വിജയ് സേതുപതി ചിത്രം മഹാരാജ ചൈനയിൽ 100 കോടി കലക്ഷൻ നേടിയിരിക്കുകയാണ്. ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ, അന്ധാദുൻ തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങളും ചൈനീസ് ബോക്സോഫീസിൽ പണം വാരിയിട്ടുണ്ട്. എന്നാൽ 54 വർഷം മുൻപ് ഇറങ്ങിയ ഒരു ഹിന്ദി ക്രൈം ത്രില്ലർ ഈ ചിത്രങ്ങളുടെയല്ലാം ചൈനീസ് തിയേറ്ററുകളിലെ പ്രകടനത്തെ നിഷ്പ്രഭമാക്കുന്നു.
1971ൽ ജിതേന്ദ്ര, ആശ പരേഖ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു കാരവൻ. നസീർ ഹുസൈൻ സംവിധാനം ചെയ്ത ചിത്രം അക്കാലത്ത് ഇന്ത്യൻ ബോക്സോഫീസിൽ 3.5 കോടി രൂപയോളം കലക്ഷൻ നേടി. എന്നാൽ അതിലും വലിയ റെക്കോർഡ് ആണ് ചിത്രം ചൈനയിൽ റിലീസ് ചെയ്തതോടെ നേടിയത്. ചൈനീസ് തിയേറ്ററുകളിൽ ചിത്രം ആദ്യം റിലീസ് ചെയ്ത ഘട്ടത്തിൽ 8.8 കോടി ടിക്കറ്റുകളാണ് വിറ്റുപോയത്. ചിത്രത്തിന്റെ ജനപ്രിയത മാനിച്ച് വീണ്ടും വീണ്ടും കാരവൻ റിറിലീസ് ചെയ്യപ്പെട്ടു. ഒടുവിൽ 30 കോടി ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി ആകെ ചൈനീസ് തിയേറ്ററുകളിൽ വിറ്റുപോയത്. ഏതൊരു രാജ്യത്തും ഒരു ഇന്ത്യൻ സിനിമയുടേതായി വിറ്റുപോകുന്ന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ എന്ന റോക്കോർഡാണ് അന്ന് കാരവൻ സ്വന്തമാക്കിയത്. ഷോലെ ഇന്ത്യയിൽ നേടിയ റെക്കോർഡും ആവാര എന്ന ചിത്രം സോവിയറ്റ് യൂണിയനിൽ നേടിയ നേട്ടവുമാണ് കാരവൻ മറികടന്നത്.
വിദേശ രാജ്യത്ത് ഏറ്റവും അധികം പണം വാരിയ ഇന്ത്യൻ ചിത്രം എന്ന റെക്കോർഡ് ദംഗലിന് അവകാശപ്പെട്ടതാണ്. ചൈനയിൽ മാത്രം ചിത്രം 238 മില്യൺ ഡോളർ നേടി. എന്നാൽ കാരവനുമായി തട്ടിച്ചു നോക്കുമ്പോൾ മറ്റൊരു കാര്യം ശ്രദ്ധേയമാണ്-ദംഗലിന്റെ 4,31 കോടി ടിക്കറ്റുകളാണ് ചൈനയിൽ വിറ്റു പോയത്, ഇതാകട്ടെ കാരവന്റെ ഏഴിലൊന്ന് മാത്രമേ വരൂ. ഇന്ത്യയിലെ ഏറ്റവും പണം വാരിയ ചിത്രങ്ങളിൽ ഒന്നായ പുഷ്പ 2 പോലും ഇന്ത്യയിൽ ആദ്യ മാസം വിറ്റഴിച്ചത് ആറ് കോടിയോളം ടിക്കറ്റുകളാണ്. ഇവിടെയാണ് കാരവന്റെ ചൈനയിൽ വിറ്റഴിക്കപ്പെട്ട 30 കോടി ടിക്കറ്റുകളുടെ മഹത്വം വെളിവാകുന്നത്.
Discover how the 1971 film Caravan achieved unprecedented success in China, selling 30 crore tickets and surpassing blockbusters like Dangal and RRR.