സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം വാർഷിക ഉച്ചകോടിയോട് അനുബന്ധിച്ച് വിവിധ കമ്പനികളുമായി 6.25 ലക്ഷം കോടി രൂപയുടെ നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ച് മഹാരാഷ്ട്ര. ഓട്ടോമോട്ടീവ്, സ്റ്റീൽ, ഡിഫൻസ്, ഇവി, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലായി 31 കരാറുകളിലാണ് സംസ്ഥാനം ഒപ്പുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സാമ്പത്തിക ഫോറത്തിന് എത്തിയ വിവിധ കമ്പനികളുമായി ചർച്ച ചെയ്ത് സംസ്ഥാനത്തേക്ക് വൻ സംരംഭങ്ങൾക്കായി കരാർ നേടിയെടുത്തിരിക്കുന്നത്.
ടാറ്റ ഗ്രൂപ്പ്, സിയറ്റ്, എസ്സാർ റിന്യൂവബിൾസ്, ഭാരത് ഫോർജ്, വെൽസ്പൺ കോർപറേഷൻ, റിലയൻസ് ഇൻഫ്രാ, ഒലെക്ട്ര ഗ്രീൻടെക് തുടങ്ങിയ കമ്പനികളുമായാണ് മഹാരാഷ്ട്ര വമ്പൻ നിക്ഷേപ പദ്ധതികൾക്കായി കരാർ ഒപ്പുവെച്ചത്. ടാറ്റ ഗ്രൂപ്പ് സംസ്ഥാനത്ത് 30000 കോടി രൂപയുടെ നിക്ഷേപം നടത്തും. പുനരുത്പാദന ഊർജ രംഗത്തെ കമ്പനിയായ പവറിൻ ഊർജയുമായി (Powerin Urjaa) 15300 കോടിയുടെ നിക്ഷേപ പദ്ധതിയാണ് വരിക. ഇവി ബസ് നിർമാതാക്കളായ ഒലെക്ട്ര ഗ്രീൻടെക് മഹാരാഷ്ട്രയുമായി 3000 കോടി രൂപയുടെ ഇലക്ട്രിക് വാഹന പദ്ധതി കരാറാണ് ഒപ്പുവെച്ചത്.
Maharashtra signs 31 MoUs at the 2025 World Economic Forum, securing over Rs 6.25 lakh crore in investments from global companies in key sectors, aiming to boost its economy and position as India’s data center hub.