ഇന്ത്യ കണ്ട ഏറ്റവും വലിയ കോൺസർട്ടുകളാണ് ബ്രിട്ടീഷ് റോക്ക് ബാൻഡായ കോൾഡ്പ്ലേ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് നടത്തിയത്. അഹമ്മദാബാദിലെ സംഗീതപരിപാടിയിൽ മാത്രം ഒന്നര ലക്ഷത്തോളം പേരാണ് കാണികളായെത്തിയത്. ബോളിവുഡ് ഗായകൻ ദിൽജിത് ദോസഞ്ജ്, പോപ് ഗായകൻ ജസ്റ്റിൻ ബീബർ തുടങ്ങിയവരുടെ കോൺസർട്ടുകളുടെ റെക്കോർഡ് ആണ് കോൾഡ്പ്ലേ മറികടന്നത്. കോൾഡ്പ്ലേ സംഗീത പരിപാടികളെ അഭിനന്ദിച്ച് രംഗത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് കോൺസർട് സമ്പത് വ്യവസ്ഥയിൽ വലിയ ഭാവിയുണ്ടെന്ന് വിലയിരുത്തി.
സംസ്ഥാന സർക്കാറുകളും സ്വകാര്യ സ്ഥാപനങ്ങളും കോൺസർട് ഇക്കണോമിക്കായി കൂടുതൽ സൗകര്യങ്ങളും സാധ്യതകളും ഒരുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ലോകമെങ്ങുമുള്ള വലിയ കലാകാരൻമാരെ വരവേൽക്കാനായി ഇന്ത്യ സജ്ജമാണെന്നും മോഡി പറഞ്ഞു. ഉത്കർഷ് ഒഡീഷ കോൺക്ലേവിൽ സംസാരിക്കവേയാണ് മോഡി കോൺസർട് സമ്പത് വ്യവസ്ഥയെക്കുറിച്ചുള്ള നവീന ആശയം പങ്ക് വെച്ചത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ രാജ്യത്തെ കോൺസർട് രംഗം വൻ വളർച്ച നേടി. സംഗീതം, കല, നൃത്തം തുടങ്ങിയവയിൽ വലിയ പാരമ്പര്യമുള്ള രാജ്യം കോൺസർട് ഇക്കണോമിക്ക് അനുയോജ്യമാണെന്നും വൻ ടൂറിസം സാധ്യതകളും ഇതിലൂടെ തുറക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഇന്ത്യയുടെ വളർന്നുവരുന്ന കോൺസർട് ബിസിനസ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് പരസ്പരവിരുദ്ധമായ ചിത്രം കൂടി വരച്ചുകാട്ടുന്നതായി ചില സാമ്പത്തിക വിദഗ്ധർ പറയുന്നു.
കുത്തനെയുള്ള വിലയ്ക്ക് ടിക്കറ്റ് വാങ്ങി ആളുകൾ റെക്കോർഡ് സംഖ്യയിൽ കോൺസർട്ടുകളിൽ തടിച്ചുകൂടുമ്പോൾ അവശ്യ ചിലവുകൾ തടഞ്ഞുവയ്ക്കപ്പെടുകയാണ് എന്നാണ് വിലയിരുത്തൽ. രാജ്യത്ത് നഗര ഉപഭോഗം കുറയുമ്പോഴാണ് റെക്കോർഡ് കോൺസർട്ടുകൾ രംഗപ്രവേശം ചെയ്യുന്നത് എന്നത് വൈരുദ്ധ്യമാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.
Coldplay’s Ahmedabad concert set a record with 1.34 lakh fans, highlighting India’s booming concert economy despite slowing overall growth. Explore the paradox of premium consumption vs. mass-market decline.