയാണ് നബാർഡിന്റെ ഉദ്ദേശ ലക്ഷ്യം. ഗ്രാമീണ മേഖലയുടെ വികസനത്തിനായി നബാർഡ് നേരിട്ടും അല്ലാതെയും ലോണുകൾ നൽകുന്നു. ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും നബാർഡിന്റെ പക്കൽ നിന്നും വായ്പയെടുത്ത് ഗ്രാമീണ വികസനത്തിനോ കൃഷിക്കോ വേണ്ടിയുള്ള ലോണുകളായി ആളുകൾക്ക് നൽകുന്നു. ഇതാണ് നബാർഡിന്റെ നേരിട്ടല്ലാത്ത ലോണുകൾ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇതിനെ പുനർവായ്പ എന്നാണ് പറയുന്നത്.
പുനർവായ്പകളുടെ ഗുണം
ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും കൂടുതൽ ആളുകളിലേക്ക് എത്താനാകും എന്നതാണ് അവയുടെ പ്രത്യേകത. ഉദാഹരണത്തിന്, കേരളത്തിലെ സഹകരണ വായ്പാ മേഖലയ്ക്ക് ആറായിരത്തോളം ടച്ച്പോയിന്റുകൾ ഉണ്ട്. ഈ 6000 ടച്ച് പോയിന്റുകളിലൂടെ കൃഷിക്കാർക്കും മറ്റും കൂടുതൽ ലോണുകൾ നൽകാനാകും. ഇത്തരത്തിലുള്ള ബാങ്കുകൾ നൽകുന്ന വായ്പകൾ നബാർഡ് പുനർവായ്പയായി കൊടുക്കുന്നതാണ്.
ഇളവുകൾ വെച്ചാണ് നബാർഡ് വായ്പ കൊടുക്കാറുള്ളത്. കർണാടകയിൽ ഇങ്ങനെ ഇളവുകൾ വെച്ച് വായ്പ കൊടുക്കുന്നതിൽ ഫണ്ടിങ് പ്രശ്നം കാരണം ചെറിയ വ്യത്യാസം വന്നു. എന്നാൽ ഇളവ് നൽകാൻ ആയില്ലെങ്കിലും പല അവസരങ്ങൾ നബാർഡ് അതിന് പകരമായി തുറന്നു കൊടുത്തു. അതിൽ ഏറ്റവും പ്രധാനമാണ് വായ്പാ സ്ഥാപനങ്ങൾക്ക് അവരുടെ ടച്ച് പോയിന്റ് ചിലവ് കുറയ്ക്കാൻ വേണ്ടി ചെയ്ത സംവിധാനങ്ങൾ. മറ്റൊന്നാണ് ഫാർമർ അഗ്രിഗേറ്റ്. വായ്പ മൊത്തത്തിൽ കൊടുക്കുമ്പോൾ ഓരോരുത്തർക്കായി കൊടുക്കുന്നതിനേക്കാൾ ചിലവ് കുറയും എന്നതാണ് ഫാർമർ അഗ്രിഗേറ്റ് പോലുള്ള പദ്ധതികളുടെ സവിശേഷത.
Explore NABARD’s impactful contributions to rural development, women empowerment, and economic growth in India. Learn about its SHG Bank Linkage Programme, re-lending initiatives, and support for cooperative credit systems.