ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫോർബ്സ്. പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഇന്ത്യക്കാരാണ് എന്നതാണ് സവിശേഷത. മുകേഷ് അംബാനി, ഗൗതം അദാനി എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള പട്ടികയിൽ ശിവ് നാടാർ, സാവിത്രി ജിൻഡാൽ എന്നിവരും ആദ്യ പത്തിൽ ഇടം പിടിച്ചു.
97.2 ബില്യൺ ഡോളറുമായി റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ലിസ്റ്റിൽ ഒന്നാമത്. റിലയൻസ് ഇൻഡസ്ട്രീസ്, റിലയൻസ് ജിയോ, നെറ്റ് വർക്ക് 18 തുടങ്ങിയവയാണ് മുകേഷ് അംബാനിയുടെ സമ്പത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്. അദാനി എന്റർപ്രൈസസ് ചെയർമാൻ ഗൗതം അദാനിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. അദാനി പോർട്ട്സ്, അദാനി ഗ്രീൻ എനെർജി തുടങ്ങിയവയുടേയും തലപ്പത്തുള്ള ഗൗതമിന്റെ ആസ്തി 59.6 ബില്യൺ ഡോളറാണ്.
41.3 ബില്യൺ ഡോളർ ആസ്തിയോടെ HCL Technologies, Coforge Limited തുടങ്ങിയവയുടെ ഉടമ ശിവ് നാടാർ ഏഷ്യയിലെ ഏറ്റവും വലിയ ഏഴാമത്തെ സമ്പന്നനാണ്. പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ള JSW Groupമേധാവി സാവിത്രി ജിൻഡാലിനും കുടുംബത്തിനും 36.8 ബില്യൺ ഡോളറാണ് ആസ്തി.
ചൈനീസ് കോടീശ്വരനും നോങ്ഫു സ്പ്രിങ്സ് ഉടമയുമായ സോങ് ഷാൻഷാൻ ആണ് ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കോടീശ്വരൻ. 52.2 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ബൈറ്റ് ഡാൻസ്, ടിക്ടോക് ഉടമ സാങ് യിമ്മിങ്, ടെൻസൻ ഹോൾഡിങ്സ് മേധാവി മാ ഹുവാതെങ് എന്നീ ചൈനക്കാരും സമ്പന്നരായ ഏഷ്യക്കാരുടെ പട്ടികയിൽ ആദ്യ പത്തിലുണ്ട്. 45.6 ബില്യൺ ഡോളർ ആസ്തിയുമായി സാങ് യിമ്മിങ് ആറാം സ്ഥാനത്തും 40.7 ബില്യൺ ഡോളർ ആസ്തിയോടെ മാ ഹുവാതെങ് എട്ടാം സ്ഥാനത്തുമാണ്. ഹോങ്കോങ് ബിസിനസ്സുകാരനും CK Hutchison Holdings ഉടമയുമായ ലി കാ ഷിങ് 35.6 ബില്യൺ ആസ്തിയോടെ പട്ടികയിൽ പത്താം സ്ഥാനത്തുണ്ട്.
ഇന്തോനേഷ്യൻ കോടീശ്വരനും പ്രശസ്തമായ ബാരിസ്റ്റോ പസിഫിക് ഗ്രൂപ്പ് ഉടമയുമായ പ്രജോഗോ പംഘെസ്തുവാണ് പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. 46.4 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഇതേ ആസ്തിയോടെ ജപ്പാനിലെ ഫാസ്റ്റ് റീട്ടെയ്ലിങ് ഉടമ ടഡാഷി യനായും അദ്ദേഹത്തിന്റെ കുടുംബവും അഞ്ചാം സ്ഥാനത്താണ്.
Explore the top 10 wealthiest individuals in Asia in 2025, from Mukesh Ambani’s telecom empire to Zhong Shanshan’s dominance in beverages and diagnostics.