ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങളുടെ 20 യൂണിറ്റുകളിൽ ആദ്യത്തേത് ഏറ്റുവാങ്ങാൻ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. 2026 ആദ്യ പാദത്തിൽ വിമാനം ഏറ്റുവാങ്ങുമെന്നും ഇത് എയർലൈനിന്റെ വൈഡ്-ബോഡി ഫ്ലീറ്റ് വിപുലീകരണത്തിലെ പ്രധാന ഘട്ടമാണെന്നും എയർ ഇന്ത്യ പ്രതിനിധി പറഞ്ഞു. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ദീർഘദൂര അന്താരാഷ്ട്ര സർവീസുകളിലെ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി ഈ വിമാനം ഉപയോഗിക്കുമെന്നും എയർ ഇന്ത്യ പ്രതിനിധി കൂട്ടിച്ചേർത്തു.
നിലവിലെ ക്വാർട്ടർ അവസാനിക്കുന്നതിനു മുൻപ് വിമാനത്തിന്റെ ഡെലിവറി നടത്തുമെന്നും തുടർയൂണിറ്റുകളുടെ നിർമാണം ഇതിനകം ആരംഭിച്ചതായും ബോയിംഗ് കമ്പനി വ്യക്തമാക്കി. 2023ൽ എയർ ഇന്ത്യ നൽകിയ ഓർഡറിന്റെ ഭാഗമായാണ് ഈ ഡെലിവറി. അന്താരാഷ്ട്ര സർവീസുകൾ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ട്വിൻ-ഐൽ, ദീർഘദൂര വൈഡ്-ബോഡി വിമാനമാണ് ബോയിംഗ് 787-9 ഡ്രീംലൈനർ. നിലവിൽ എയർ ഇന്ത്യ ഉപയോഗിക്കുന്ന 787-8 മോഡലിനേക്കാൾ നീളം കൂടിയ ഫ്യൂസലാജും കൂടുതൽ പേലോഡ് ശേഷിയും മെച്ചപ്പെട്ട റേഞ്ചുമാണ് ഇവയ്ക്കുള്ളത്.
ത്രീ ക്ലാസ് ക്രമീകരണത്തിൽ 250 മുതൽ 290 വരെ യാത്രക്കാരെ കൊണ്ടുപോകാൻ വിമാനത്തിനു കഴിയും. പുതുക്കിയ ബ്രാൻഡ് ഇമേജിന് അനുസൃതമായി, വിപുലമായ പ്രീമിയം ഇക്കണോമി വിഭാഗവും മെച്ചപ്പെടുത്തിയ ബിസിനസ് ക്ലാസ് സൗകര്യങ്ങളും എയർ ഇന്ത്യ 787-9 വിമാനങ്ങളിൽ ഉൾപ്പെടുത്തും. അത്യാധുനിക കോമ്പോസിറ്റ് വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന 787-9, പഴയ വൈഡ്-ബോഡി വിമാനങ്ങളെ അപേക്ഷിച്ച് ഏകദേശം 20 ശതമാനം കൂടുതൽ ഇന്ധനക്ഷമത നൽകും. പുതുതലമുറ എൻജിനുകൾ കുറഞ്ഞ ഇന്ധന ഉപഭോഗവും കുറഞ്ഞ മലിനീകരണവും ശബ്ദരഹിതമായ പ്രവർത്തനവും ഉറപ്പാക്കും.
Air India is set to receive the first of 20 Boeing 787-9 Dreamliners in Q1 2026. The new aircraft will enhance long-haul travel with upgraded Business and Premium Economy classes
