തമിഴ്നാട്ടിലെ പാനിപ്പൂരി കച്ചവടക്കാരന് യുപിഎ ഇടപാടിലൂടെ 40 ലക്ഷത്തിനു മുകളിൽ വരുമാനം ലഭിച്ചുവെന്നും അദ്ദേഹത്തിന് ആദായ നികുതി വകുപ്പ് ജിഎസ്ടി നിയമങ്ങൾ ലംഘിച്ചതിന് നോട്ടീസ് അയച്ചെന്നുമുള്ള ഒരു വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്ത വാർത്ത സമൂഹമാധ്യമങ്ങളിലും വൈറലായി. എന്നാൽ ഈ വാർത്തയുടെ നിജസ്ഥിതി വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്വതന്ത്ര വാർത്താ ഏജൻസിയായ പിടിഐ. പിടിഐ ഫാക്റ്റ്ചെക്കിൽ പറയുന്നത് അനുസരിച്ച് ഈ വാർത്ത വ്യാജമാണ്.
എക്സ് പ്ലാറ്റ്ഫോമിൽ ജഗദീഷ് ചതുർവേദി എന്ന ഹാൻഡിലിലാണ് വ്യാജവാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. ജിഎസ്ടി നിയമങ്ങൾ ലംഘിച്ചതിന് ആദായ നികുതി വകുപ്പ് അയച്ച നോട്ടീസ് എന്ന തരത്തിൽ ഷെയർ ചെയ്ത ഒരു സ്ക്രീൻഷോട്ടും പോസ്റ്റിൽ ഉണ്ടായിരുന്നു. ജനുവരി രണ്ടിന് വിവിധ ദേശീയ മാധ്യമങ്ങൾ സംഭവം വാർത്തയാക്കി. എന്നാൽ ആദായ നികുതി വകുപ്പ് ജിഎസ്ടി നിയമലംഘനത്തിന്റേതായി ഇത്തരത്തിലൊരു നോട്ടീസ് അയച്ചിട്ടില്ലെന്ന് പിടിഐ ഫാക്റ്റ്ചെക്കിൽ തെളിയുകയായിരുന്നു. ആദായ നികുതി വകുപ്പ് പാനിപ്പൂരി കച്ചവടക്കാരന് അയച്ചത് എന്ന തരത്തിൽ പോസ്റ്റിൽ ഷെയർ ചെയ്തിരിക്കുന്ന ജിഎസ്ടി നിയമലംഘന സ്ക്രീൻ ഷോട്ട് യഥാർത്ഥത്തിൽ കന്യാകുമാരിയിലുള്ള ഒരു ഹോട്ടൽ ഉടമയ്ക്ക്
2024 ഡിസംബർ 17ന് അയച്ചതാണെന്ന് ആദായ നികുതി വകുപ്പ് അധികൃതർ അറിയിച്ചു.
കന്യാകുമാരിയിലെ ഹോട്ടൽ ഉടമയ്ക്ക് ആദായ നികുതി വകുപ്പ് അയച്ച നോട്ടീസിൽ ‘നോട്ടീസ് ടു പാനിപ്പൂരി വെൻഡർ’ എന്ന് എഴുതിച്ചേർത്താണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്. ഇന്ത്യയിൽ പാനിപ്പൂരി വിൽപ്പനക്കാർ അടക്കമുള്ള തെരുവ് കച്ചവടക്കാർക്ക് വരുമാനം നിശ്ചിതം പരിധിക്ക് താഴെയാണണെങ്കിൽ ജിഎസ്ടി ഇളവുണ്ട്. 40 ലക്ഷമാണ് നിലവിലെ ഈ ഇളവ് പരിധി. ഇതിനു മുകളിൽ വരുമാനം ലഭിച്ചത് കൊണ്ട് പാനിപ്പൂരി കച്ചവടക്കാരന് ജിഎസ്ടി നോട്ടീസ് അയച്ചു എന്നതായിരുന്നു വ്യാജവാർത്ത.
A viral social media claim about a pani puri vendor in Tamil Nadu receiving an income tax notice for ₹40 lakh in online payments is false. Channeliam Fact Check reveals the notice was actually issued to a hotel owner for GST registration.