സ്വവസതിയിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റതിനു പിന്നാലെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കോടതി വിധിയുടെ രൂപത്തിലും തിരിച്ചടി. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സെയ്ഫ് അംഗമായ പട്ടൗഡി കുടുബത്തിന്റെ ഉടമസ്ഥതയിലുള്ള 15000 കോടി രൂപയോളം മൂല്യം വരുന്ന സ്വത്തുക്കളാണ് കോടതിവിധിയെ തുടർന്ന് നഷ്ടമാകുക. നേരത്തെ വസ്തു ശത്രുസ്വത്തായി (Enemy Property) മദ്ധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പട്ടൗഡി കുടുംബം നൽകിയ ഹർജിയാണ് ഇപ്പോൾ ഹൈക്കോടതി തള്ളിയിരിക്കുന്നത്.
പട്ടൗഡി കുടുംബം കൈവശം വെച്ചിരുന്ന വസ്തുക്കൾ ഇതോടെ ഗവൺമെന്റ് ഏറ്റെടുക്കാനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്. 2014ൽ കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപർട്ടി ഡിപാർട്മെന്റ് ആണ് പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കൾ ശത്രുസ്വത്തായി പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത്. വിഭജനകാലത്ത് ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് പോയി അവിടെ പൗരത്വം നേടിയവരുടെ ഇന്ത്യയിലെ സ്വത്താണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുക. 2015ൽ സെയ്ഫ് അലി ഖാൻ ഹൈക്കോടതിയെ സമീപിച്ച് വസ്തുക്കൾ ശത്രുസ്വത്തായി പ്രഖ്യാപിച്ചതിനെതിരെ സ്റ്റേ നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഈ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
Bollywood actor Saif Ali Khan faces a legal setback as the Madhya Pradesh High Court dismisses his petition over the Pataudi family’s Rs 15,000 crore property, declared as enemy property by the government.