യുഎഇയിൽ വമ്പൻ നിർമാണ പദ്ധതികൾ ആരംഭിക്കാനും യുഎസ്സിലേക്ക് കമ്പനി വ്യാപിപ്പിക്കാനും ശോഭ ഗ്രൂപ്പ്. ഈ വർഷം മാത്രം യുഎഇയിൽ എട്ട് മുതൽ 10 വരെ പുതിയ “മൾട്ടി ബില്യൺ ദിർഹം” പ്രോജക്ടുകൾ ആരംഭിക്കാനാണ് ശോഭ റിയാൽറ്റിയുടെ പദ്ധതി. ശോഭ റിയാൽറ്റിയെ യുഎസ് വിപണിയിലേക്ക് വ്യാപിപ്പിക്കാനും നീക്കമുണ്ടെന്ന് ശോഭ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി. മേനോൻ പറഞ്ഞു. സംരംഭകത്വത്തിനും സംരംഭകർക്കുമുള്ള മികച്ച അവസരങ്ങളാണ് യുഎഇ ഭരണാധികാരികളിൽ നിന്നും ലഭിക്കുന്നത്. ഈ പിന്തുണയിലൂടെ കഴിഞ്ഞ വർഷം മാത്രം നാല് പുതിയ മാസ്റ്റർ പ്ലാനുകളുടേയും നിരവധി ടവറുകളുടേയും നിർമാണം ആരംഭിക്കാനായതായും പി.എൻ.സി. മേനോൻ പറഞ്ഞു.
വിൽപനയിൽ 30 ശതമാനം വാർഷിക വളർച്ചയാണ് 2025ൽ ശോഭ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. മുപ്പത് ബില്യൺ ദിർഹംസിന്റെ വിൽപനയാണ് കമ്പനി ഈ വർഷം ലക്ഷ്യമിടുന്നത്. ദുബായിലെ പദ്ധതികളിൽ നിന്നു മാത്രം 22 ബില്യൺ ദിർഹംസ് വിൽപന പ്രതീക്ഷിക്കുന്നു. ഇതിനു പുറമേ ഉമ്മുൽ ഖുവൈൻ തുടങ്ങിയ സ്ഥലങ്ങളിലും നരവധി പദ്ധതികളുണ്ട്.
യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കും വ്യാപിക്കാനുള്ള ശ്രമത്തിലാണ് ശോഭ. യുഎസ്സിലേക്കുള്ള വ്യാപനത്തിന്റെ ഭാഗമായി ഡല്ലാസ്, ടെക്സാസ് എന്നിവിടങ്ങളിൽ കമ്പനി സ്ഥലം വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. റെസിഡൻഷ്യൽ പ്രൊജക്റ്റുകൾക്കാണ് ഇവിടെ പ്രാധാന്യം നൽകുന്നത്. യുഎസ് വലിയ സാധ്യതയാണ് കമ്പനിക്ക് തുറക്കുക എന്ന് പി.എൻ.സി. മേനോൻ പറഞ്ഞു.
Sobha Realty plans to launch multi-billion-dirham projects in the UAE, expand into the US with a residential project in Dallas, and explore opportunities in Australia.