തൊഴിൽ അന്വേഷകനിൽ നിന്ന് തൊഴിൽ ദാതാവായുള്ള മാറ്റത്തിന് അനുകൂലമായ ഒരു സംരംഭക അന്തരീക്ഷം 2024ൽ കേരളത്തിൽ രൂപപ്പെട്ടുകഴിഞ്ഞു. ഇടതു സർക്കാർ നടപ്പാക്കിയ സംരംഭക വർഷം പദ്ധതി വിജയകരമായിരുന്നു. അതിന്റെ തുടർ പദ്ധതികൾ ഇക്കൊല്ലവും സജീവമാണ്. ഈ സാഹചര്യം ഉപയോഗപ്പെടുത്താൻ, സംസ്ഥാന സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി അഞ്ച് സ്വയംതൊഴിൽ പദ്ധതികളാണ് നിലവിലുള്ളത്.
ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് മൾട്ടിപർപ്പസ് ജോബ് ക്ലബ്, കേരളത്തിൽ രജിസ്റ്റർ ചെയ്ത തൊഴിൽരഹിതർക്കുള്ള കെസ്റു, വിധവകൾക്കും വിവാഹ മോചിതർക്കുമുള്ള, സ്ത്രീകൾക്കുമാത്രമായുള്ള ശരണ്യ, ഭിന്നശേഷിക്കാർക്കുള്ള കൈവല്യ, മുതിർന്ന പൗരൻമാർക്കും ഉപയോഗപ്പെടുത്താവുന്ന നവജീവൻ എന്നിങ്ങനെ അഞ്ച് സ്വയംതൊഴിൽ പദ്ധതികളാണ് നിലവിലുള്ളത്. ബിരുദമുള്ള സ്ത്രീകൾക്ക് പദ്ധതികളിൽ മുൻഗണനയും ലഭിക്കും. നവജീവൻ പദ്ധതിയിലും 25 ശതമാനം സ്ത്രീകൾക്കു അർഹതയുണ്ട്.
സ്ത്രീകൾക്ക് വേണ്ടി മാത്രം ശരണ്യ
അശരണരായ സ്ത്രീകളോടുള്ള സംസ്ഥാന സർക്കാരിന്റെ കരുതലാണ് ശരണ്യ സ്വയംതൊഴിൽ വായ്പ പദ്ധതി. ശരണ്യ സംരംഭങ്ങൾ വീടുകളിലും തുടങ്ങാവുന്നതാണ്.തൊഴിൽരഹിതരായ വിധവകൾ, നിയമാനുസൃതം വിവാഹബന്ധം വേർപെടുത്തിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ, ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, കിടപ്പിലായ രോഗിയുടെ ഭാര്യ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകൾ,പട്ടികവർഗത്തിലെ വിവാഹം കഴിക്കാത്ത അമ്മമാർ തുടങ്ങിയവർക്ക് ഇതിന് അപേക്ഷിക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിലവിൽ രജിസ്ട്രേഷനുണ്ടായിരിക്കണം. വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം.
ഉൽപ്പാദന, സേവന, കച്ചവട, സംരംഭങ്ങൾ ആരംഭിക്കുന്നതിന് പരമാവധി 50,000 രൂപവരെ പലിശരഹിത വായ്പ ലഭിക്കും. ആകെ പദ്ധതി ചെലവിന്റെ 10 ശതമാനം സംരംഭക കണ്ടെത്തേണ്ടതാണ്. വായ്പയുടെ 50 ശതമാനം ,25,000 രൂപ, സബ്സിഡിയായി ലഭിക്കും.
മൾട്ടിപർപ്പസ് ജോബ് ക്ലബ്: 10 ലക്ഷം വരെ
വായ്പ
സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് രണ്ടുമുതൽ അഞ്ചുവരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന പദ്ധതിയാണ് മൾട്ടിപർപ്പസ് ജോബ് ക്ലബ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ നിലവിലുള്ളവർക്കാണ് ഇത് ലഭ്യമാകുക. ധനകാര്യസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ആകെ പദ്ധതി ചെലവ് 10 ലക്ഷം രൂപയിൽ കൂടരുത്
ചെറുകിട ഉൽപ്പാദന, സേവന സംരംഭങ്ങൾ, ഭക്ഷ്യസംസ്കരണം, കാർഷിക മൂല്യവർധന, ഫാമിങ്, കച്ചവടം തുടങ്ങി എല്ലാത്തരം സംരംഭങ്ങൾക്കും വായ്പ ലഭിക്കും.അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം പരമാവധി ഒരു ലക്ഷം രൂപയും പ്രായം 25നും 45നുമിടയിലുമായിരിക്കണം. പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധി 50 വയസ്സായിരിക്കും.
ബിരുദമുള്ള സ്ത്രീകൾ, പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയവർ, തൊഴിൽരഹിതവേതനം കൈപ്പറ്റുന്നവർ, പോളിടെക്നിക്, ഐടിഐ എന്നിവിടങ്ങളിൽനിന്ന് വിവിധ ട്രേഡുകളിൽ സർട്ടിഫിക്കറ്റ് നേടിയവർ, വിവിധ വകുപ്പുകൾ നടത്തുന്ന തൊഴിൽ പരിശീലനം വഴി കാര്യക്ഷമതാ സർട്ടിഫിക്കറ്റ് നേടിയ പരമ്പരാഗത തൊഴിലാളികൾ എന്നിവർക്ക് പദ്ധതിയിൽ മുൻഗണന ലഭിക്കും.
പദ്ധതി ചെലവിന്റെ 10 ശതമാനം ഗുണഭോക്തൃ വിഹിതമായി സംരംഭകർ കണ്ടെത്തേണ്ടതാണ്. 25 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) സർക്കാർ സബ്സിഡിയായി നൽകും. ക്രെഡിറ്റ് ഗ്യാരന്റി സ്കീം വഴി പുറമെനിന്നുള്ള ഈട് ഒഴിവാക്കിയാണ് പൊതുവിൽ ഈ വായ്പ അനുവദിക്കുന്നത്. തിരിച്ചടവ് ജോബ് ക്ലബ് അംഗങ്ങളുടെ കൂട്ടുത്തരവാദിത്വമായിരിക്കും.
കെസ്റു-കേരള
സംസ്ഥാന
സ്വയംതൊഴിൽ പദ്ധതി
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിച്ചിട്ടില്ലാത്തവർക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച സ്വയംതൊഴിൽ പദ്ധതിയാണിത്. കുറഞ്ഞ മുതൽമുടക്കിൽ ഉൽപ്പാദന, വാണിജ്യ, സേവന സംരംഭങ്ങൾ ഈ പദ്ധതിയിലൂടെ തുടങ്ങാം. വ്യക്തിഗതമായോ ഗ്രൂപ്പായോ സംരംഭം ആരംഭിക്കാവുന്നതാണ്.
അപേക്ഷകരുടെ പ്രായം 21നും അമ്പതിനുമിടയിലായിരിക്കണം. കുടുംബ വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ അധികമായിരിക്കരുത്. മലയാളം വായിക്കാനും എഴുതാനുമറിയണം.
കെസ്റു പദ്ധതിയിൽ ഒരു വ്യക്തിയാണ് സംരംഭം തുടങ്ങുന്നതെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വായ്പ ലഭിക്കും. ഗ്രൂപ്പ് സംരംഭമാണെങ്കിൽ ഗ്രൂപ്പിലെ ഒരംഗത്തിന് ഒരു ലക്ഷം രൂപവീതം കിട്ടും. വായ്പയുടെ 20 ശതമാനം (20,000 രൂപ ) സബ്സിഡിയും ലഭിക്കും. ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്നാണ് സർക്കാർ ഈ പദ്ധതിയും നടപ്പാക്കുന്നത്.കെസ്റു പ്രയോജനപ്പെടുത്തുന്നവരെ എംപ്ലോയ്മെന്റ് വഴിയുള്ള താൽക്കാലിക നിയമനങ്ങൾക്ക് പരിഗണിക്കില്ല. എന്നാൽ, സ്ഥിരനിയമങ്ങൾക്ക് അർഹതയുണ്ടാകും.
മുതിർന്ന പൗരൻമാർക്ക് നവജീവൻ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മുതിർന്ന പൗരർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ നടപ്പാക്കുന്ന പദ്ധതിയാണ് നവജീവൻ. മുതിർന്ന പൗരർക്ക് വായ്പ നൽകാൻ ധനകാര്യസ്ഥാപനങ്ങൾ പൊതുവെ വിമുഖത കാണിക്കുന്ന കാലത്ത് അവർക്ക് വരുമാനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും.
50,000 രൂപവരെയാണ് ഈ പദ്ധതിയിൽ വായ്പ ലഭിക്കുക. ഇതിന്റെ 25 ശതമാനം (12,500 രൂപ) സബ്സിഡിയായി ലഭിക്കും. ഒരു ലക്ഷം രൂപയിലധികം വാർഷിക വരുമാനമില്ലാത്ത, 50നും 65നുമിടിയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ആകെ വായ്പയുടെ 25 ശതമാനം സ്ത്രീകൾക്കും 25 ശതമാനം ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്കുമായി മാറ്റിവച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും 55 വയസ്സ് കഴിഞ്ഞ വിധവകൾക്കും മുൻഗണന ലഭിക്കും.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പാക്കുന്ന സംരംഭക സഹായ പദ്ധതികൾക്ക് ജില്ലാതലങ്ങളിൽ ലീഡ് ബാങ്കുകൾ നടത്തുന്ന തൊഴിൽ പരിശീലന കേന്ദ്രങ്ങൾവഴി സൗജന്യ പരിശീലനം നേടുന്നതിന് എംപ്ലോയ്മെന്റ് വകുപ്പ് അവസരം ഒരുക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാർക്കുള്ള കൈവല്യ
ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ പുനരധിവാസ പരിപാടിയാണ് കൈവല്യ . 2016 -ലാണ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയില്‍ വൊക്കേഷണല്‍, കരിയര്‍ ഗൈഡന്‍സ്, കപ്പാസിറ്റി ബില്‍ഡിംഗ്, മത്സര പരീക്ഷകള്‍ക്കുള്ള കോച്ചിംഗ് ക്ലാസുകള്‍, സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ എന്നിങ്ങനെ നാല് ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. പ്രായപരിധി 21 നും 55 നും ഇടയിലായിരിക്കണം. ഈ ഗുണഭോക്താക്കള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി സ്ഥിരമായ ഒഴിവുകളുടെ നാമനിര്‍ദ്ദേശത്തിനും അര്‍ഹതയുണ്ട്.
സ്വയംതൊഴിൽ സഹായ പദ്ധതികളുടെ അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്ന് ലഭ്യമാകും. അപേക്ഷാഫോം www.employmentkerala.gov.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡും ചെയ്യാം.
Discover Kerala’s five self-employment schemes for 2024: Multipurpose Job Club, KESRU, Sharanya, Kaivalya, and Navajeevan, empowering diverse groups for economic independence.