എല്ലാ വിദ്യാർഥികൾക്കും കേന്ദ്ര സർക്കാർ സൗജന്യ ലാപ്ടോപ് നൽകുന്നതായി സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ഒരു സന്ദേശം പ്രചരിച്ചിരുന്നു.
കേന്ദ്ര പദ്ധതിയിൽ നിന്ന് ആനുകൂല്യം ലഭിക്കാൻ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാനും സന്ദേശത്തിൽ പറയുന്നു. എന്നാൽ സംഗതി വ്യാജവാർത്തയാണ് എന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയത്തിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ. ഇത്തരത്തിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് പിഐബി ഫാക്ട് ചെക്കിൽ പറയുന്നു. ഇതുപോലെയുള്ള സന്ദേശങ്ങൾ ലഭിച്ചാൽ അവ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് വന്നവയാണെന്ന് ഉറപ്പുവരുത്തണമെന്നും പിഐബി മുന്നറിയിപ്പ് നൽകുന്നു.
ഗെറ്റ് ഗവൺമെന്റ് ഫ്രീ ലാപ്ടോപ് എന്ന തലക്കെട്ടിലാണ് സന്ദേശം വാട്സ്ആപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത്. വിദ്യാർഥികൾക്ക് ലാപ്ടോപ് സൗജന്യമായി നൽകുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം അടക്കമുള്ള സന്ദേശത്തിൽ പറയുന്നത്. എന്നാൽ ഇത് വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന് കീഴിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഇത്തരം ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് ബോധവാൻമാരാകണം എന്നും പിഐബി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കേന്ദ്ര സർക്കാർ വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്ടോപ് നൽകുന്നതായി നേരത്തെയും വ്യാജ പ്രചാരണങ്ങളുണ്ടായിരുന്നു.
A viral claim about free laptops for students has been debunked by the PIB as a scam. Stay cautious and verify information through official sources to avoid fraud.