മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം എന്ന വിശേഷണത്തോടെയാണ് ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയേറ്ററുകളിലെത്തിയത്. ഇപ്പോൾ പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാർക്കോ. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു എ സർട്ടിഫിക്കറ്റ് ചിത്രം 100 കോടിയിലധികം കലക്ഷൻ നേടി എന്ന നേട്ടമാണ് മാർക്കോ സ്വന്തമാക്കിയത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചതിനൊപ്പം നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് നേട്ടത്തെക്കുറിച്ച് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

ഡിസംബർ 20ന് ക്രിസ്മസ് റിലീസായാണ് മാർക്കോ തിയേറ്ററുകളിൽ എത്തിയത്. റിലീസ് ദിവസം മുതൽ തന്നെ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വയലൻസ്-ആക്ഷൻ രംഗങ്ങളുമായി എത്തിയ ചിത്രം മലയാള സിനിമയ്ക്ക് പുതിയ ബെഞ്ച് മാർക്ക് സൃഷ്ടിച്ചു. ഇപ്പോഴും തിയേറ്ററുകളിൽ മുന്നേറുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകളും ഇറങ്ങിയിട്ടുണ്ട്.

മുതിർന്നവർക്ക് (18 വയസ്സിന് മുകളിലുള്ളവർക്ക്) മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ചിത്രങ്ങളാണ് എ സർട്ടിഫിക്കറ്റ് ചിത്രം. അതിഭീകര വയലൻസ് രംഗങ്ങൾ-സംഭാഷണങ്ങൾ, ലൈംഗിക രംഗങ്ങൾ, അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്ന് ഉള്ള ചിത്രങ്ങളെയാണ് സാധാരണയായി എ സർട്ടിഫിക്കറ്റ് വിഭാഗത്തിൽ പെടുത്താറുള്ളത്.
Unni Mukundan’s ‘Marco’ creates history as the first Malayalam movie to cross ₹100 crore at the box office. Released on December 20, this action-packed film sets new benchmarks in Malayalam cinema.